സീസണിലെ ഏഴാം ജയവുമായി കൊച്ചി ബ്ളൂ ടൈഗേഴ്സ് കെ.സി.എൽ സെമിയിൽ
കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസിനെ തോൽപ്പിച്ചത് മൂന്ന് വിക്കറ്റിന്
തിരുവനന്തപുരം : ഈ സീസണിലെ ആദ്യ പോരാട്ടത്തിൽ തങ്ങളെ 33 റൺസിന് തോൽപ്പിച്ചതിന് കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസിനോട് പകരം വീട്ടി കൊച്ചി ബ്ളൂ ടൈഗേഴ്സ്. ഇന്നലെ ഇരുവരും വീണ്ടും ഏറ്റുമുട്ടിയപ്പോൾ മൂന്ന് വിക്കറ്റിനായിരുന്നു കൊച്ചിയുടെ ജയം. ഇതോടെ ലീഗിൽ ഏഴ് വിജയങ്ങൾ നേടി സെമി ഫൈനലിലെത്തുന്ന ആദ്യ ടീമായി കൊച്ചി മാറുകയും ചെയ്തു.
ഇന്നലെ ഗ്രീൻഫീൽഡിൽ ആദ്യം ബാറ്റ് ചെയ്ത് 165/7 എന്ന സ്കോറിൽ ഒതുങ്ങിയ കാലിക്കറ്റിനെ മൂന്നുപന്തുകൾ ബാക്കിനിൽക്കേയാണ് കൊച്ചി ചേസ് ചെയ്തുവീഴ്ത്തിയത്. ബൗളിംഗിൽ ഒരോവറിൽ 22 റൺസ് വഴങ്ങിയെങ്കിലും ബാറ്റെടുത്ത് 29 പന്തുകളിൽ മൂന്നുവീതം ഫോറും സിക്സുമടിച്ച് 45 റൺസ് നേടിയ കൊച്ചിയുടെ ഓപ്പണർ എ.ജിഷ്ണുവാണ് പ്ളേയർ ഒഫ് ദ മാച്ചായത്.
ടോസ് നഷ്ടപ്പെട്ട് ബറ്റിംഗിനിറങ്ങിയ കാലിക്കറ്റിനായി ഓപ്പണർമാരായ രോഹൻ കുന്നുമ്മലും (36), അമീർ ഷായും (28) ചേർന്ന് 4.4 ഓവറിൽ 64 റൺസ് കൂട്ടിച്ചേർത്ത് മികച്ച തുടക്കമാണ് നൽകിയത്. 16 പന്തുകളിൽ നാലുഫോറുകളും ഒരു സിക്സും പായിച്ച അമീർഷായെ നിഖലിന്റെ കയ്യിലെത്തിച്ച് ജെറിനാണ് കാലിക്കറ്റിന് ആദ്യ പ്രഹരമേൽപ്പിച്ചത്. പിന്നാലെ രോഹനെ മിഥുൻ മടക്കി അയച്ചു. തുടർന്ന് ക്രീസിലെത്തിയ ഇന്നലത്തെ നായകൻ അഖിൽ സ്കറിയ(0)യെ മിഥുൻ ഗോൾഡൻ ഡക്കാക്കിയതോടെ കാലിക്കറ്റ് 64/3 എന്ന നിലയിലായി. പ്രീതിഷ് പവൻ(3) കൂടി മടങ്ങിയതോടെ 69/4 എന്ന സ്ഥിതിയിലായ കാലിക്കറ്റിനെ എം.അജ്നാസും (22),പി. അൻഫലും (33),സുരേഷ് സച്ചിനും (18) ചേർന്നാണ് 150 കടത്തിയത്.
മറുപടിക്കിറങ്ങിയ കൊച്ചിക്ക് വേണ്ടി വിനൂപും (30) ജിഷ്ണുവും (45) തകർത്തടിച്ചു.14 പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്സും പറത്തിയ വിനൂപിനെ മൂന്നാം ഓവറിൽ ബ്നുൽ അൽത്താഫ് പുറത്താക്കിയെങ്കിലും പകരമിറങ്ങിയ കെ.ജെ രാകേഷ് (15) ജിഷ്ണുവിന് പിന്തുണ നൽകി ടീം സ്കോർ 74ലെത്തിച്ചു. രാകേഷ്,ജിഷ്ണു,ഷാനു(13), നിഖിൽ (16) എന്നിവർ പുറത്തായതോടെ 123/5 എന്ന നിലയിലായ കൊച്ചി ടീമിനെ ഒരറ്റത്ത് നിലയുറപ്പിച്ച നായകൻ സലി സാംസണാണ് (22 നോട്ടൗട്ട്)വിജയതീരത്തെത്തിച്ചത്.മിഥുനും ജോബിനും 12 റൺസ് വീതം നേടി സലിക്ക് പിന്തുണ നൽകി.
സ്കോർ കാർഡ്
കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസ് 165/7
രോഹൻ 36,അമീർ ഷാ 28,എം.അജിനാസ് 22, അൻഫൽ 38,സുരേഷ് സച്ചിൻ 18
മിഥുൻ 4-0-31-2, ജെറിൻ 4-0-23-2,ജോബിൻ 4-0-35-2
കൊച്ചി ബ്ളൂ ടൈഗേഴ്സ് 167/7
വിനൂപ് 30, ജിഷ്ണു 45,സലി 22*,
അഖിൽ സ്കറിയ 3.3-0-33-3,എസ്.മിഥുൻ 4-0-35-2
പ്ളേയർ ഒഫ് ദ മാച്ച് : ജിഷ്ണു എ
നായകനായി അഖിൽ സ്കറിയ
സ്ഥിരം നായകൻ രോഹൻ കുന്നുമ്മലിന് വിശ്രമം നൽകാനായി ഇംപാക്ട് പ്ളേയറായി ബാറ്റിംഗിന് മാത്രം ഇറക്കിയതിനാൽ ഇന്നലെ കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസിനെ നയിച്ചത് അഖിൽ സ്കറിയയാണ്. മനു കൃഷ്ണൻ അടക്കമുള്ള മുൻനിര താരങ്ങൾക്കും കാലിക്കറ്റ് ഇന്നലെ വിശ്രമം നൽകി.
ഇന്നത്തെ മത്സരങ്ങൾ
ട്രിവാൻഡ്രം Vs ആലപ്പി
2.30 pm മുതൽ
കൊല്ലം Vs കൊച്ചി
6.45 മുതൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |