തിരുവനന്തപുരം: അനുമതിയില്ലാതെ പണം വകമാറ്റി ഉപകരണങ്ങൾ പർച്ചേസ് നടത്തിയതിന് പൊലീസ് മേധാവിക്ക് സർക്കാരിന്റെ താക്കീത്. ഫോറൻസിക് സയൻസ് ലാബിലേക്ക് ഉപകരണങ്ങൾ വാങ്ങാനുള്ള തുക വകമാറ്റി ഓട്ടോമേറ്റഡ് കമാൻഡോ ട്രെയിനിംഗ് സിസ്റ്റത്തിനായി ചെലവഴിച്ചതാണ് കാരണം. ഓട്ടോമേറ്റഡ് കമാൻഡോ ട്രെയിനിംഗ് സിസ്റ്റത്തിന് 30 ലക്ഷം രൂപയും ഫോറൻസിക് സയൻസ് ലാബിലേക്കുള്ള ഉപകരണങ്ങൾക്കായി 40 ലക്ഷം രൂപയുമായിരുന്നു അനുവദിച്ചിരുന്നത്. രണ്ടിനും ടെൻഡർ വിളിച്ചു. കമാൻഡോ ട്രെയിനിംഗ് സംവിധാനത്തിന് 67.89 ലക്ഷം രൂപയായിരുന്നു ക്വോട്ട് ചെയ്ത ഏറ്റവും കുറഞ്ഞ തുക. ലാബിലെ ഉപകരണങ്ങൾക്ക് ഒരു കോടിയായിരുന്നു കുറഞ്ഞ ക്വട്ടേഷൻ. ഈ സാഹചര്യത്തിൽ ആകെ തുകയിൽ 67.89 ലക്ഷം രൂപയുപയോഗിച്ച് ഓട്ടോമേറ്റഡ് കമാൻഡോ ട്രെയിനിംഗ് സിസ്റ്റം വാങ്ങുകയായിരുന്നു. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വകമാറ്റൽ നടത്തിയെന്നും ആവർത്തിച്ചാൽ ഗൗരവമായി കാണുമെന്നും ജൂൺ 27ന് ചേർന്ന സ്റ്റേറ്റ് ലെവൽ എംപവേർഡ് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇക്കാര്യം അംഗീകരിച്ചാണ് ഇത്തരം നടപടി ആവർത്തിക്കരുതെന്ന് സർക്കാർ ഡി.ജി.പിക്ക് താക്കീത് നൽകിയത്. നിലവിലെ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ചുമതലയേൽക്കും മുൻപുള്ള പർച്ചേസുകളാണത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |