''ഇന്ന് ശ്രീനാരായണ ഗുരുദേവ ജയന്തി. കൃത്യമായി പറഞ്ഞാൽ 1856 ആഗസ്റ്റ് 20ന് ആയിരുന്നു ഗുരുദേവൻ ഭൂജാതനായത്. ആധുനിക കേരളത്തിന്റെ ശിൽപിയായി കേരളജനത ഗുരുദേവനെ അവരുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചത് കേവലമൊരു യാദൃച്ഛിക സംഭവമായിരുന്നില്ലല്ലോ!
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ തന്നെ മലയാളത്തിന്റെ പൂമുഖത്ത് ആലേഖനം ചെയ്ത ഗുരുദേവ സൂക്തങ്ങൾക്ക് യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ലയെന്നു മാത്രമല്ല, അവശരും, അശരണരുമായിരുന്ന അനേകലക്ഷം മനുഷ്യർക്ക്, സടകുടഞ്ഞെഴുന്നേറ്റ് തല ഉയർത്തി നിൽക്കുന്നതിനുള്ള ശക്തി അവയിന്നും പകരുന്നു എന്നുപറയുമ്പോൾ, അഷ്ടബന്ധമിട്ട് ഉറപ്പിച്ചിരുന്ന ഒരു ദുർവ്യവസ്ഥിതിയെ ആയിരുന്നല്ലോ, യുക്തിയിലധിഷ്ഠിതമായ ഗുരുവചനങ്ങൾ വേരോടെ പിഴുതെറിഞ്ഞതെന്ന് കൂടി നമ്മൾ തിരിച്ചറിയണം! വിദ്യാലയമാണ് മനുഷ്യനെ ഉത്തമനാക്കാൻ വേണ്ടതെന്ന തിരിച്ചറിവ് ഗുരുദേവന്റെ കൈ ഒപ്പുചാർത്തിയ മഹത്വചനമല്ലേ?"" ഒരുയുഗ പ്രഭാവന്റെ സാന്നിദ്ധ്യം ഒരു ജനതയിലുണ്ടാക്കിയ മാറ്റത്തിന്റെ വെളിച്ചമുൾക്കൊണ്ട്, സദസ്യരെയാകെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പ്രഭാഷകൻ ഇപ്രകാരം തുടർന്നു:
''മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നും, വാദിക്കാനും, ജയിക്കുവാനുമല്ല, അറിയാനും, അറിയിക്കുവാനുമാണ് വിദ്യയെന്ന ഗുരുവചനമാണ് അശരണരായ മനുഷ്യർക്ക് നേർവഴി കാട്ടിയതെന്നു കൂടി നമ്മൾ മനസിലാക്കുക! വിവേകം താനേ വരില്ല, യത്നിക്കണം. ധാരാളം വായിക്കണം. ഈ ലോകം സത്യത്തിലാണ് സ്ഥിതി ചെയ്യുന്നത് അതുകൊണ്ട് കള്ളം പറയരുത്. സത്യം മാത്രം പറയുക. നിസ്വാർത്ഥമായ സേവനത്തിന് എപ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടാകും. ഇപ്രകാരം ഉപദേശിക്കുക വഴി, ഗുരു, ആത്മീയതയുടെ പാരമ്യതയിലാണ് നമ്മെ എത്തിച്ചതെന്നു കൂടി നമ്മൾ മനസിലാക്കുക. മടിയന്മാരായി ജീവിക്കുന്നത് നീതിക്ക് നിരക്കാത്തതാണെന്നും, ശുചിത്വം അടുക്കളയിൽ നിന്ന് തുടങ്ങണമെന്നും ഗുരുവചനമുണ്ട്. ശീലിച്ചാൽ ഒന്നും പ്രയാസമില്ലെന്നും, തീയിലും നടക്കാമെന്നുമുള്ള ജീവിത വീക്ഷണം, കഠിന പരിശ്രമം ജീവിത വ്രതമാക്കുന്നതിനെയാണ് ലക്ഷ്യമിടുന്നത്! നാം ദൈവത്തിന്റെ പ്രതിപുരുഷൻ മാത്രമാണെന്നും, ശരീരം വെറും ജഡമാണെന്നുമുള്ള ഉൾക്കാഴ്ച പകരുക വഴി ആത്മീയതയുടെ പാരമ്യതയിലാണ് നമ്മെ എത്തിച്ചത്. അനാവശ്യമായ ധനവ്യയം ഒരു മംഗളകർമ്മത്തിനും പാടില്ലയെന്നും, എല്ലാവരും ഈശ്വരനെയാണ് ആരാധിക്കുന്നതെന്നും, ബിംബത്തെ അല്ലെന്നും ഗുരു നമ്മെ ഉദ്്ബോധിപ്പിച്ചു. സാധുക്കൾക്ക് ഭിക്ഷയോ, ദാനമോ കൊടുക്കുന്നതിനേക്കാൾ ഉത്തമമാണ് അവർക്ക് തൊഴിൽ നല്കുന്നത് എന്ന ഉപദേശത്തിലൂടെ തൊഴിലിന്റെ മാഹാത്മ്യമാണ് പകർന്നുതന്നത്. സത്യത്തിൽ ആരായിരുന്നു ശ്രീ നാരായണ ഗുരു! ഇപ്പോൾ, ചിലരൊക്കെ പറഞ്ഞു സമർത്ഥിക്കാൻ ശ്രമിക്കുന്നതു പോലെ സാക്ഷാൽ നാരായണന്റെ ഒരു അവതാരമായിരുന്നോ?പക്ഷേ, അത് ഗുരുദേവൻ സമ്മതിക്കുമെന്നു പ്രതീക്ഷിക്ക വയ്യ! സന്യാസി വേഷം ഒരിക്കലും ശീലമാക്കാതെ,തൃപ്പാദങ്ങൾ, എല്ലാ സന്യാസിമാരുടേയും സന്യാസിയായിരുന്നു എന്ന് അവിടത്തെ ജീവിതം പഠിക്കാൻ ശ്രമിക്കുന്നവരറിയുന്നു. മതനിരപേക്ഷതയെ പറ്റിയുള്ള ഗുരുവിന്റെ വീക്ഷണമാണ്, നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയെന്നു പഠിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ബ്രഹ്മവിദ്യയിലും, വൈദ്യത്തിലുമുണ്ടായിരുന്ന ഗുരുതൃപ്പാദങ്ങളുടെ അറിവിനെപ്പറ്റി അഭിപ്രായം പറയാൻ തന്നെ നമ്മളശക്തരാണ്! ഗുരുവിനെ അറിയാനായി നന്നായി പഠിക്കണം. അതിലേക്ക് ഗുരുദേവൻ നമ്മെ അനുഗ്രഹിക്കട്ടെ. ആ ജ്യോതിസിന്റെ വെളിച്ചം നമ്മുടെ ജീവിതത്തെ ലക്ഷ്യബോധമുള്ളതും, പ്രകാശമുള്ളതുമാക്കണമെന്ന് മഹാഗുരുവിനോടു പ്രാർത്ഥിക്കുന്നു."" ഇപ്രകാരം പ്രഭാഷകൻ അവസാനിപ്പിച്ചപ്പോൾ, സദസ്യരിൽ മിക്കവരും ഗുരുദേവദർശനം കിട്ടിയ ഒരു അനുഭൂതിയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |