തിരുവനന്തപുരം: മാവേലിയുടെ ക്ഷേമ സങ്കല്പത്തോട് ചേർന്നുനിൽക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ ക്ഷേമ സങ്കല്പങ്ങളെ തകർക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ആഘോഷങ്ങളെ പ്രത്യേക വിഭാഗത്തിന്റേത് മാത്രമായി ചുരുക്കാനും ശ്രമമുണ്ട്. അതിനെ പ്രതിരോധിക്കാനും ഓണത്തിന്റെയും ഒരുമയുടെയും സന്ദേശം ഉയർത്തിപ്പിടിക്കാനും കഴിയണം. ഭക്ഷ്യവിഭവ ലഭ്യത ഉറപ്പുവരുത്തി ഓണം വിപണി സജീവമാക്കി. 60 ലക്ഷം പേർക്ക് പെൻഷൻ നൽകി. 1200 കോടി രൂപയാണ് ഇതിന് നീക്കിവച്ചത്. ഇത് ഓണക്കാലത്തെ മാത്രം സവിശേഷതയല്ല, ഒമ്പതു വർഷമായി തുടരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ചലച്ചിത്ര താരങ്ങളായ ജയം രവി മോഹൻ, ബേസിൽ ജോസഫ്, എ.എ. റഹീം എം.പി, എം.എൽ.എമാരായ ആന്റണി രാജു, വി.കെ. പ്രശാന്ത്, കടകംപള്ളി സുരേന്ദ്രൻ, വി. ജോയി, ഡി.കെ. മുരളി, ഐ.ബി. സതീഷ്, ജി. സ്റ്റീഫൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, മേയർ ആര്യ രാജേന്ദ്രൻ, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. മുഖ്യമന്ത്റിക്ക് മന്ത്റി വി. ശിവൻകുട്ടിയും, ജയം രവിക്കും ബേസിൽ ജോസഫിനും മന്ത്റി റിയാസും ഓണക്കോടി സമ്മാനിച്ചു.
നെൽ കർഷകർക്കുള്ള മുഴുവൻ തുകയും നൽകും
നെല്ല് സംഭരിച്ചതിന്റെ മുഴുവൻ തുകയും കർഷകർക്ക് നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. വിഷയം ഇന്നലെ ചേർന്ന സംസ്ഥാന മന്ത്രിസഭായോഗം ചർച്ച ചെയ്തിരുന്നു. അതിനു ശേഷമാണ് കേന്ദ്രത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചത്. നെൽകർഷകർക്കുള്ള പണം ഓണക്കാലത്ത് നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |