കാബൂൾ: വടക്കു കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നംഗർഹാർ, കുനാർ പ്രവിശ്യകളെ വിറപ്പിച്ച ഭൂകമ്പത്തിൽ 812 പേരുടെ ജീവൻ പൊലിഞ്ഞു. 2,830 പേർക്ക് പരിക്കേറ്റു. നിരവധി ഗ്രാമങ്ങൾ പൂർണമായും തകർന്നടിഞ്ഞു. മരണ സംഖ്യ ഇനിയും കൂടിയേക്കും. ഇന്ത്യൻ സമയം, ഇന്നലെ പുലർച്ചെ 12.47നാണ് റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. 800ഓളം മരണം സ്ഥിരീകരിച്ചത് കുനാർ പ്രവിശ്യയിൽ മാത്രമാണ്.
കാബൂൾ മുതൽ പാകിസ്ഥാനിലെ ഇസ്ലാമബാദ്, ലാഹോർ തുടങ്ങിയ നഗരങ്ങൾ വരെ പ്രകമ്പനം അനുഭവപ്പെട്ടു. നംഗർഹാറിലെ ലോവർ കുനാർ ജില്ലയിൽ ഭൂമിക്കടിയിൽ 8 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. പാകിസ്ഥാനിലെ ഖൈബർ പക്തൂൻഖ്വ പ്രവിശ്യയുടെ അതിർത്തിയിൽ നിന്ന് 25 കിലോമീറ്റർ അകലെ പടിഞ്ഞാറായാണ് ദുരന്തമേഖല.
ജനങ്ങൾ വീടുകളിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഭൂകമ്പമുണ്ടായത്. പലരും പുറത്തേക്കോടിരക്ഷപെടും മുന്നേ കെട്ടിടങ്ങൾ നിലംപതിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ നിരവധി പേർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സൂചന.
വിദൂര പർവത പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം വൈകി. 13 തുടർചലനങ്ങൾ റിപ്പോർട്ട് ചെയ്തു. ലാഗ്മാൻ, നൂറിസ്ഥാൻ, പഞ്ച്‌ഷിർ പ്രവിശ്യകളിലും നാശനഷ്ടങ്ങളുണ്ടായി.
മെച്ചപ്പെട്ട ചികിത്സാ സംവിധാനം ഇല്ലാത്തതിനാൽ പരിക്കേറ്റവരെ ഹെലികോപ്റ്റർ മാർഗം മറ്റ് നഗരങ്ങളിലെ ആശുപത്രികളിലേക്കെത്തിച്ചു. രക്ഷാപ്രവർത്തനത്തിനാവശ്യമായ യന്ത്രങ്ങളും സാങ്കേതികവിദ്യകളുമില്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |