കണ്ണൂർ: വിമുക്തഭടൻ രാമകൃഷ്ണൻ ഇന്നലെ തളിപ്പറമ്പ് പൊലീസ് സ്റ്രേഷനിൽ എത്തിയില്ല. 22 വർഷമായി സെപ്തംബർ രണ്ടിന് അവിടെ എത്തുമായിരുന്നു. ജീവിതകാലമെല്ലാം അദ്ധ്വാനിച്ചു നേടിയ സമ്പാദ്യം മുഴുവനും മോഷ്ടിച്ച പ്രതികളെ കണ്ടെത്താനാണ് കൂവോട്ട് വള്ളിയോട്ടിലെ ഈ വിമുക്തഭടൻ പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലായതിനാലാണ് രാമകൃഷ്ണന് പതിവു തെറ്റിക്കേണ്ടിവന്നത്.
രാമകൃഷ്ണന് ഇപ്പോൾ 77 വയസായി. 2002 സെപ്തംബർ ഒന്നിന് വീട് കുത്തിത്തുറന്ന് 45 പവൻ സ്വർണാഭരണങ്ങളാണ് കവർന്നത്. അടുത്ത ദിവസം കേസ് രജിസ്റ്റർ ചെയ്തു. പക്ഷേ, കേസിന് ഒരു തുമ്പും പൊലീസ് കണ്ടെത്തിയില്ല!
വിട്ടിലുള്ളവർ ബന്ധുവിന്റെ വിവാഹത്തിന് ബംഗളൂരുവിൽ പോയ തക്കത്തിലായിരുന്നു മോഷണം. അന്ന് മസ്‌കറ്റിൽ ഗ്യാസ് ടർബൈൻ ഓപ്പറേറ്ററായിരുന്നു രാമകൃഷ്ണൻ. ഫോണിൽ വിവരം ലഭിച്ചപ്പോൾ ലോകം തകർന്നുവീണ നിലയിലായി രാമകൃഷ്ണൻ. ഇന്ത്യൻ നാവികസേനയിൽ 17 വർഷം സേവനമനുഷ്ഠിച്ചതിന്റെയും പിന്നീട് വിദേശത്ത് ജോലി ചെയ്തതിന്റെയും സമ്പത്തായിരുന്നു അത്.
ദുബായിൽ നിന്ന് ഡ്യൂട്ടി അടച്ച് കൊണ്ടുവന്ന സ്വർണം, മൂത്തമകൻ ജനിച്ചപ്പോൾ പിതാവ് സമ്മാനമായി നൽകിയ ആഭരണങ്ങൾ, ഭാര്യയുടെ വിവാഹ സ്വർണം, മകളുടെ വിവാഹത്തിനായി സമ്പാദിച്ച സ്വപ്നങ്ങൾ എല്ലാം നഷ്ടപ്പെട്ടു.
2023 നവംബർ 20ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസ്സിൽ പരാതി നൽകിയപ്പോൾ രാമകൃഷ്ണനെ പൊലീസ് വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. പക്ഷേ, ഫലമുണ്ടായില്ല. പൊലീസുകാർക്ക് അതൊരു തമാശ! പക്ഷേ, രാമകൃഷ്ണന് അത് ജീവനും ജീവിതവുമാണ്.
അന്നത്തെ മൂല്യത്തിനപ്പുറം
എഫ്.ഐ.ആറിൽ 2.5 ലക്ഷം രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നത്തെ കണക്കിൽ മൂല്യം 35 ലക്ഷം രൂപയാകും. സ്വർണത്തിന്റെ വില കുതിച്ചുപായുന്നുണ്ട്. പക്ഷേ, രാമകൃഷ്ണനും ഭാര്യയും സ്വർണത്തിന്റെ വില നോക്കാറില്ല.നഷ്ടപ്പെട്ട ആഭരണങ്ങളിൽ പലതും വൈകാരികമായി പ്രിയപ്പെട്ടതാണ്. അതുകൂടി ചേരുമ്പോൾ രാമകൃഷ്ണന്റെ വിഷമം ഇരട്ടിയാകും. കേസിന്റെ ക്രൈം നമ്പർ 592/2002.
നഷ്ടപ്പെട്ട സ്വർണം തിരിച്ചുകിട്ടില്ലെന്ന ബോദ്ധ്യം ഇപ്പോൾ എനിക്കുണ്ട്. പക്ഷേ, ആ കേസ് ഓരോ കൊല്ലവും പൊലീസിനെ ഓർമ്മിപ്പിക്കുമ്പോൾ എനിക്ക് നേരിയ ആശ്വാസം തോന്നാറുണ്ട്.
-രാമകൃഷ്ണൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |