കോഴിക്കോട് : എഡി.ജി.പി എം.ആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിഷയത്തിൽ വിജിലൻസ് കോടതിയുടെ വിമർശനം നേരിട്ട മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡി.സി.സിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജിലൻസ് മാന്വലിന് വിരുദ്ധമായി പ്രവർത്തിക്കുകയും അധികാരമില്ലാതിരിക്കെ തന്നെ വിജിലൻസ് റിപ്പോർട്ടിൽ ഇടപെട്ട് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കുകയും ചെയ്യുന്ന അസാധാരണ നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. വിജിലൻസ് പ്രവർത്തിക്കുന്നത് വിജിലൻസ് മാന്വൽ അനുസരിച്ചാണ്. ഈ മാന്വൽ അനുസരിച്ച് അജിത് കുമാറിനെതിരെയുള്ള കേസ് വിജിലൻസ് അന്വേഷിച്ചു കഴിഞ്ഞാൽ ആ റിപ്പോർട്ട് സമർപ്പിക്കണ്ടത് കോടതിയിലാണ്. കോടതി പരിശോധിച്ച ശേഷമാണ് മറ്റു നടപടികൾ ഉണ്ടാകേണ്ടത്. വിജിലൻസിന്റെ ചുമതലയുള്ള ആഭ്യന്തര മന്ത്രിക്ക് അഡ്മിനിസ്‌ട്രേറ്റിവ് ആയ കാര്യങ്ങളിൽ മാത്രമേ ഇടപെടാൻ അധികാരമുള്ളു. കേസുകളിൽ ഇടപെടാൻ അധികാരമില്ല. ക്ലീൻ ചീറ്റ് നൽകാനും അധികാരമില്ല. അജിത് കുമാറിനെ കുറ്റവിമുക്തനാക്കാനുള്ള ധൃതിയാണ് മുഖ്യമന്ത്രി നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് താൻ പി.വി അൻവറുമായി ചർച്ച നടത്തിയത് എന്ന് അജിത് കുമാർ മൊഴിയിൽ പറയുന്നുണ്ട്. ആർ.എസ്.എസ് നേതാക്കളെ മുഖ്യമന്ത്രിക്കു വേണ്ടി കണ്ട് ചർച്ച ചെയ്തതും ബി.ജെ.പിയെ ജയിപ്പിക്കാൻ തൃശൂർ പൂരം കലക്കിയതും അജിത് കുമാർ തന്നെയാണ്. ഇതൊക്കെ ചെയ്തത് മുഖ്യമന്ത്രിക്കു വേണ്ടിയായതു കൊണ്ടാകണം അജിത് കുമാറിന് ക്ളീൻ ചിറ്റ് നൽകാൻ തന്റെ അധികാരപരിധിക്കു പുറത്തുള്ള അധികാരം മുഖ്യമന്ത്രി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ എം.കെ രാഘവൻ എം.പി, ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാർ, അഡ്വ. കെ. ജയന്ത്, എൻ. സുബ്രഹ്മണ്യൻ, അഡ്വ. എം. രാജൻ എന്നിവർ പങ്കെടുത്തു.
വിജി. കോടതി വിധിയിൽ
പിണറായിക്ക് മിണ്ടാട്ടമില്ലേ:
വി.ഡി. സതീശൻ
തൊടുപുഴ: പണ്ട് ഹൈക്കോടതിയുടെ പരോക്ഷ പരാമർശത്തിൽ കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട പിണറായി വിജയന് ഇപ്പോഴത്തെ ജിലൻസ് കോടതി വിധിയിൽ എന്ത് പറയാനുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു. മുഖ്യമന്ത്രി സ്വജനപക്ഷപാതവും അധികാരദുർവിനിയോഗവും നടത്തിയെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. അന്ന് കെ.എം. മാണിയോട് ചെയ്തതിനുള്ള കണക്ക് കാലം ചോദിച്ചു കൊണ്ടിരിക്കുകയാണ്. ആർ.എസ്.എസ് നേതാക്കളുമായി അവിഹിത ബാന്ധവമുണ്ടാക്കാൻ മുഖ്യമന്ത്രി നിയോഗിച്ച ആളാണ് എം.ആർ. അജിത്കുമാർ. മുഖ്യമന്ത്രിയുടെ ആളായി തൃശൂരിലെത്തി പൂരം കലക്കി സുരേഷ് ഗോപിയെ ജയിപ്പിക്കാൻ കൂട്ടുനിന്നതും ഇതേ ഉദ്യോഗസ്ഥനാണ്. മുഖ്യമന്ത്രിയുടെ ദുരുദ്ദേശ്യങ്ങൾക്ക് കുടപിടിച്ച ഉദ്യോഗസ്ഥനെ രക്ഷിക്കാനാണ് വിജിലൻസ് ശ്രമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |