തിരുവനന്തപുരം: സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിക്ക് യാതൊരു പങ്കുമുണ്ടാവരുതെന്ന് ആവശ്യപ്പെട്ട് ഗവർണർ ആർ.വി.ആർലേക്കർ സുപ്രീംകോടതിയിൽ ഉപഹർജി നൽകി. ഡിജിറ്റൽ, സാങ്കേതിക വി.സി നിയമനങ്ങൾക്കായി സുപ്രീംകോടതി സെർച്ച്കമ്മിറ്റി രൂപീകരിച്ച് മുന്നോട്ടുപോകവേയാണ് ഗവർണറുടെ എതിർഹർജി. വി.സി നിയമനത്തിന് സെർച്ച്കമ്മിറ്റി പാനൽ തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറാനും അതിൽ മുഖ്യമന്ത്രി നിർദ്ദേശിക്കുന്ന മുൻഗണനാക്രമം ഗവർണർ അംഗീകരിക്കണമെന്നുമാണ് സുപ്രീംകോടതി ഉത്തരവ്. ഇതിൽ ഭേദഗതികൾ ആവശ്യപ്പെട്ടുള്ള ഉപഹർജിയാണ് ഇന്നലെ ഫയൽ ചെയ്തത്. ഉപഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമനത്തിനുള്ള പാനൽ മുഖ്യമന്ത്രിക്ക് കൈമാറാനാവില്ലെന്നും സെർച്ച്കമ്മിറ്റി നേരിട്ട് ഗവർണർക്ക് പാനൽ നൽകണമെന്നുമാണ് ഹർജിയിൽ ഗവർണർ ആവശ്യപ്പെടുന്നത്. പാനലിലെ മുൻഗണനാക്രമം പാലിച്ചായിരിക്കണം നിയമനം നടത്തേണ്ടതെന്ന നിർദ്ദേശത്തെയും എതിർക്കുന്നുണ്ട്. പാനലിലുള്ളവരെല്ലാം വി.സിയാവാൻ യോഗ്യരാണെന്നും അതിൽനിന്ന് ഗവർണർക്ക് സ്വന്തം വിവേചനാധികാരമുപയോഗിച്ച് നിയമനം നടത്താനാവണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
റിട്ട.ജഡ്ജി സുധാൻഷു ധൂലിയയെ അദ്ധ്യക്ഷനാക്കി സുപ്രീംകോടതി നിയോഗിച്ച സെർച്ച്കമ്മിറ്റിയെ ഗവർണർ എതിർക്കുന്നില്ല. എന്നാൽ കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധിയെ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണെന്ന് നിലപാടെടുത്തു. യു.ജി.സി പ്രതിനിധിയില്ലാത്ത സെർച്ച്കമ്മിറ്റി നിയമപരമല്ല. ഇത്തരം നിയമനങ്ങൾ ഭാവിയിൽ ചോദ്യംചെയ്യപ്പെടാനിടയുണ്ട്. കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധിയുണ്ടാവണമെന്ന സുപ്രീംകോടതിയുടെ മുൻ ഉത്തരവുകളും ഗവർണർ ചൂണ്ടിക്കാട്ടുന്നു. കേസിൽ യു.ജി.സിയെക്കൂടി കക്ഷിയാക്കാനുള്ള അപേക്ഷയും ഗവർണറുടെ ഹർജിക്കൊപ്പമുണ്ട്.
സർക്കാരുമായി സമവായമില്ല
1. സെർച്ച്കമ്മിറ്രി രൂപീകരണത്തിൽ സർക്കാരുമായി സമവായമില്ലെന്ന് ഗവർണറുടെ ഹർജിയിലുണ്ട്. സമവായത്തിലൂടെ നിയമനം നടത്താനായിരുന്നു സുപ്രീംകോടതി പറഞ്ഞത്.
2. സർക്കാരിന്റെയും ഗവർണറുടെയും രണ്ടുവീതം പ്രതിനിധികളാണ് നിലവിൽ സെർച്ച് കമ്മിറ്റിയിലുള്ളത്. തുടർനടപടികൾ സർക്കാർ ഗവർണറുമായി കൂടിയാലോചിച്ചില്ലെന്നും ഹർജിയിലുണ്ട്.
3. അതേസമയം, രണ്ടിടത്തെയും വി.സി നിയമനത്തിന് സർക്കാർ വിജ്ഞാപനമിറക്കിയതിനെ ഗവർണർ എതിർക്കുന്നില്ല. സിറ്റിംഗിന് 3ലക്ഷം രൂപ പ്രതിഫലമായി നൽകണമെന്നാണ് കോടതി നിർദ്ദേശം.
നിയമഭേദഗതിക്ക് സർക്കാർ
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ എല്ലാ സർവകലാശാലകളിലെയും ആക്ടിൽ ഭേദഗതി വരുത്താനുള്ള ബിൽ തയ്യാറാക്കുകയാണ് സർക്കാർ. ഉന്നതവിദ്യാഭ്യാസവകുപ്പ് ഇതിന്റെ കരട് മന്ത്രിസഭായോഗത്തിലെത്തിക്കും. വി.സിനിയമനത്തിനുള്ള പാനൽ മുഖ്യമന്ത്രിക്ക് കൈമാറണമെന്നതടക്കമുള്ള വ്യവസ്ഥകളാവും ഭേദഗതിയിലുണ്ടാവുക.15ന് തുടങ്ങുന്ന നിയമസഭാസമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനായില്ലെങ്കിൽ സമ്മേളനത്തിനുശേഷം ഓർഡിനൻസ് കൊണ്ടുവരുന്നതും പരിഗണനയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |