
കോഴിക്കോട്: കുപ്പിവെള്ളം ഹിറ്റായതോടെ 'ഹില്ലി അക്വാ' ബ്രാൻഡിൽ ഐസ് ക്യൂബുകളും വിപണിയിലെത്തിക്കാൻ ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ. തിരുവനന്തപുരം അരുവിക്കരയിലെ പ്ലാന്റിലാണ് നിർമ്മാണ യൂണിറ്റ്. ബുള്ളറ്റ് രൂപത്തിലുള്ള ഐസ് ക്യൂബുകൾ 'മിനറൽ ഐസ്' എന്ന പേരിൽ ഉടൻ വിപണിയിലെത്തിക്കും.
ദിവസം 750 കിലോയാകും ഉത്പാദിപ്പിക്കുക. ഒന്ന്, രണ്ട്, അഞ്ച് കിലോ പാക്കറ്റുകളിലാകും വിപണിയിലെത്തുക. വില ഉടൻ നിശ്ചയിക്കും. പദ്ധതി വിജയിച്ചാൽ ഉത്പാദനം മറ്റ് പ്ലാന്റുകളിലേക്കും വ്യാപിപ്പിക്കും.
കുപ്പിവെള്ളം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള വെള്ളമാണ് ഐസ് ഉണ്ടാക്കാനും ഉപയോഗിക്കുക. കുപ്പിവെള്ളം ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന അതേ വെള്ളം ഉപയോഗിച്ച് ഐസ് നിർമ്മിക്കുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റായിരിക്കും ഇത്.
കുപ്പിവെള്ളത്തിന്
കൂടുതൽ പ്ലാന്റുകൾ
തൊടുപുഴ, അരുവിക്കര പ്ലാന്റുകൾക്ക് പുറമേ കട്ടപ്പന, പേരാമ്പ്ര, ആലുവ എന്നിവിടങ്ങളിലും പ്ലാന്റുകൾ സ്ഥാപിച്ച് കുപ്പിവെള്ള ഉത്പാദനം ഇരട്ടിയാക്കും. ആലുവയിൽ 20 ലിറ്റർ ജാറിന്റെ പ്ലാന്റാണ് സ്ഥാപിക്കുന്നത്. തൊടുപുഴ, അരുവിക്കര പ്ലാന്റുകളിൽ പ്രതിദിനം 90,800 ലിറ്റർ കുപ്പിവെള്ളം ഉത്പാദിപ്പിക്കുന്നു. കൂടുതൽ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്ന നടപടികളും പുരോഗമിക്കുന്നു. ഇതുവരെ ഒന്നര, അര ലിറ്ററുകളുടെ 51,228 ലിറ്റർ കുപ്പിവെള്ളം കയറ്റി അയച്ചു. തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും വിതരണമുണ്ട്.
വിറ്റുവരവിൽ
30% വർദ്ധന
2024- 25 സാമ്പത്തിക വർഷം 11.4 കോടിയാണ് കുപ്പിവെള്ളത്തിന്റെ വിറ്റുവരവ്
കഴിഞ്ഞ സാമ്പത്തിക വർഷം 8.75 കോടി. 30 ശതമാനത്തിന്റെ വർദ്ധന
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |