തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 108 ആംബുലൻസ് ഓപ്പറേറ്റ് ചെയ്യാനുള്ള ഇടപാടിൽ 250 കോടിയൊളം രൂപയുടെ കമ്മിഷൻ തട്ടിപ്പ് നടന്നെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.
2019-24ൽ കാബിനറ്റിന്റെ പ്രത്യേക അനുമതിയോടെ 517 കോടി രൂപയ്ക്കാണ് 315 ആംബുലൻസുകളുടെ നടത്തിപ്പ് സെക്കന്തരാബാദിലെ ബഹുരാഷ്ട്ര കമ്പനിക്കു നൽകിയത്. പിന്നീട് ഒരു ആംബുലൻസ് കൂടി ചേർത്തു. എന്നാൽ 2025-30 കാലത്തേക്ക് 335 ആംബുലൻസുകളുടെ നടത്തിപ്പിന് ഇതേ കമ്പനി ടെൻഡർ ചെയ്തിരിക്കുന്നത് 293 കോടി മാത്രം. ചെലവ് വർദ്ധിച്ചിട്ടും കഴിഞ്ഞ തവണത്തേതിന്റെ പകുതി തുകയിൽ കൂടുതലെണ്ണം ഓടിക്കാൻ കമ്പനി തയ്യാറായിരിക്കുന്നു. അപ്പോൾ, 2019 ലെ പ്രത്യേക കാബിനറ്റ് അനുമതിയിൽ വൻ അഴിമതി നടന്നെന്ന് വ്യക്തം. മുഖ്യമന്ത്രിക്കും അന്നത്തെ ആരോഗ്യ മന്ത്രിക്കും ഈ ഇടപാടിൽ പങ്കുണ്ടെന്നും ഇതുസംബന്ധിച്ച രേഖകൾ പുറത്തുവിട്ട് ചെന്നിത്തല പറഞ്ഞു. കമ്മിഷൻ ഗുണഭോക്താക്കൾ ആരൊക്കെയെന്ന് ഇരുവരും വ്യക്തമാക്കണം.
സെക്കന്തരാബാദിലെ ജി.വി.കെ ഇ.എം.ആർ.ഐ എന്ന കമ്പനിക്കാണ് 2019 ൽ രണ്ടിരട്ടി തുകയ്ക്ക് കരാർ നൽകിയത്. ആദ്യം ടെൻഡർ നൽകിയ രണ്ടു കമ്പനികളിൽ ഒന്നിനെ അയോഗ്യമാക്കിയ ശേഷം ടെൻഡർ തന്നെ റദ്ദാക്കി. രണ്ടാമത് ക്ഷണിച്ച ടെൻഡറിൽ ജി.വി.കെ മാത്രമായിരുന്നു പങ്കെടുത്തത്. എന്നിട്ടും അവരുടെ ടെൻഡർ അംഗീകരിച്ചു.
ഇന്ധനവിലയിലും സ്പെയർപാർട്സ് വിലയിലും അഞ്ചു വർഷം മുമ്പത്തേക്കാൾ 30 ശതമാനം വർദ്ധന ഉണ്ടായിട്ടും കഴിഞ്ഞ വർഷത്തേക്കാൾ 43 ശതമാനം തുക കുറച്ചാണ് ഇപ്പോൾ ക്വോട്ട് ചെയ്തിരിക്കുന്നത്.
അനർട്ട് ക്രമക്കേട് അന്വേഷിക്കണം: ചെന്നിത്തല
അനർട്ടിൽ നടന്ന ക്രമക്കേടുകളെക്കുറിച്ച് നിയമസഭാ സമിതിയും വിജിലൻസും അന്വേഷിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ക്രമക്കേടുകൾ നടത്തിയെന്ന ആരോപണവിധേയനായ വ്യക്തിയെ സി.ഇ.ഒ.സ്ഥാനത്തു
നിന്ന് നീക്കിയത് കൊണ്ട് മാത്രം പരാതികൾ അവസാനിക്കില്ല.കോടിക്കണക്കിന് രൂപയുടെ അഴിമതിയും ക്രമക്കേടുമാണ് നടന്നത്.ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ കാലങ്ങളായി ഭരണത്തിലെ ചില ഉന്നതരും മന്ത്രിമാരും സംരക്ഷിക്കുകയായിരുന്നു. ഈ ഉദ്യോഗസ്ഥൻ വനം വകുപ്പിലിരിക്കെ നടത്തിയ ക്രമക്കേടുകൾ കണ്ടു പിടിക്കപ്പെട്ടിരുന്നു.അതിൻമേൽ 2022ൽ അച്ചടക്ക നടപടിയെടുക്കാൻ നിർദ്ദേശിച്ചിരുന്നു.എന്നാൽ ആ ഫയൽ 188തവണയാണ് മന്ത്രിമാരും സെക്രട്ടറിമാരും തീരുമാനമെടുക്കാതെ മാറ്റി വച്ചത്.ഇത്തരത്തിലുള്ള സർക്കാർ സംരക്ഷണ പരിപാടികൾ പിൻവലിച്ച് അഴിമതിക്കെതിരെ നടപടിയെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |