കോഴിക്കോട്: താമരശേരി ചുരത്തിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ഏർപ്പെടുത്തിയ ഗതാഗത നിരോധനം നീക്കി. ഇന്നുമുതൽ ചരക്കുവാഹനങ്ങൾ ഉൾപ്പെടെ കയറ്റിവിടുമെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട് കളക്‌ടറേറ്റിൽ നടന്ന യോഗത്തിലാണ് തീരുമാനം.
ചരക്ക് വാഹനങ്ങൾക്ക് പ്രത്യേക ക്രമീകരണമൊരുക്കും. ഇരുവശങ്ങളിൽ നിന്നും ഒരേസമയം ചരക്കുവാഹനങ്ങൾ അനുവദിക്കില്ല. ഹെയർപിൻ വളവുകളിൽ സ്ളോട്ട് തീരുമാനിക്കും. മണ്ണിടിച്ചിലുണ്ടായ ഒൻപതാം വളവിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ചുരത്തിൽ നിരീക്ഷണം തുടരാനും കോഴിക്കോടുനിന്ന് റഡാറുകൾ എത്തിച്ച് പരിശോധന നടത്താനും യോഗത്തിൽ തീരുമാനമായി. കോഴിക്കോട് ജില്ലാ കളക്‌ടർ സ്‌നേഹിൽ കുമാർ സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊലീസ്, ഫയർഫോഴ്‌സ് തുടങ്ങിയവർ പങ്കെടുത്തു. കളക്‌ടർ താമരശേരി ചുരത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കളക്ടർ സ്ഥലം സന്ദർശിക്കാത്തതിൽ പ്രതിഷേധമയർന്നിരുന്നു.
മണ്ണിടിച്ചിലിനെത്തുടർന്ന് ചുരത്തിലൂടെ ആംബുലൻസ്, ആശുപത്രി, പാൽ, പത്രം, ഇന്ധനം തുടങ്ങി അടിയന്തര സർവീസുകൾ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ചുരത്തിന്റെ പ്രവേശന കവാടമായ ലക്കിടിയിലും അടിവാരത്തും വടംകെട്ടി പൊലീസ് റോഡടച്ചു. ചൊവ്വാഴ്ച രാത്രി ഇടിഞ്ഞ മണ്ണ് നീക്കി ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ ഇന്നലെ രാവിലെ എട്ടു മണിയോടെ മഴ ശക്തിപ്പെട്ടു. കല്ലും പാറകളും റോഡിലേക്ക് വീഴാൻ തുടങ്ങിയതോടെ വാഹനങ്ങൾ തടഞ്ഞിടുകയായിരുന്നു. ചുരത്തിൽ നീർച്ചാലുകൾ രൂപപ്പെട്ടതിനാൽ അപകടസാദ്ധ്യത നിലനിൽക്കുന്നത് കണക്കിലെടുത്താണ് ഗതാഗത നിരോധനം ഏർപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |