കൊച്ചി: കേരള കാഷ്യൂ ബോർഡ് മുഖേന കശുഅണ്ടി ഇറക്കുമതി ചെയ്തതിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ വിശദീകരണത്തിന് സർക്കാരും വിജിലൻസ് ഡയറക്ടറും സമയം തേടി. തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ച് ഹർജി 8ന് പരിഗണിക്കാൻ മാറ്റി. പൊതുപ്രവർത്തകൻ അഡ്വ. വിഷ്ണു സുനിൽ പന്തളം സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണിത്.
ഘാനയിൽ നിന്നടക്കം 5000 ടൺ കശുഅണ്ടിയിറക്കാൻ കാഷ്യൂ ബോർഡ് വിദേശ ഏജൻസികൾക്ക് 34 കോടിയുടെ കരാർ നൽകിയിരുന്നു. എന്നാൽ, ഗുണമേന്മയില്ലാത്തതും പഴക്കം ചെന്നതുമായ കശുഅണ്ടിയാണ് എത്തിച്ചതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഗുണനിലവാര പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. കശുഅണ്ടി സംസ്കരിക്കുന്നതിലും മറ്റും സാമ്പത്തിക നഷ്ടമുണ്ടായി. പരാതി നൽകിയിട്ടും വിജിലൻസ് അന്വേഷണം നടത്തുന്നില്ല. തെളിവ് നശിപ്പിക്കാനായി ചരക്കുനീക്കം ചെയ്യാനിടയുണ്ടെന്നും കോടതി ഇടപെടണമെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ ജോമി കെ. ജോസ് ആവശ്യപ്പെട്ടു. എന്നാൽ വിഷയം സർക്കാരിന്റെയും വിജിലൻസിന്റെയും നിരീക്ഷണത്തിലായതിനാൽ അടിയന്തര ഇടപെടൽ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |