കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പും പണപ്പിരിവും സുതാര്യമാകണമെന്ന് ഹൈക്കോടതി. സ്പോൺസർഷിപ്പ് വിശദാംശങ്ങളടക്കം അറിയിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട അവധിക്കാലബെഞ്ച് സർക്കാരിനും തിരുവിതാകൂർ ദേവസ്വം ബോർഡിനും നിർദേശം നൽകി.
അയ്യപ്പ സംഗമവും അനുബന്ധ നടപടികളും ദേവസ്വം നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ടാകണം.ഏതു നടപടിയും വിശ്വാസികളുടെ ഉത്തമതാത്പര്യത്തിന് നിരക്കുന്നതും നിയമപരവുമാകണം. രാഷ്ട്രീയ പ്രചാരണ പരിപാടിയായതിനാൽ തടയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അജീഷ് കളത്തിൽ ഗോപി നൽകിയ പൊതുതാത്പര്യ ഹർജി ഫയലിൽ സ്വീകരിച്ചാണ് നടപടി. ദേവസ്വം ബെഞ്ചിലെ സമാന ഹർജിക്കൊപ്പം 9ന് പരിഗണിക്കും. ഖജനാവിലെ 4 കോടി ചെലവഴിക്കാനാണ് നീക്കമെന്നും മറ്റു മതസ്ഥാപനങ്ങളിലും ആവർത്തിക്കാൻ സാദ്ധ്യതയുള്ളതിനാൽ തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയപ്രേരിതമാകുന്നതെങ്ങനെയെന്ന് ഹർജിക്കാരന് വിശദീകരിക്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി
നടത്തിപ്പിലും ഫണ്ടിംഗിലും വ്യക്തത വരുത്താൻ സർക്കാരിനും ബോർഡിനും കഴിഞ്ഞിട്ടില്ലെന്നും വിലയിരുത്തി. അടുത്ത തീയതിയിൽ വിശദാംശങ്ങൾ നൽകണം. പമ്പാതീരത്ത് 20ന് നിശ്ചയിച്ച സംഗമത്തിന്റെ ക്രമസമാധാനപാലനം മാത്രമാണ് തങ്ങളുടെ ചുമതലയെന്നും പൂർണ ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണെന്നും സർക്കാർ അറിയിച്ചു. 1950ലെ ട്രാവൻകൂർ -കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് പ്രകാരം ആചാര, വിശ്വാസ സംരക്ഷണമാണ് ബോർഡിന്റെ ദൗത്യമെന്ന് കോടതി ചൂണ്ടിക്കാട്ടി.
'ദക്ഷിണ ഗംഗ"യാണ് പമ്പ. പവിത്രത കാത്തുസൂക്ഷിക്കണം. കടുവാ സങ്കേതത്തിലാണ് സംഗമം നടക്കുന്നതെന്നോർക്കണം. സ്പെഷ്യൽ കമ്മിഷണറുടെ നിരീക്ഷണമുണ്ടാകും .
പണത്തിന്റെ ഉറവിടത്തിൽ ഉത്കണ്ഠ
#കോടതി: ആരാണ് സംഘാടകർ. ആളെ കൂട്ടലാണോ ഉദ്ദേശ്യം?
#ദേവസ്വം ബോർഡ്: ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമാണ്. ശബരിമലയുടെ പെരുമയും തത്വമസിയും പ്രചരിപ്പിക്കൽ, മതസൗഹാർദ്ദം, ആഗോള ഐക്യം എന്നിവ ലക്ഷ്യങ്ങളാണ്. ഖജനാവിലെ പണം മുടക്കുന്നില്ല, സ്വകാര്യ കമ്പനികളിൽ നിന്നടക്കം സ്പോൺസർഷിപ്പിലൂടെയാണ് കണ്ടെത്തുന്നത്.
കോടതി: ബോർഡിന്റെ വരുമാനം വിശ്വാസികളിൽ നിന്ന് ലഭിക്കുന്നതാണ്. അത് ഇതിനായി വിനിയോഗിക്കുന്നുണ്ടോ? എങ്ങനെയാണ് സ്പോൺസർഷിപ്പ്? മാനദണ്ഡം എന്താണ്? വിഷയം പ്രഥമദൃഷ്ട്യാ അസ്വസ്ഥതപ്പെടുത്തുന്നു. പണം എവിടെനിന്ന് എന്നതിൽ ഉത്കണ്ഠയുണ്ട്. അയ്യപ്പന്റെ പേരിൽ കമ്പനികളിൽ നിന്ന് പണം വാങ്ങുന്നു. ഇത് തമാശയല്ല. ദശലക്ഷങ്ങളുടെ വിശ്വാസത്തിന്റെ വിഷയമാണ്. ശ്രദ്ധയും കരുതലും വേണം.
ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ പാടുപെടുമ്പോൾ എന്തിനാണ് കൂടുതൽ പ്രചാരണം. 'തത്വമസി' പ്രപഞ്ചം തന്നെയാണ്. അതിന് പ്രചാരണം ആവശ്യമുണ്ടോ? അയ്യപ്പന്റെ പേരിലുള്ള നടപടികൾ ജനവിശ്വാസം പാലിക്കുന്നതാകണം.
ബോർഡ്: അടുത്ത തീയതിയിൽ എല്ലാ വിശദാംശങ്ങളും സമർപ്പിക്കാം.
സത്യവാങ്മൂലം തിരുത്തിയിട്ടാകാം
അയ്യപ്പസംഗമം: വി.ഡി.സതീശൻ
തിരുവനന്തപുരം: ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന അയ്യപ്പസംഗമം രാഷ്ട്രീയകാപട്യം മാത്രമാണെന്നും അതിനോട് സഹകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കി. യു.ഡി.എഫ് യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്തരുടെ വികാരത്തിനെതിരായ യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീംകോടതിയിൽ ഇടതുമുന്നണിസർക്കാർ നൽകിയ സത്യവാങ്മൂലം തിരുത്തിയിട്ടാം അയ്യപ്പസംഗമം. അല്ലാതെ നടത്തുന്നത് രാഷ്ട്രീയകാപട്യം മാത്രമാണ്. ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്ന ശബരിമല തീർത്ഥാടനം താറുമാറാക്കിയ സർക്കാരാണിത്. ശബരിമല വികസനത്തിനായി ബഡ്ജറ്റിൽ അനുവദിച്ച 10 കോടി രൂപപോലും ചെലവാക്കിയില്ല. വികസന മാസ്റ്റർ പ്ളാനും നടപ്പാക്കിയില്ല. ശബരിമലയ്ക്ക് 82ലക്ഷം രൂപയുടെ കവനന്റ് കഴിഞ്ഞ മൂന്ന് വർഷമായി നൽകിയിട്ടില്ല. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിച്ചിട്ടുമില്ല.എന്നിട്ടും സർക്കാരിന്റെ കാലാവധി തീരാനിരിക്കെ അയ്യപ്പസംഗമം നടത്തുന്നത് കാപട്യമാണ്. കഴിഞ്ഞ ഏഴുമാസമായി രാജ്യത്ത് വിലക്കയറ്റത്തിലും പണപ്പെരുപ്പത്തിലും മുന്നിൽ കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡന്റിന്റെ വരവും പോക്കും!
തന്നോടു ചോദിക്കുക പോലും ചെയ്യാതെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അയ്യപ്പസംഗമത്തിലേക്ക് വിളിക്കാൻ കന്റോൺമെന്റ് ഹൗസിൽ വന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി.
'ഞാൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അവിടെവന്ന് കത്തു കൊടുത്ത് പുറത്തുപോയ ശേഷം അദ്ദേഹത്തെ കാണാൻ കൂട്ടാക്കിയില്ല എന്ന വാർത്ത കൊടുത്തു. അതു മര്യാദകേടാണ്. എന്നെ കാണണം എന്ന് ആവശ്യപ്പെട്ടിട്ടുള്ള ഒരാളോടും ഇതുവരെ പറ്റില്ല എന്നു പറഞ്ഞിട്ടില്ല. എന്നെ വിളിച്ചിട്ടു വന്നാൽ ഇനിയും അദ്ദേഹത്തെ കാണാൻ തയ്യാറാണ്'– സതീശൻ പറഞ്ഞു. എന്റെ അനുവാദത്തോടെയല്ല സംഘാടകസമിതിയിൽ ഉൾപ്പെടുത്തിയത്. വിളിച്ചു ചോദിക്കുക പോലും ചെയ്തിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.
പ്രതിപക്ഷ പ്രതികരണം
കാര്യമറിയാതെ: മന്ത്രി വാസവൻ
തിരുവനന്തപുരം ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ച് കാര്യം മനസിലാക്കാതെയാണ് പ്രതിപക്ഷം പ്രതികരിക്കുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ. അയ്യപ്പ സംഗമത്തിൽ ചർച്ച ചെയ്യുന്ന വിഷയം ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ടതാണ്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലം കോടതി നടപടികളുമായി ബന്ധപ്പെട്ട കാര്യമാണ്. സമയം വരുമ്പോൾ കൂടിയാലോചിച്ച് തീരുമാനമെടുക്കും.
യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ അതേക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനാവില്ല. യുവതീ പ്രവേശന വിഷയത്തിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ചെറിയ കേസുകൾ ഗവൺമെന്റ് പിൻവലിച്ചിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകളിൽപ്പെടുന്ന കേസുകൾ കോടതിയുടെ അനുമതിയോടെയേ പിൻവലിക്കാനാകൂ. കോടതിയുടെ അനുമതി കിട്ടിക്കഴിഞ്ഞാൽ അവ പിൻവലിക്കും.
യുവതീപ്രവേശന വിവാദങ്ങൾക്കു പിന്നിൽ
രാഷ്ട്രീയലക്ഷ്യങ്ങൾ : ദേവസ്വം പ്രസിഡന്റ്
തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ രാഷ്ട്രീയ ലക്ഷ്യംമുൻനിറുത്തിയുള്ളതാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
ശബരിമലയിലെ യുവതീപ്രവേശനം ഭരണഘടന ബെഞ്ചിന്റെ പരിഗണനയിലാണ്. നിയമ വിദഗ്ധരുമായി ആലോചിച്ച് ക്ഷേത്രത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കോടതിയെ അറിയിക്കും. പമ്പയിൽ നടക്കുന്ന അയ്യപ്പസംഗമത്തിന്റെ പശ്ചാത്തലത്തിൽ യുവതീപ്രവേശനത്തെക്കുറിച്ച് ചർച്ചചെയ്യേണ്ട ആവശ്യമേയില്ല. ക്ഷേത്രത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്നു തന്നെയാണ് ദേവസ്വം ബോർഡിന്റെ നിലപാട്. ശബരിമലയുടെ ആചാരനുഷ്ഠാനങ്ങൾ പാലിച്ചുകൊണ്ടാണ് തീർത്ഥാടനം നടക്കുന്നത്. ആചാരങ്ങൾ സംരക്ഷിച്ചുതന്നെയാണ് പമ്പാസംഗമവും സംഘടിപ്പിക്കുന്നത്. 2018 ൽ ശബരിമലയിലുണ്ടായ അനിഷ്ടസംഭവങ്ങൾ ആവർത്തിക്കില്ലെന്നും ബോർഡ് പ്രസിഡന്റ് പ്രശാന്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |