
കൊച്ചി: കൃത്രിമ ഗർഭധാരണത്തിനായി അണ്ഡം സൂക്ഷിക്കാൻ അനുമതി തേടി ട്രാൻസ്‌ജെൻഡർ പുരുഷൻ ഹൈക്കോടതിയിൽ. ഭിന്നലിംഗക്കാർക്ക് കൃത്രിമ ഗർഭധാരണത്തിന് അനുമതി നിഷേധിക്കുന്ന അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി നിയമത്തിലെ വ്യവസ്ഥകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം സ്വദേശിയായ 28കാരന്റെ ഹർജി. ജന്മനാ സ്ത്രീയായിരുന്ന ഹർജിക്കാരൻ ട്രാൻസ്ജെൻഡർ പുരുഷനാകാൻ ഹോർമോൺ ചികിത്സയ്‌ക്ക് വിധേയനായി. എന്നാൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടില്ല.
അതിനിടെ, അണ്ഡം എടുത്തുസൂക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ഫെർട്ടിലിറ്റി ക്ലിനിക്കിനെ സമീപിച്ചു. നിയമം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആവശ്യം നിഷേധിച്ചപ്പോഴാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഫയൽ ചെയ്ത സത്യവാഗ്‌മൂലത്തിൽ, എ.ആർ.ടി ആക്ട് പ്രകാരം കുട്ടികളില്ലാത്ത ദമ്പതികൾക്കും വിവാഹിതയല്ലാത്ത സ്ത്രീകൾക്കും മാത്രമാണ് കൃത്രിമ ഗർഭധാരണം അനുവദനീയമെന്ന് ചൂണ്ടിക്കാട്ടി. അവിവാഹിതനായ പുരുഷനും ഭിന്നലിംഗക്കാർക്കും അനുവാദം നൽകിയിട്ടില്ല.
വളർന്നുവരുന്ന കുട്ടിയുടെ താത്പര്യം, സാധാരണക്കാരായ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടാനുള്ള സാദ്ധ്യത എന്നിവ കണക്കിലെടുത്താണിത്. ട്രാൻസ്ജെൻഡർമാരെ ഒഴിവാക്കിയതും പാർലമെന്ററി കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ്. ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണ നിയമത്തിലും കൃത്രിമ ഗർഭധാരണം അനുവദിക്കുന്നില്ലെന്ന് കേന്ദ്രം അറിയിച്ചു. ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്റെ ബെഞ്ച് ഡിസംബർ ഒന്നിന് ഹർജി പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |