തിരുവനന്തപുരം: സംസ്ഥാനത്തെ കനിവ് 108 ആംബുലൻസ് സർവീസ് നടത്തി വന്ന ജി.വി.കെ ഇ.എം.ആർ.ഐയെ സർക്കാർ പദ്ധതി ഏൽപ്പിച്ചത് അയോഗ്യത മറച്ചു വച്ചെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. 2019-ൽ ലഭിച്ച 250 കോടിയുടെ കമ്മീഷനുള്ള സ്മരണയാണിത്.കർണാടകയിൽ ആംബുലൻസ് സർവീസ് നടത്തിപ്പിന്റെ ടെൻഡറിന് വ്യാജരേഖകൾ സമർപ്പിച്ചതിന്റെ പേരിൽ ഈ കമ്പനിയെ രണ്ടു വർഷത്തേക്ക് ഡീബാർ ചെയ്തതിന്റെയും, മേഘാലയയിൽ ഇവരെ സർവീസിൽ നിന്ന് നീക്കം ചെയ്തതിന്റെയും രേഖകളും അദ്ദേഹം പുറത്തു വിട്ടു.
ടെൻഡർ ചട്ടങ്ങൾ പ്രകാരം, ഏതെങ്കിലും സർക്കാർ വിലക്കേർപ്പെടുത്തിയ സ്ഥാപനങ്ങൾക്ക് കരാറിൽ പങ്കെടുക്കാൻ അർഹതയില്ല.ഈ സ്ഥാപനം ടെൻഡറിൽ പങ്കെടുക്കുന്നതിന് അയോഗ്യരാണെന്നും സുപ്രധാന വിവരങ്ങൾ മറച്ചു വച്ച് അധികൃതരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമുള്ള പരാതി മെഡിക്കൽ സർവീസസ് കോർപ്പറേഷന് ലഭിച്ചിരുന്നതാണ്. 2023 നവംബർ 21 മുതൽ 2025 നവംബർ 21 വരെയാണ് ഈ വിലക്ക് നിലവിലുള്ളത്. പ്രവർത്തനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി മേഘാലയ സർക്കാർ 2022 ആഗസ്റ്റിൽ കമ്പനിയുടെ 108 ആംബുലൻസ് പദ്ധതിയുടെ പ്രവർത്തനം അവസാനിപ്പിച്ചു . 2010ൽ രാജസ്ഥാനിൽ സമാനമായ കരാർ റദ്ദാക്കിയ കാര്യവും മറച്ചു വച്ചു. ടെൻഡറിനൊപ്പം കമ്പനി സമർപ്പിച്ച രേഖകളിൽ തങ്ങൾക്കെതിരെ നിയമ നടപടികളോ വിലക്കുകളോ ഇല്ലെന്ന് സത്യവാങ്മൂലം നൽകിയത് ചട്ട ലംഘനമാണെന്ന് പരാതിക്കാർ ധരിപ്പിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. ആദ്യത്തെ അഞ്ചു വർഷ കാലാവധി 2024 മാർച്ചിൽ അവസാനിച്ചെങ്കിലും പുതിയ ടെണ്ടർ വിളിക്കാതെ ആ ഭീമമായ തുകയ്ക്ക് തന്നെ ഒന്നേ കാൽ വർഷം കൂടി സർക്കാർ അനധികൃതമായി കരാർ നീട്ടിക്കൊടുത്തതായും ചെന്നിത്തലചൂണ്ടിക്കാട്ടി.
കേന്ദ്ര ചട്ടവും ലഘിച്ചു
കനിവ് 108 ആംബുലൻസ് സർവീസ് പദ്ധതി നടത്തിപ്പ് കരാർ നൽകിയ ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് കഴിഞ്ഞ മൂന്നു വർഷത്തിനിടെയുണ്ടായ വിലക്കുകളോ നിയമലംഘനങ്ങളോ വെളിപ്പെടുത്തണമെന്ന് നിർദേശിക്കുന്ന കേന്ദ്ര പൊതു സാമ്പത്തികച്ചട്ടവും ലംഘിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
നാലു കമ്പനികളാണ് ഇത്തവണ ടെൻഡറിൽ പങ്കെടുത്തതെന്നും ഇതിൽ ഒരു കമ്പനിയെ അയോഗ്യരാക്കി എന്നും മെഡിക്കൽ സർവീസസ് കോർപറേഷൻ സമ്മതിക്കുന്നു. ഗ്രാൻഡ് തോൺസണെന്ന സ്വകാര്യ കൺസൽട്ടൻസിയാണ് ടെൻഡർ രേഖകൾ പരിശോധിച്ചത്.
വിഷയത്തിൽ മെഡിക്കൽ സർവീസസ് കോർപറേഷൻ വിശദമായ അന്വേഷണം നടത്താത്തതും ,കമ്പനിയെ സഹായിക്കാൻ മുന്നിട്ടിറങ്ങുന്നതും ദുരൂഹമാണെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |