കൊച്ചി: ആഗോള വ്യാപാര പ്രതിസന്ധികളെ അതിജീവിച്ച് ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനം (ജി.ഡി.പി) നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസത്തിൽ 7.8 ശതമാനം വളർച്ചനേടി. 15 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ച.
ഇന്ത്യയുടേത് ഡെഡ് ഇക്കോണമി എന്നാക്ഷേപിച്ച യു.എസിന് 3.3 % വളർച്ച നേടാനേ ആയുള്ളൂ. ചൈനയുടെ വളർച്ച 5.2 ശതമാനം. 50 ശതമാനം ഇറക്കുമതി തീരുവ അടിച്ചേൽപ്പിച്ച് തളർത്താൻ യു.എസ് പ്രസിഡന്റ് ട്രംപ് ശ്രമിക്കുമ്പോഴാണ് ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുന്നത്.
റിസർവ് ബാങ്കിന്റെ 6.5 ശതമാനമെന്ന പ്രവചനം മറികടന്ന മുന്നേറ്റമാണ് ഏപ്രിൽ- ജൂണിൽ ഉണ്ടായത്. സേവന മേഖലയിലെ 9.3 ശതമാനം വളർച്ചയാണ് കരുത്തായത്. വ്യവസായത്തിൽ 7.7 ശതമാനവും നിർമ്മാണ രംഗത്ത് 7.6 ശതമാനവും വളർച്ചയുണ്ടായി. കാർഷിക ഉത്പാദനം 3.7 ശതമാനം ഉയർന്നു. ഖനനമേഖലയിൽ 3.1 ശതമാനം ഇടിവുണ്ടായി.
കരുത്തായത് ആഭ്യന്തര വിപണി
1. വിപുലമായ ആഭ്യന്തര വിപണിയും ഇടത്തരക്കാരുടെ ഉയർന്ന വാങ്ങൽ ശേഷിയും കരുത്തായി
2. കാർഷിക ഉത്പാദനം മെച്ചപ്പെട്ടതോടെ വിലക്കയറ്റം കുറഞ്ഞതിനാൽ ഉപഭോഗം കൂടുന്നു
3. മുഖ്യ പലിശ നിരക്ക് ഒരുശതമാനം കുറഞ്ഞതോടെ വ്യവസായ നിക്ഷേപം ഉയരുന്നു
റെക്കാഡ് താഴ്ചയിൽ രൂപ
ട്രംപിന്റെ 50 ശതമാനം തീരുവ ഭീഷണിയുടെ ആശങ്കയിൽ രൂപയുടെ മൂല്യം റെക്കാഡ് താഴ്ചയിലെത്തി. ഇന്നലെ ഡോളറിനെതിരെ രൂപ 65 പൈസയുടെ നഷ്‌ടത്തോടെ 88.21ലെത്തി.
വളർച്ച ഇങ്ങനെ
2024 ജൂലായ് -സെപ്തംബർ: 5.4%
2024 ഒക്ടോബർ-ഡിസംബർ: 5.6%
2025 ജനുവരി-മാർച്ച്: 7.4%
ഏപ്രിൽ-ജൂൺ: 7.8%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |