ന്യൂഡൽഹി: കനത്ത മഴ തുടരുന്ന ഹിമാചൽപ്രദേശിലും ജമ്മു കാശ്മീരിലും മണ്ണിടിച്ചിലിൽ ഒമ്പത് മരണം. നിരവധി പേരെ കാണാതായി. പഞ്ചാബിലും ഉത്തരാഖണ്ഡിലും ഒഡീഷയിലും ഹരിയാനയിലും രാജസ്ഥാനിലും ശക്തമായ മഴ തുടരുകയാണ്. ഏഴ് വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് ഹിമാചലിലെ മാണ്ഡിയിലാണ് ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ ഏഴ് പേർ മരിച്ചത്. നിരവധി വീടുകളും തകർന്നു. കുളുവിലെ അഖഡ ബസാറിൽ മണ്ണിടിഞ്ഞ് രണ്ട് വീടുകൾ തകർന്നു. ഒരു എൻ.ഡി.ആർ.എഫ് ജവാനടക്കം രണ്ടുപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയെന്നാണ് റിപ്പോർട്ട്. ഇവർക്കായി തെരച്ചിലും ആരംഭിച്ചു. ഷിംലയിലെ റാംപൂരിൽ വിശ്വകർമ ക്ഷേത്ത്രിന്റെ ഒരു ഭാഗം കനത്ത മഴയിൽ തകർന്നുവീണു. രജൗരിയിൽ ഇന്നലെ മഴയിൽ വീട് തകർന്ന് അമ്മയും മകളും മരിച്ചു. ചെനാബ്, ഝലം നദികളിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തി. സമീപപ്രദേശങ്ങളിൽ വെള്ളം കയറി. ശ്രീനഗർ-ജമ്മു ദേശീയപാത അടച്ചിട്ടു.
അതേസമയം,പഞ്ചാബിൽ ഇതുവരെ 30 പേർ വെള്ളപ്പൊക്കത്തിൽ മരിച്ചു. രണ്ടരലക്ഷം ആളുകളെ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചു. സത്‌ലജ് നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി. ഭക്ര അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം തുറുന്നുവിടുന്നതാണ് സത്‌ലജിലെ വെള്ളപ്പൊക്കത്തിന് കാരണം. ഇന്നലെ ഭക്ര അണേെക്കട്ടിലെ ജലനിരപ്പ് 1677.84 അടിയിലെത്തി (പരമാവധി ശേഷി 1680 അടി). 65000-75000 ക്യൂസെക്‌സ് വരെ വെള്ളം ഒഴുക്കിവിടുമെന്ന് അധികൃതർ അറിയിച്ചു.
ഛത്തീസ്ഗഢിൽ അണക്കെട്ട്
തകർന്ന് 4 മരണം
ഛത്തീസ്ഗഢിലെ ബൽറാംപൂരിൽ അണക്കെട്ട് തകർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. മൂന്നുപേരെ കാണാതായി. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. ഇന്നലെ പുലർച്ചെയാണ് സംഭവം. അണക്കെട്ട് തകർന്ന് വെള്ളം കുത്തിയൊഴുകി വീട് തകരുകയായിരുന്നു. 1980ൽ നിർമ്മിച്ച ലൂതി അണക്കെട്ടാണ് തകർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |