തിരുവനന്തപുരം: ശബരിമലയിലെ ആചാരലംഘനത്തിന് കൂട്ടുനിന്നതിന് പ്രായശ്ചിത്തമായാണോ സംസ്ഥാന സർക്കാർ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നതെന്ന ചോദ്യവുമായി ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ.
പത്തുവർഷം അധികാരത്തിൽ ഇരുന്നിട്ട് ശബരിമലയ്ക്കായി ഒന്നും ചെയ്യാത്തവർ ഈ അവസാന നിമിഷത്തിൽ അയ്യപ്പസംഗമം നടത്തുന്നത് ശബരിമലയുടെ വികസനത്തിന് വേണ്ടിയാണെന്ന് പറയുന്നത് ആരുടെ കണ്ണിൽ പൊടിയിടാനാണ്? നവംബറിൽ ശബരിമല തീർത്ഥാടനം ആരംഭിക്കുകയാണ്. അയ്യപ്പസംഗമത്തിലൂടെ എന്തു തീരുമാനമെടുത്താലും അത് അടുത്ത വർഷം മാത്രമേ നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ. അപ്പോഴേക്കും ഇലക്ഷൻ വരികയും സർക്കാർ മാറുകയും ചെയ്യുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട കോടതിവിധി ഉണ്ടായപ്പോൾ ഒരിക്കലും കാണിക്കാത്ത ധൃതിയാണ് സംസ്ഥാന സർക്കാർ കാണിച്ചത്. അന്ന് വിശ്വാസികളെ പരസ്യമായി വെല്ലുവിളിച്ച സർക്കാരാണ് പിണറായി വിജയന്റേത്. നവോത്ഥാന മതിൽ കെട്ടിയപ്പോൾ ഒരു പ്രത്യേക സമുദായത്തിൽ പെട്ടവരെ കൂടുതലായി അണിനിരത്തി സമുദായ സ്പർദ്ധ ഉണ്ടാക്കാൻവരെ ഈ സർക്കാർ ശ്രമിച്ചു. അന്ന് വിശ്വാസി സമൂഹത്തോട് കാണിച്ച ക്രൂരതകൾക്ക് ആത്മാർത്ഥമായ പ്രായശ്ചിത്തമാണോ, അതോ, കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരമ്പരാഗതമായി ഇടതുമുന്നണിയെ പിന്തുണച്ചിരുന്ന പല ജനവിഭാഗങ്ങളും അകന്നുപോയെന്ന് തിരിച്ചറിഞ്ഞു കൊണ്ടുള്ള ഇലക്ഷൻ തന്ത്രം മാത്രമാണോ അയ്യപ്പസംഗമം എന്നും ഷിബു ബേബിജോൺ ചോദിച്ചു.
ആത്മാർത്ഥമാണെങ്കിൽ ചില കാര്യങ്ങൾക്ക് സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പന്തളത്ത് നടന്ന നാമജപ ഘോഷയാത്രയ്ക്ക് നേരെ സിപിഎം പാർട്ടി ഓഫീസിൽ നിന്നുണ്ടായ കല്ലേറിൽ ചന്ദ്രൻ ഉണ്ണിത്താൻ എന്നയാൾ കൊല്ലപ്പെട്ട കേസിൽ തുടർനടപടികൾ എന്തായി? അതിലെ പ്രതിപട്ടികയിലടക്കം തിരുത്തലുകൾ വരുത്തി യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കാൻ നടത്തുന്ന ശ്രമത്തിൽ നിന്നും സർക്കാരും സിപിഎമ്മും പിൻവാങ്ങുമോ? ഈ അയ്യപ്പ സംഗമത്തിൽ കനക ദുർഗ, ബിന്ദു എന്നിവർ പങ്കെടുക്കുമോ? ശബരിമലയിൽ കയറാനായി കനകദുർഗയേയും ബിന്ദുവിനെയും തലേദിവസം കോട്ടയത്ത് പോലീസ് സംരക്ഷണത്തിലാണ് പാർപ്പിച്ചിരുന്നതെന്നും, അന്ന് രാത്രിയിൽ അവർ ആവശ്യപ്പെട്ടതനുസരിച്ച് പൊറോട്ടയും ബീഫും വാങ്ങി നൽകിയിരുന്നുവെന്നുമുള്ള, അന്ന് പുറത്തുവന്ന വാർത്തകളിൽ മന്ത്രി വാസവന്റെ പ്രതികരണം എന്താണെന്നും അദ്ദേഹം ചോദിച്ചു. വിശ്വാസികളെ മുറിവേൽപ്പിച്ച ഈ വിഷയങ്ങളിൽ സർക്കാരിന്റെ നിലപാട് പ്രഖ്യാപിച്ചാൽ മാത്രമേ 2018ലെ പ്രശ്നങ്ങളിൽ സർക്കാരിന് കുറ്റബോധം ഉണ്ടെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ എൻജിനീയറിങ് എന്ന വാക്കിനെ പിണറായി വിജയൻ കമ്മ്യൂണൽ എഞ്ചിനീയറിങ് എന്ന് മാറ്റിയിരിക്കുകയാണ്. ഓരോ സമുദായത്തെയും അദ്ദേഹം തരാതരം പോലെ പ്രീണിപ്പിക്കുകയാണ്. ഭക്തജന സംഗമങ്ങൾ നടത്തേണ്ട ഉത്തരവാദിത്തമാണോ ഒരു ഇടതുപക്ഷ സർക്കാരിനുള്ളതെന്നും ഷിബു ബേബിജോൺ ചോദിച്ചു . ബിജെപി രാഷ്ട്രീയത്തിൽ നിന്നും എന്തു വ്യത്യാസമാണ് പിണറായി സർക്കാരിനുള്ളത്. കേരള രാഷ്ട്രീയത്തിൽ ബിജെപിക്ക് ഇടം ഒരുക്കി കൊടുക്കുവാനുള്ള ചുമതലയാണ് പിണറായി വിജയൻ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ പാർലമെന്റ് ഇലക്ഷൻ വരെ കടുത്ത ന്യൂനപക്ഷ പ്രേമം ആയിരുന്നു ഈ സർക്കാരിന്. ഇലക്ഷൻ ഫലം എതിരായപ്പോൾ ഇപ്പോൾ ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കാൻ നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |