വീട്ടുമുറ്റത്തുള്ള ഊഞ്ഞാലിൽ ഇരുന്നു സന്തോഷപൂർവ്വം ആടി രസിച്ചുകൊണ്ടിരുന്ന ഒരു വൃദ്ധനെ കണ്ടിട്ടു വഴിപോക്കനായ ഒരാൾ ചോദിച്ചു, 'അമ്മാവാ! നിങ്ങൾ വളരെ സന്തോഷവാനാണല്ലോ. നിങ്ങളുടെ സന്തോഷത്തിന്റെ രഹസ്യമെന്താണ്?" വൃദ്ധൻ മറുപടി പറഞ്ഞു, 'ഞാൻ ദിവസവും ആറു പാക്കറ്റു പ്രത്യേകതരം സിഗരറ്റു വലിക്കും, ആഴ്ചയിൽ ഒരു പെട്ടി വിസ്ക്കി കുടിച്ചു തീർക്കും. മൂന്നുനേരവും ഇറച്ചി കഴിക്കും എന്നാൽ വ്യായാമമൊന്നും ചെയ്യാറില്ല." 'നിങ്ങൾ പറഞ്ഞത് എനിക്ക് വിശ്വസിക്കാനാവുന്നില്ല." ആ വഴിപോക്കൻ പറഞ്ഞു, 'ആട്ടെ നിങ്ങൾക്ക് എത്ര വയസായി ?"
'ഇരുപത്തിയാറ്."
കഥയിലെ യുവാവിനെപ്പോലുള്ളവരുടെ എണ്ണം ഇപ്പോൾ വല്ലാതെ പെരുകുകയാണ്. നമ്മുടെ യുവതലമുറയിലും കുട്ടികളിലും ലഹരിവസ്തുക്കളുടെ ഉപയോഗം ആശങ്കയുളവാക്കുന്ന വിധത്തിൽ കൂടിവരുന്നു. അതൊരു തീരാവ്യാധിപോലെ സമൂഹത്തിനെ കാർന്നു തിന്നുകയാണ്. സ്വന്തം സുഖം മാത്രം തേടിയുള്ള മനുഷ്യന്റെ പോക്കാണ് അവനെ മദ്യത്തിലും മയക്കുമരുന്നിലും കൊണ്ടു ചെന്നെത്തിക്കുന്നത്. അല്പസമയത്തേക്ക് എല്ലാം മറക്കുവാൻ ഈ ലഹരിവസ്തുക്കൾ സഹായിച്ചേക്കാം. എന്നാൽ, ഇതുമൂലം ശരീരത്തിന്റെ ഓജസും തേജസും നഷ്ടപ്പെട്ട് സ്വയം നശിക്കുകയാണെന്ന് അവർ അറിയുന്നില്ല. കൂടാതെ, ആരോഗ്യം ക്ഷയിച്ച് അകാലത്തിൽ വാർദ്ധക്യം ബാധിച്ചു മരിക്കുകയും ചെയ്യുന്നു. വീടിനും നാടിനും ഉപകാരികളായിത്തീരേണ്ടവർ സ്വയം നശിക്കുന്നു. മറ്റുള്ളവരെയും ദ്രോഹിക്കുന്നു.
ഈ ലഹരിവസ്തുക്കളിൽ നിന്ന് വാസ്തവത്തിൽ നമുക്ക് ആനന്ദം കിട്ടുന്നുണ്ടോ? ബീഡിയിലും സിഗരറ്റിലും കള്ളിലും കഞ്ചാവിലും മറ്റുമാണോ ആനന്ദം? ഒരു നായ എല്ലിൻ കഷ്ണത്തിൽ കടിക്കുമ്പോൾ അതിന്റെ തന്നെ മോണ കീറി ചോര വരുന്നു. ചോര എല്ലിൽ നിന്നു വരുന്നതാണെന്നു കരുതി അത് എല്ല് വീണ്ടും വീണ്ടും കടിച്ചുകൊണ്ടിരിക്കും. ഇതുപോലെയാണ് ലഹരിവസ്തുക്കളിൽ നിന്ന് ആനന്ദം നേടുവാൻ ശ്രമിക്കുന്നവർ ചെയ്യുന്നത്. വാസ്തവത്തിൽ ആനന്ദം നമ്മുടെ ഉള്ളിലാണ്. ലഹരിവസ്തുക്കളിൽ നിന്നാണ് ആനന്ദം ലഭിക്കുന്നതെന്നുള്ളത് നമ്മുടെ വെറും തോന്നൽ മാത്രമാണ്.
തെറ്റായ കൂട്ടുകെട്ടുകളാണ് പലപ്പോഴും ഒരുവനെ മദ്യപാനത്തിലേക്കും ലഹരിവസ്തുക്കളുടെ ഉപയോഗത്തിലേക്കുമൊക്കെ നയിക്കുന്നത്. സൗഹൃദം വേണ്ടത് തന്നെയാണ്. എന്നാൽ സൗഹൃദത്തിനുവേണ്ടി സ്വയം നശിക്കാൻ നമ്മൾ തയ്യാറാകരുത്. നോ പറയേണ്ടിടത്ത് അതു പറയാനുള്ള കരുത്ത് നമുക്ക് വേണം.വലിയ പ്രതീക്ഷയോടെയാണ് അച്ഛനമ്മമാർ കുട്ടികളെ വിദ്യാലയങ്ങളിലേക്കും കോളേജുകളിലേക്കും അയക്കുന്നത്. അവരുടെ കഷ്ടപ്പാടിനും ത്യാഗത്തിനും വില നൽകുന്ന ഒരു പുത്രനും പുത്രിക്കും സ്വയം നശിപ്പിക്കുന്ന ലഹരി വസ്തുക്കളുടെ ലോകത്തിലേക്ക് പോകാനാവില്ല. പോയാൽ അത് അവരിലുള്ള എല്ലാ നന്മയുടെയും അവസാനമായിരിക്കും. ലഹരി എന്നത് ഒരു മഹാഗർത്തമാണ്. അതിൽ വീണശേഷം പിന്നീട് അതിൽ നിന്ന് മുക്തനാവുക എന്നത് പ്രയാസമുള്ള കാര്യമാണ്. അത് മനസിലാക്കി തുടക്കത്തിൽ തന്നെ പിന്തിരിയുകയാണ് വേണ്ടത്. നമ്മുടെ സമൂഹത്തെ കാർന്നു തിന്നുന്ന ഈ മഹാവ്യാധിയിൽ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കണമെങ്കിൽ സർക്കാരും പൊതുജനങ്ങളും അദ്ധ്യാപകരും മാതാപിതാക്കളും കുട്ടികൾ തന്നെയും ഒത്തൊരുമിച്ച് പ്രയത്നിക്കേണ്ടിയിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |