മലയാളികളുടെ സ്വന്തം മമ്മൂട്ടിയുടെ 74-ാം പിറന്നാൾ ദിനമാണ് ഇന്ന്. ഒരോ വേഷങ്ങൾ ചെയ്യുമ്പോഴും അതിൽ സ്വയം നവീകരണം നടത്തിക്കൊണ്ടിരിക്കുന്ന നടനാണ് മമ്മൂട്ടി. കഴിഞ്ഞ ഏഴുമാസത്തോളമായി ചികിത്സയും വിശ്രമവുമായി കഴിയുകയായിരുന്നു താരം. പിറന്നാൾ ദിനം പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ താരത്തിന്റെ ചെന്നൈയിലെ വീടിന് മുന്നിൽ ആരാധകർ എത്തിയപ്പോൾ അവരെ നിരാശപ്പെടുത്താതെ ഫോണിൽ നന്ദി അറിയിക്കുകയായിരുന്നു മമ്മൂട്ടി.
അതേസമയം ഗ്രേറ്റ് ഫാദർ ഷൂട്ടിംഗിനിടെ സ്വാമി പ്രകാശാനന്തയോടൊപ്പം മമ്മൂട്ടി പരസ്യമായി പിറന്നാൾ ആഘോഷിച്ചതിനെക്കുറിച്ച് സംസാരിക്കുയാണ് ഓസ്ട്രേലിയയിൽ താമസിക്കുന്ന പ്രവാസിയും മമ്മൂട്ടിയുടെ ഏറ്റവും അടുത്ത ആളുകളിൽ ഒരാളായ റോബർട്ട് കുര്യാക്കോസ് . ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിനോടപ്പമുള്ള പിറന്നാൾ ദിനത്തെക്കുറിച്ച് റോബർട്ട് ഓർമ്മിച്ചത്. ലൊക്കേഷനിൽ വച്ച് പിറന്നാൾ ആഘോഷിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
'ഒരിക്കൽ സെറ്റിൽ വച്ച് പിറന്നാൾ ആഘോഷം നടന്നു. പ്രകാശാനന്ത സ്വാമികളുടെ സെക്രട്ടറി വിളിച്ചിട്ട് പറഞ്ഞു നാളെയല്ലേ മമ്മൂട്ടിയുടെ ജന്മദിനം. ഞാൻ അതേ എന്ന് പറഞ്ഞു. സ്വാമിജി കുറച്ചു പായസം കൊണ്ട് വരുന്നുണ്ട്. നമുക്ക് അത് ലൊക്കേഷനിൽ കൊണ്ട് പോയി മമ്മൂക്കയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞു. സ്വാമിജിക്ക് മമ്മൂക്കയെ ഭയങ്കര ഇഷ്ടമാണ്. ഇവർ തമ്മിൽ ഭയങ്കര വ്യക്തിബന്ധമൊക്കെ ഉണ്ടായിരുന്നു.മമ്മൂക്കയുടെ സുഹൃത്തായ ജോർജ്ജേട്ടനോട് പറഞ്ഞു ഇങ്ങനെയൊരു സംഭവമുണ്ടെന്ന്. നമുക്ക് നേരിട്ട് പറയാനൊരു ധൈര്യമില്ല ഇതാണ് കാര്യമെന്ന്.
പ്രത്യേകിച്ച് ജന്മദിനത്തിന്റെ കാര്യങ്ങളൊക്കെ. അപ്പോൾ മമ്മൂക്ക പറഞ്ഞു അതിന്റെയൊന്നും ആവശ്യമില്ല. നമുക്കൊരു കാര്യം ചെയ്യാം സ്വാമിജിയെ ഹോട്ടലിൽ വച്ച് കാണാം. അല്ലെങ്കിൽ സ്വാമിജി എവിടെയാ ഉള്ളത് നമുക്ക് അങ്ങോട്ട് പോയി കാണാം. അതായത് ലൊക്കേഷനിലാണെങ്കിൽ ഇവരെല്ലാം കാണുമല്ലൊ. എന്നാ ശരി നമുക്ക് പ്രൈവറ്റ് ആയിട്ട് കാണാമെന്ന് പറഞ്ഞു. പിന്നെ ഞങ്ങൾ അക്കാര്യം സംസാരിച്ചില്ല. പിന്നീട് അടുത്ത ദിവസം ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ സ്വാമിജി വലിയ രണ്ട് ബക്കറ്റിൽ പായസവുമായിട്ട് തൃശ്ശൂരിൽ ഗ്രേറ്റ് ഫാദറിന്റെ ലൊക്കേഷനിൽ വന്നു. പിന്നെ വേറെ മാർഗമൊന്നുമില്ല. അതാണെന്ന് തോന്നുന്നു അദ്ദേഹം പരസ്യമായിട്ട് ബർത്ത് ഡേ ആഘോഷിച്ചത്.' റോബർട്ട് കുര്യാക്കോസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |