ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗുമായി നടത്തിയ കൂടിക്കാഴ്ചയെ വിമർശിച്ച് കോൺഗ്രസ്. ഇപ്പോൾ രൂപപ്പെട്ടിരിക്കുന്ന 'ന്യൂ നോർമലി'നെ ചൈനയുടെ ഭീഷണിയും മോദി സർക്കാരിന്റെ നട്ടെലില്ലായ്മയുമായി കാണണമെന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു.
ചൈനയുമായി അടുക്കാനുള്ള മോദി സർക്കാരിന്റെ നീക്കം അതിർത്തിയിലെ അവരുടെ കടന്നുകയറ്റത്തെ അംഗീകരിക്കുന്നതുപോലെയായി. 2020ൽ ഗാൽവാൻ താഴ് വരയിൽ 20 ഇന്ത്യൻ സൈനികരുടെ ജീവനാണ് ചൈനീസ് ആക്രമണത്തിൽ നഷ്ടമായത്. അതിനുപിന്നാലെ മോദി ചൈനയ്ക്ക് ക്ലീൻ ചിറ്റ് നൽകുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ചൈന പാകിസ്ഥാനുമായി ചേർന്ന് നടത്തിയ 'ജുഗൽബന്ധി' സംബന്ധിച്ച് 2025 ജൂലായ് നാലിന് ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ രാഹുൽ സിംഗ് വെളിപ്പെടുത്തിയിരുന്നു. ഈ 'അവിശുദ്ധ സഖ്യ'ത്തിന് മറുപടി നൽകുന്നതിന് പകരം ചൈന സന്ദർശിച്ച് അതിനെ നിശ്ശബ്ദമായി അംഗീകരിക്കുകയാണ് മോദി ചെയ്തത്. യാർലുങ് സാങ്‌പോ നദിയിൽ ചൈന നടപ്പാക്കുന്ന ജലവൈദ്യുത പദ്ധതി ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇതിനെക്കുറിച്ച് മോദി ഒന്നും പറഞ്ഞിട്ടില്ല. ചൈനയിൽ നിന്ന് വൻതോതിൽ ഇറക്കുമതി നടക്കുന്നത് ഇന്ത്യയിലെ ചെറുകിട, ഇടത്തരം വ്യവസായങ്ങളെ തകർക്കുന്നതാണെന്നും പറഞ്ഞു.
ഇന്ത്യ-ചൈന സഹകരണം ഗുണകരം: സി.പി.എം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് സി.പി.എം. ഇന്ത്യ -ചൈന സഹകരണം ലോകത്തിന് ഗുണകരമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. ചൈനയിലെ ടിയാൻജിനിൽ നിന്ന് വരുന്ന വാർത്തകൾ സന്തോഷകരമാണ്. ഇന്ത്യ-ചൈന ബന്ധം ശക്തിപ്പെടുന്നത് ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |