പാപ്പു പത്തുവയസുകാരനാണ്. സ്‌കൂളിൽ പോയാലും വീട്ടിലിരുന്നാലും പാപ്പുവിന് ഓരോ കാര്യങ്ങൾ ചിന്തിയ്ക്കാനേ സമയമുണ്ടായിരുന്നുള്ളൂ. ചിന്തിച്ച് അന്തം വിട്ട് ക്ലാസിലിരിക്കും. അമ്മയ്ക്ക് അപകടം പറ്റുന്നത്, അച്ഛൻ കരയുന്നത് തുടങ്ങിയ കാര്യങ്ങളാണ് ചിന്തയിലൂടെ മിന്നിമറയുന്നത്. അത് കുട്ടിയുടെ മനസിലും അങ്ങേയറ്റം ബുദ്ധിമുട്ടുകളുണ്ടാക്കി. പഠനത്തിൽ ശ്രദ്ധ കുറഞ്ഞു, കൃത്യമായ ഉറക്കം ലഭിക്കാതായി. ക്ലാസിൽ പോകാനുള്ള താത്പര്യവും കുറഞ്ഞു. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ മനസിലാക്കിയ ടീച്ചർ അവനെ നിർബന്ധിച്ച് സ്‌കൂൾ ഗ്രൗണ്ടിലെ ഫിസിക്കൽ ആക്ടിവിറ്റി ക്ലാസിന് ചേർത്തു. പാപ്പു നിത്യേന കായികപ്രവർത്തനത്തിൽ പങ്കെടുക്കാൻ തുടങ്ങി. കുറച്ച് മാസങ്ങൾക്കുള്ളിൽ പാപ്പു ഒരു പോസിറ്റീവ് മാറ്റങ്ങൾ കാണിച്ചു തുടങ്ങി. പഠനത്തിൽ ശ്രദ്ധ കൂടി, സ്വഭാവം മൃദുവായി പഴയ ഉഷാറിലേക്ക് അവൻ തിരിച്ചെത്തി.
മാനസിക സുരക്ഷിതത്വം
ഇതൊരു പാപ്പുവിന്റെ കാര്യം മാത്രമല്ല. അഞ്ച് മുതൽ 15 വയസിനിടയിലുള്ള കുട്ടികളുടെ വളർച്ചാകാലത്ത് ശ്രദ്ധ ഊന്നേണ്ട കാര്യമാണ്. യഥാർത്ഥ വൈറ്റമിനും അനുബന്ധ ഘടകങ്ങളും ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തിൽ എത്തിയില്ലെങ്കിൽ വൈറ്റമിൻ കുറഞ്ഞ് മാനസികാരോഗ്യം കുറയും. പഠനത്തിൽ പിന്നാക്കാവസ്ഥ, അലസത, അധികചിന്ത എന്നീ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും. കൂടാതെ കായിക പ്രവർത്തനങ്ങൾ കുട്ടികളുടെ ശാരീരിക ആരോഗ്യം മാത്രമല്ല, മാനസിക ആരോഗ്യവുമാണ് മെച്ചപ്പെടുത്തുന്നത്. ഓട്ടം, ചാട്ടം, ടീമുകളിലേക്കുള്ള പങ്കാളിത്തം എന്നിവ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും സാമൂഹിക ബന്ധങ്ങൾ വളർത്തുകയും ചെയ്യും. ഇത് മനസിനും ഭാവങ്ങൾക്കും സന്തുലിതാവസ്ഥ നൽകും. ശ്രദ്ധക്കുറവ്, അമിത ദേഷ്യം (ADHD), ചിന്തയിലെ ക്ലേശം എന്നിവയുമായി പൊരുതുന്ന കുട്ടികൾക്ക് പോലും റഗുലർ ആക്ടിവിറ്റികളിലൂടെ വലിയ മാറ്റങ്ങളുണ്ടാകും. അമിതചിന്ത കാരണം കുട്ടികൾക്ക് പലപ്പോഴും ചെറിയ കാര്യങ്ങൾ പോലും വലിയ പ്രശ്നമാക്കി ചിന്തിക്കാനുള്ള പ്രവണതയുണ്ടാകും.
അമിത ചിന്ത
അദൃശ്യ തടസം
പഠനത്തിൽ ഞാൻ പരാജയപ്പെട്ടാൽ എന്താകും, ടീച്ചർ ശകാരിച്ചാൽ എന്തുചെയ്യും, തുടങ്ങിയ ചിന്തകൾ കുട്ടികളുടെ മനസിൽ തുടർച്ചയായ കലഹമുണ്ടാക്കും. ഇതിന് പലവിധ കാരണങ്ങളുണ്ട്. കുടുംബത്തിലെ തർക്കങ്ങൾ, വഴക്കുകൾ, പഠനത്തിലെ ഉയർന്ന പ്രതീക്ഷകൾ, സ്‌കൂളിലെ സമ്മർദ്ദ രീതികളായ പരീക്ഷകൾ, കൂട്ടുകാരുടെ താരതമ്യം, അധികമായ സങ്കടബോധം എന്നിവ കുട്ടികളുടെ ചുറ്റുപാട് അമിത പിരിമുറുക്കത്തിനിടയാക്കും.
ശാരീരിക കായിക പ്രവർത്തനക്കുറവിന്റെ ലക്ഷണങ്ങളാവട്ടെ ഉറക്കക്കുറവ്, പഠനത്തിൽ ശ്രദ്ധക്കുറവ്, നിരന്തരമായ ആശങ്ക, കളിയിലും കൂട്ടുകാരിലുമുള്ള താത്പര്യം കുറയുക, ചുറ്റുപാടിനോട് പ്രകോപനം കാണിക്കുക എന്നിവയായിരിക്കും. മനസിൽ അമിതചിന്തയുണ്ടാകുമ്പോൾ തലച്ചോറിൽ കോർട്ടിസോൾ കൂടുതലായി പ്രവർത്തിക്കുന്നു. മസ്തിഷ്‌കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള എനർജി നഷ്ടപ്പെടുന്നു. ചിന്തകൾ 'സർക്കിൾ' പോലെ ആവർത്തിക്കുന്നു.
ഫിസിക്കൽ ആക്ടിവിറ്റികളായ ഓട്ടം, കളികൾ, ചാടൽ ഇവ വഴി ശരീരത്തിൽ ഡോപ്പമിൻ, സെറോട്ടോണിൻ സജീവമാക്കി ചിന്തയെ 'തടഞ്ഞ്' മനസിനെ ലഘൂകരിക്കുന്നു. ക്രിയാത്മക പ്രവർത്തനങ്ങളായ ചിത്രരചന, സംഗീതം, കഥപറയൽ എന്നിവ അമിതചിന്തയെ ഒഴിവാക്കുന്നു. മൈൻഡ് ഫുൾനെസ്, ശ്വാസധ്യാനം എന്നിവ വഴി കുട്ടിയെ തിരികെ കൊണ്ടുവരുന്നു. സാമൂഹിക ബന്ധങ്ങളായ പരിപാടികൾ, ടീം കളികൾ, കൂട്ടായ്മകൾ എന്നിവ വഴി 'ഞാനും മറ്റുള്ളവരും ഒരുപോലെയാണ്' എന്ന തിരിച്ചറിവ് അമിതചിന്ത കുറയ്ക്കുന്നു. പോസിറ്റീവ് മാതൃകയായ മാതാപിതാക്കളുടെ ആശ്വാസകരമായ വാക്കുകൾ, അദ്ധ്യാപകരുടെ പോത്സാഹന രീതികൾ എന്നിവ കുട്ടിയെ സുരക്ഷിതമാക്കും. ചുരുക്കി പറഞ്ഞാൽ അമിതചിന്ത കുട്ടികൾക്ക് അദൃശ്യമായ തടസം പോലെയാണ്.
സമ്മർദ്ദം കുറയ്ക്കുന്ന ഭക്ഷണങ്ങൾ
അമിതചിന്ത, ആശങ്ക, മാനസിക സമ്മർദ്ദം എന്നിവ കുറയ്ക്കാൻ ആഹാരശീലങ്ങളും വലിയ പങ്ക് വഹിക്കുന്നുണ്ട്. പ്രത്യേകിച്ച് നാടൻ ഭക്ഷണങ്ങൾ ശരീരത്തിന് ശാന്തതയും മസ്തിഷ്‌കത്തിന് ആവശ്യമായ പോഷകങ്ങൾ നൽകും. തേങ്ങയും തേങ്ങാവെള്ളവും മസ്തിഷ്‌കത്തിന് ആവശ്യമായ ഹെൽത്തി ഫാറ്റ് നൽകും. ചക്കയും, ചക്കക്കുരുവും മാമ്പഴവും മഗ്നീഷ്യം കൂടുതലുള്ളതിനാൽ മാനസിക സമ്മർദ്ദം കുറയ്ക്കും. മാമ്പഴം സെറോട്ടോണിൻ ഉണർത്തി മനസ് ലഘൂകരിക്കും. പഴവർഗങ്ങളായ വാഴപ്പഴം, മുന്തിരി, നാരങ്ങ എന്നിവ കഴിക്കുന്നതും നല്ലതാണ്. മുന്തിരിയിൽ ആന്റി ഓക്സിഡന്റുകൾ ഉള്ളതുകൊണ്ട് സമ്മർദ്ദം കുറയ്ക്കും. വെള്ളരിയിലെ വിത്ത്, നിലക്കടല, കശുവണ്ടി ബ്രെയിനിന് ആവശ്യമായ ഒമേഗ 3യും മഗ്നീഷ്യവും പ്രധാനം ചെയ്ത് അമിതചിന്തയും ആശങ്കയും കുറയ്ക്കും. പയർവർഗങ്ങളായ ചെറുപയർ, വൻപയർ, ചണവിത്ത് പ്രോട്ടീൻ + ബി വിറ്റാമിനുകൾ മസ്തിഷ്‌ക പ്രവർത്തനം മെച്ചപ്പെടുത്തും. പച്ചിലക്കറികളായ ചീര, മുരിങ്ങയില, വെണ്ട എന്നിവയിൽ ഫോളേറ്റ്, അയൺ, മഗ്നീഷ്യം അടങ്ങിയതിനാൽ തലച്ചോറിലെ കെമിക്കൽ ബാലൻസ് ശരിയാക്കും. പാൽ, തൈര്, മോര്,കാത്സ്യം, പോബയോട്ടിക് എന്നിവ നാഡികളെ ശാന്തമാക്കും. എല്ലാ ഭക്ഷണങ്ങളും മിതമായിരിക്കണം. അമിതമാകരുത്. ഒഴിവാക്കേണ്ട ഭക്ഷണങ്ങളുടെ കൂട്ടത്തിൽ വരുന്നത് അധികമായ ചായ, കാപ്പി എന്നിവയാണ്. ഇവയിലെ കഫീൻ ആശങ്ക വർദ്ധിപ്പിക്കും. ഒട്ടും വിശ്രമമില്ലാതെ വയറിലേക്ക് കിട്ടുന്ന ജങ്ക് ഫുഡ്, അധിക പഞ്ചസാര അമിതമായി എണ്ണ, വറുത്ത ഭക്ഷണം എന്നിവ ഒഴിവാക്കേണ്ടതാണ്. ശരീരവും മനസും 'ബാലൻസ്' നിലനിറുത്താൻ നാടൻ ഭക്ഷണം തന്നെ ഏറ്റവും നല്ല മരുന്നാണ്. പാപ്പുവിനെ പോലെ ബുദ്ധിമുട്ടനുഭവിക്കുന്നവരെ പത്തുവയസിനുള്ളിൽ കണ്ടെത്തി കരുതൽ നൽകേണ്ടത് അതിപ്രധാനമാണ്.
(കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ആണ് ലേഖിക)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |