SignIn
Kerala Kaumudi Online
Sunday, 31 August 2025 3.02 PM IST

വെള്ളാപ്പള്ളി നടേശന് 89-ാം പിറന്നാൾ, സമാനതകളില്ലാത്ത സംഘടനാ സാരഥ്യം

Increase Font Size Decrease Font Size Print Page
vellappaliy

മലയാളിയുടെ ജീവിതത്തിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി നിലപാടുകൾകൊണ്ട് നിറസാന്നിദ്ധ്യമാണ് എസ്. എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മികവുറ്റ സംഘാടനത്തിലൂടെയും മുഖം നോക്കാതെയുള്ള തുറന്നു പറച്ചിലുകളിലൂടെയും നമ്മുടെ സാമൂഹിക വൃത്തത്തിൽ സവിശേഷമായ ഒരിടം എന്നും അദ്ദേഹത്തിനുണ്ട്. വീണ്ടുമൊരു പിറന്നാൾ ദിനം കൂടി അദ്ദേഹത്തെ തേടിയെത്തുമ്പോൾ പിന്നിട്ട കാലത്തെ ചരിത്ര വർത്തമാനങ്ങൾ കൂടി നാം ഓർമ്മിക്കേണ്ടത് അനിവാര്യമാണ്. എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായും, എസ്. എൻ ട്രസ്റ്റിന്റെ സെക്രട്ടറിയായും1996-ലാണ് അദ്ദേഹം കടന്നുവന്നത്. അതുല്യമായ സംഘാടന മികവ്, ഇച്ഛാശക്തി, എകോപനശേഷി, ഉൾക്കാഴ്ച തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു.

സ്ഥാനാരോഹണത്തിനു ശേഷം ചുരുങ്ങിയ കാലംകൊണ്ട് പിന്നാക്ക ജനതയുടെ സാമൂഹിക ശബ്ദമാവാൻ അദ്ദേഹത്തിനായി. ഏതൊരു ജനതയും അനീതിക്കെതിരെ ജ്വലിച്ച് ജീവിക്കുമ്പോഴാണ് നാട്ടിൽ സാമൂഹികനീതി പുലരുന്നതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. മുൻ മുഖ്യമന്ത്രി എ.കെ ആന്റണിയുടെ 'നേതാവില്ലാത്ത സമുദായം" എന്ന പരാമർശത്തിന് സുസജ്ജമായ സംഘടനാ സംവിധാത്തിന്റെ വിപുലീകരണത്തിലൂടെ മറുപടി നൽകുവാൻ വൈകാതെ അദ്ദേഹത്തിനായി.

സമുദായത്തെ സുശക്തമാക്കി

ഇന്ന്, നമ്മുടെ രാജ്യത്തിനു പോലും അവഗണിക്കുവാനാവാത്ത സമുദായ ശക്തിയാക്കി ഗുരുദേവന്റെ കാഴ്ചപ്പാടിനനുസരിച്ച് മാറ്റിയെടുക്കുവാൻ പ്രസ്ഥാനത്തിലൂടെ അദ്ദേഹത്തിന് സാധിച്ചു. 1996-ൽ എസ്.എൻ. ഡി. പി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായി അദ്ദേഹം വന്ന വേളയിൽ അന്നുണ്ടായിരുന്ന 3882 ശാഖകൾ ഇന്ന് 6500-ൽപ്പരമായി വ്യാപിച്ചു. ഒപ്പം, 58 യൂണിയനുകളിൽ നിന്ന് രാജ്യത്തിനകത്തും പുറത്തുമായി 138 യൂണിയനുകളായും വളർത്തിയെടുക്കുവാനായി. ആദ്യകാലത്ത് നിലനിന്നിരുന്ന ത്രിതല സംവിധാനമായ യോഗം, യൂണിയൻ, ശാഖ എന്നതിൽ നിന്നു മാറി,​ പഞ്ചതല സംവിധാനമായ യോഗം, യൂണിയൻ, ശാഖ, കുടുംബ യൂണിറ്റ്, മൈക്രോ ഫിനാൻസ് യൂണിറ്റ് തുടങ്ങിയ തലങ്ങളിലേക്കു കൂടി അദ്ദേഹത്തിന് സംഘടനയെ വിപുലീകരിക്കുവാനായി.

അത്തരമൊരു സംഘടനാ സംവിധാനത്തെ എണ്ണയിട്ട യന്ത്രം പോലെ കേരളത്തിലങ്ങോളമിങ്ങോളം മൂന്നു പതിറ്റാണ്ടായി ചലിപ്പിക്കുവാനാവുന്നു എന്നത് അദ്ദഹത്തിന്റെ വേറിട്ട സംഘടനാ വൈഭവംകൊണ്ടു മാത്രമാണ്. മൈക്രോഫിനാൻസ് സംരംഭങ്ങൾ രാഷ്ട്രത്തിനുതന്നെ മാതൃകയായ സാമ്പത്തിക വിപ്ലവമായിരുന്നു. ചുരുങ്ങിയത് പതിനായിരം കോടിയുടെ ക്രയവിക്രയം നടക്കുന്ന മൈക്രോ ഫിനാൻസിന്റെ ഭാഗമായി ചെറുതും വലുതുമായ മൂന്നു ലക്ഷത്തിൽപ്പരം യോഗങ്ങൾ നടക്കുന്നുവെന്നത് ഒരുപാട് ശാഖാംഗങ്ങളുടെ ജീവിതത്തിന് സാമൂഹികമായ പുത്തൻ ഉണർവേകിയിട്ടുണ്ട്.

ജാമ്യ വ്യവസ്ഥയൊന്നുമില്ലാതെയുള്ള ക്രയവിക്രയങ്ങൾ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ശാക്തീകരണത്തിന് വലിയൊരളവുവരെ സഹായകമായിട്ടുണ്ട്. എസ്.എൻ.ഡി.പി യോഗത്തിന്റെയും ട്രസ്റ്റിന്റെയും സാരഥ്യമേറ്റെടുക്കുമ്പോൾ അന്നുണ്ടായിരുന്ന 42-ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന്,​ ഇന്നത് 138-ൽപ്പരം സ്ഥാപനങ്ങളായി വർദ്ധിപ്പിക്കുവാനായി എന്നത് സാമൂഹികമായ ഉൾക്കാഴ്ചയുടെയും,​ സംഘടനാബലത്തിന്റെ സ്വാധീനശേഷിയും കൊണ്ടു മാത്രമാണ്. അദ്ദേഹം നേതൃത്വം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ഇന്ന് ഹൈടെക് ആയി മാറി. ശോചനീയവസ്ഥയിലായിരുന്ന കൊല്ലത്തെ എസ്.എൻ.ഡി.പി യോഗം ഓഫീസും എസ്. എൻ ട്രസ്റ്റ് ഓഫീസും ആധുനികവൽക്കരിക്കപ്പെട്ടു.

യൂണിയൻ, ശാഖാ ഓഫീസുകൾ ഏറക്കുറെ സ്വന്തം കെട്ടിടങ്ങളിൽ പ്രവർത്തനം ആരംഭിക്കുവാനായി. ഒട്ടുമിക്ക ഗുരുമന്ദിരങ്ങളും ഗുരുക്ഷേത്രങ്ങളായി ഉയർത്തിയെടുത്തു. മികച്ച വിജയ ശതമാനവും വൈവിദ്ധ്യമാർന്ന കോഴ്സുകളും യോഗത്തിന്റെയും ട്രസ്റ്റിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം ഇന്ന് കാണാവുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള റോഡുകൾ ഉൾപ്പെടെ അടിസ്ഥാനസൗകര്യ വികസന രംഗത്ത് മൂന്നുപതിറ്റാണ്ടുകൾ കൊണ്ട് ശ്രദ്ധേയമായ മുന്നേറ്റം നേടുവാനായി. നിർദ്ധനർക്കുള്ള ഭവന പദ്ധതികളും, വിദ്യാർത്ഥികൾക്കുള്ള സൗജന്യ പഠനപദ്ധതികളും ഒപ്പം മറ്റനേകം പൊതുക്ഷേമ പദ്ധതികളും അദ്ദേഹത്തിന് വിഭാവനം ചെയ്യുവാനും പ്രാവർത്തികമാക്കുവാനും സാധിക്കുന്നുണ്ട്.

ഇച്ഛാശക്തിയും നേതൃപാടവവും

സംസ്ഥാനത്തെ ഒരു സർവകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നൽകുവാൻ ഭരണകൂടത്തെ പ്രേരിപ്പിക്കുവാൻ അദ്ദേഹത്തിനായി എന്നതും നേതൃപാടവത്തിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ്. 'സംഘടനകൊണ്ട് ശക്തരാവുക, വിദ്യകൊണ്ട് പ്രബുദ്ധരാവുക" എന്ന ഗുരുദേവ ദർശനത്തെ പൂർണമായി ഉൾക്കൊണ്ട് പ്രാവർത്തികമാക്കുവാൻ ജീവിതപാതയിൽ അദ്ദേഹത്തിന് അക്ഷരാർത്ഥത്തിൽ സാധിച്ചിട്ടുണ്ട്. സാമൂഹിക നീതിയും യാഥാർത്ഥ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തന്റേതായ ശൈലിയിൽ എവിടെയും തുറന്നടിച്ചു പറയുന്നത് അദ്ദേഹത്തെ എന്നും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കാറുണ്ട്.

സത്യങ്ങളും, അപ്രിയ സത്യങ്ങളും ഒരുപോലെ വിളിച്ചുപറഞ്ഞപ്പോൾ പല ഘട്ടങ്ങളിലും അമർഷത്തിന്റെയും വെറുപ്പിന്റെയും ജ്വാലകൾ പലകോണുകളിൽ നിന്നും അദ്ദേഹത്തിനെതിരെ ആളിപ്പടർന്നിട്ടുണ്ട്. പ്രതിസന്ധികളിൽ പതറാതെയും ഇടറാത്ത ഇച്ഛാശക്തിയോടെയും ഇനിയുമേറെ മുന്നേറാൻ അദ്ദേഹത്തിനാവട്ടെ. സമാനതകളില്ലാത്ത അദ്ദേഹത്തിന്റെ നേതൃപാടവത്തിനുള്ള ആദരാർപ്പണം കൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ പങ്കെടുപ്പിച്ച് സംസ്ഥാനത്തുടനീളം കഴിഞ്ഞ കുറേ നാളുകളായി നൽകിവരുന്ന സ്വീകരണങ്ങൾ.

പ്രത്യാശകളും പ്രതിസന്ധികളും ഒരുപോലെ ചിറകുവിരിക്കുന്ന ഇന്നിന്റെ സാമൂഹിക മണ്ഡലത്തിലും, ഗുരുദേവദർശനത്തെ ആത്മാവിൽ ആവാഹിച്ച്, തന്റേതായ ബോദ്ധ്യങ്ങളിൽ അടിയുറച്ചു നിന്ന് നെഞ്ചുറപ്പോടെയും നേരറിവോടെയും അദ്ദേഹം പ്രയാണം തുടരുകയാണ്. പുതിയ കാലത്തിന്റെ പ്രതീക്ഷകളെ ഉൾക്കൊണ്ടും, നാനാവിധങ്ങളായ വെല്ലുവിളികളെ തന്മയത്വത്തോടെ അതിജീവിച്ചും, കർമ്മധീരവും ജനപ്രിയവുമായ ആ ധന്യജീവിതം നമുക്ക് താങ്ങായി, തണലായി ഇനിയുമേറെ കാലം കൂടെയുണ്ടാവട്ടെ!

(ചെമ്പഴന്തി എസ്.എൻ കോളേജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ. ഫോൺ: 85475 26642)

TAGS: VELLAPALLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.