നിയമനടപടി നേരിടേണ്ടിവന്നത് 11 വർഷം
തൊടുപുഴ: ''ഇനി ആർക്കും ഇത്തരത്തിലൊരു അനുഭവം ഉണ്ടാകരുത്. ഒരു അദ്ധ്യാപകനായ താൻ ഇത്രകാലവും നേരിട്ട മാനസിക സംഘർഷവും അപമാനവും കോടതി കണ്ടറിഞ്ഞ് നീതി ഉറപ്പാക്കിയതിൽ ഏറെ സന്തോഷമുണ്ട്". പരീക്ഷയിൽ കോപ്പിയടി പിടിച്ചതിന്റെ പേരിൽ പീഡന ആരോപണം നേരിട്ട് ഒടുവിൽ കുറ്റവിമുക്തനാക്കപ്പെട്ട പ്രൊഫ. ആനന്ദ് വിശ്വനാഥൻ പറയുന്നു. പതിനൊന്ന് വർഷമാണ് ചെയ്യാത്ത കുറ്റത്തിന് പ്രൊഫസർക്ക് നിയമപോരാട്ടം നടത്തേണ്ടി വന്നത്.
മൂന്നാർ ഗവ. കോളേജിൽ 2014 ആഗസ്റ്റ് 27നും സെപ്തംബർ 5നും ഇടയിലായിരുന്നു സംഭവം. എം.എ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയിൽ കോപ്പിയടിച്ച 5 വിദ്യാർത്ഥിനികളെ ഇക്കണോമിക്സ് വിഭാഗം തലവനും അഡീഷണൽ ചീഫ് എക്സാമിനറുമായിരുന്ന ആനന്ദ് വിശ്വനാഥൻ പിടികൂടി. ഇത് റിപ്പോർട്ട് ചെയ്യാനായി ഇൻവിജിലേറ്ററായിരുന്ന പ്രൊഫ. അജീഷിനെ ചുമതലപ്പെടുത്തി.
ഈ കാലഘട്ടത്തിൽ ആനന്ദ് വിശ്വനാഥൻ കോളേജിലെ കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയുടെ ഭാരവാഹിയും പ്രിൻസിപ്പൽ പ്രൊഫ. മോഹനനും, ഇൻവിജിലേറ്റർ പ്രൊഫ.അജീഷും സി.പി.എം അനുകൂല അദ്ധ്യാപക സംഘടനയുടെ ഭാരവാഹികളുമായിരുന്നു. ആനന്ദ് വിശ്വനാഥിന്റെ നിർദ്ദേശം അനുസരിക്കാൻ അജീഷ് കൂട്ടാക്കിയില്ല.
അതിനിടെ, കോപ്പിയടിക്ക് പിടിക്കപ്പെട്ടവർ മൂന്നാറിലെ സി.പി.എം ഓഫീസിൽ ഒത്തുചേർന്ന് പ്രൊഫസർ പരീക്ഷാഹാളിൽ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഇന്റേണൽ മാർക്ക് നൽകില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് പരാതി തയ്യാറാക്കി വിദ്യാഭ്യാസ മന്ത്രിക്കും വനിതാ കമ്മിഷനും നൽകി.
തുടർന്ന് മൂന്നാർ പൊലീസ് 4 കേസുകൾ രജിസ്റ്റർ ചെയ്തു. രണ്ടു കേസുകളിൽ ആനന്ദ് വിശ്വനാഥനെ വെറുതെവിട്ട കോടതി മറ്റു രണ്ടു കേസുകളിൽ മൂന്നുവർഷം തടവിനും 5,000 രൂപ വീതം പിഴയും ശിക്ഷിച്ചു. ഇതിൽ നൽകിയ അപ്പീലിലാണ് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി പ്രൊഫസറെ കഴിഞ്ഞദിവസം കുറ്റവിമുക്തനാക്കിയത്. 2021ൽ ചിറ്റൂർ ഗവ. കോളേജിൽനിന്ന് പ്രിൻസിപ്പൽ ഇൻചാർജായി ആനന്ദ് വിശ്വനാഥൻ വിരമിച്ചിരുന്നു.
''കേസുണ്ടായിരുന്നതിനാൽ പെൻഷൻ ആനുകൂല്യങ്ങൾ പൂർണതോതിൽ ലഭിച്ചിട്ടില്ല. ഇത് ലഭിച്ചശേഷം വ്യാജ പരാതി നൽകിയവർക്കെതിരെ ഉൾപ്പെടെ നിയമനടപടി സ്വീകരിക്കും
-പ്രൊഫ.ആനന്ദ് വിശ്വനാഥൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |