'സുമതി വളവ് " കടന്ന് മാളവിക മനോജ് വീണ്ടും തമിഴിൽ. നടൻ രവി മോഹൻ ( ജയം രവി) നിർമ്മിക്കുന്ന 'ബ്രോ കോഡ് "എന്ന ആദ്യ ചിത്രത്തിൽ മൂന്നു നായികമാരിൽ ഒരാളായി മാളവിക. അർജുൻ അശോകൻ ആണ് മാളവികയുടെ നായകൻ. സുമതി വളവിന്റെ മികച്ച വിജയത്തിനുശേഷം ഇരുവരും നായകനും നായികയുമായി എത്തുന്നു. അർജുന്റെ തമിഴ് അരങ്ങേറ്റവുമാണ്.പുത്തൻ പ്രതീക്ഷയിൽ മലയാളത്തിലും തമിഴിലും തെലുങ്കിലും സജീവമായ മാളവിക സംസാരിക്കുന്നു.
ഏറെ സവിശേഷതയുമായി എത്തുന്ന ബ്രോകോഡിൽ എങ്ങനെ ഭാഗമാകാൻ കഴിഞ്ഞു?
'സുമതി വളവ് " റിലീസായ സമയത്താണ് വിളി വരുന്നത്. ഒരാഴ്ചക്കകംനായികയായി തീരുമാനിക്കുകയും ചെയ്തു. അർജുൻ ചേട്ടന്റെ നായികയായി അഭിനയിക്കുന്ന രണ്ടാമത്തെ സിനിമ എന്ന നിലയിൽ 'ബ്രോ കോഡ്" സന്തോഷം തരുന്നുണ്ട്. വലിയൊരു നിർമ്മാണ കമ്പനി. രവി മോഹൻ, എസ്.ജെ. സൂര്യ എന്നിവരുടെ ഒപ്പം ആദ്യമായി സിനിമ ചെയ്യുന്നതിന്റെ സന്തോഷം വളരെ വലുതാണ് .മലയാളത്തിനേക്കാൾ കൂടുതൽ അറിയപ്പെടുന്നത് തമിഴിൽ ആണ്. അതുകൊണ്ടായിരിക്കും തമിഴിൽ നിന്ന് കൂടുതൽ അവസരം ലഭിക്കുന്നത്.
സിനിമയിൽ വരണമെന്ന ആഗ്രഹവും ഇഷ്ടവും എപ്പോഴാണ് തോന്നി തുടങ്ങുന്നത്?
മേലാറ്റൂർ ആണ് നാട്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഓഡിഷൻ കാൾ കണ്ടു അമ്മ അയച്ചു. ആദ്യത്തെ രണ്ടു റൗണ്ട് കഴിയുന്നതുവരെ വീട്ടിൽ ആരും അറിഞ്ഞില്ല. അമ്മയുടെ ആഗ്രഹത്തിന് 'പ്രകാശൻ പറക്കട്ടെ "സിനിമയുടെ ഓഡിഷന് കോഴിക്കോട് പോയി. അവിടെ അവർ സീൻ ചെയ്യാൻ തന്നു. രണ്ടുമാസം കഴിഞ്ഞ് ആക്ടിംഗ് ക്ലാസിനെ വിളിച്ചു. പോയപ്പോൾ ആണ് അറിയുന്നത് അടുത്ത ദിവസം ഷൂട്ട് തുടങ്ങുന്നു എന്ന്. മാത്യു തോമസിന്റെ നായികയായി ഞാനാണ് എന്നും. സിനിമയിലേക്കുള്ള വരവിന് സംവിധായകൻ ഷഹദിക്കയോട് ആണ് കടപ്പാട്.
അഭിനയിച്ച ശേഷം എന്താണ് സിനിമ?
സിനിമയിൽ വരാൻ കഴിയുന്നത് ഭാഗ്യമാണ്. ഇഷ്ടമാണ് സിനിമ . പ്രത്യേകിച്ചു ഒന്നും മുൻകൂട്ടി തീരുമാനിച്ചല്ല ഒരു സിനിമയുടെ ഭാഗമാകുക . എല്ലാ സിനിമയുടെയും പിന്നിൽ നല്ലൊരു ടീം ഉണ്ടാകും അവരുടെ അടുത്തെത്തമ്പോൾ ആ മൂഡിലേക്ക് എത്തും. തിരക്കഥ വായിക്കും. ക്യാമറയുടെ മുന്നിൽ എത്തുമ്പോൾ കഥപാത്രമായി മാറും. അല്ലാതെ പ്രത്യേകിച്ചു അതിനു വേണ്ടി മുന്നൊരുക്കം ഒന്നും ചെയ്യാറില്ല. നല്ല സൗഹൃദങ്ങൾ സിനിമ തന്നു. താല്പര്യം തോന്നാത്ത സിനിമ ചെയ്യാറില്ല.നല്ല സിനിമകൾ കിട്ടിയാൽ ചെയ്യും.
തമിഴിലെയുംതെലുങ്കിലെയും യാത്രയെ എങ്ങനെ വിലയിരുത്തുന്നു ?
'പ്രകാശൻ പറക്കട്ടെ "ചെയ്യുന്നതുവരെ സിനിമലോകവുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു. അതിനു ശേഷം തമിഴിൽ 'ഹബീബി "ചെയ്യുന്നത്. പിന്നാലെ 'ജോ". ആദ്യം റിലീസ് ആയതും ആളുകൾ അറിഞ്ഞുതുടങ്ങിയതും ജോയിലൂടെ ആണ്. ഉരുഗി എന്ന പാട്ട് വലിയ പ്രശസ്ത തന്നു. തെലുങ്കിൽ ആദ്യ സിനിമ 'ഓഹ് ഭാമ അയ്യോ രാമ "ജൂലായിൽ ആണ് റിലീസ് ചെയ്തത്. അടുത്ത മാസം 'ആൺ പാവം പൊല്ലാത്തതു" റിലീസ് ചെയ്യും.തെലുങ്കിൽ രണ്ടു സിനിമകൾ ആരംഭിക്കാൻ പോവുന്നു.നല്ല സിനിമയും നല്ല കഥാപാത്രവും തമിഴിലും തെലുങ്കിലും ലഭിക്കുന്നു.മലയാളത്തിലും എന്റെ കഥാപാത്രങ്ങൾ എനിക്ക് പ്രിയപ്പെട്ടതാണ്.
സിനിമ തന്നെയാണോ ലക്ഷ്യം?
നല്ലൊരു ജോലിയാണ് ലക്ഷ്യം. എറണാകുളം സെന്റ് തെരേസാസ് കോളേജിൽഇന്റീരിയർ ഡിസൈനിംഗ് പഠിക്കുന്നു.സിനിമ എന്നതിലുപരി പഠനവുമായി ബന്ധപ്പെട്ട് താത്കാലികമായി കൊച്ചിയിലേക്ക് താമസംമാറി.അച്ഛൻ മനോജ് ദാമോദർ. സൗദിയിൽ ആയിരുന്നു. ഇപ്പോൾ നാട്ടിൽ ബിസിനസ് ചെയ്യുന്നു.അമ്മ പ്രസീത. പ്രൊഫഷണൽ ഡാൻസറും അധ്യാപികയുമാണ്.അമ്മയാണ് ഗുരു.എട്ടാം ക്ളാസ് വരെ ഞാൻ ജിദ്ദയിൽ ആണ് പഠിച്ചത് . ചേട്ടൻ വിഷ്ണു . ബംഗ്ളൂരുവിൽ എം.ബി.എ ചെയ്യുന്നു. അനിയത്തി മീനാക്ഷി. മൂന്നാംക്ലാസിൽ പഠിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |