സെസ് ഏർപ്പെടുത്താൻ അനുമതി നൽകണം
ന്യൂഡൽഹി: ജി.എസ്.ടി പരിഷ്ക്കരണം കാരണം കേരളത്തിനുണ്ടാകുന്ന വൻറവന്യൂ നഷ്‌ടം ശ്രദ്ധയിൽപ്പെടുത്തിയിട്ടും കേന്ദ്രസർക്കാർ മുഖം തിരിച്ചു നിൽക്കുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 8000 മുതൽ 10,000 കോടി രൂപവരെ വാർഷിക വരുമാനം കുറയാൻ സാദ്ധ്യതയുണ്ട്. കേരളത്തിന്റെ ആശങ്ക കേൾക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. കഴിഞ്ഞദിവസത്തെ ജി.എസ്.ടി കൗൺസിലിൽ ഗൗരവമായ ചർച്ചയ്‌ക്ക് കേന്ദ്രം തയ്യാറായില്ല. നഷ്‌ടം എങ്ങനെ നികത്തുമെന്നതിൽ വ്യക്തത വരുത്തുന്നില്ല. ജി.എസ്.ടി കൗൺസിലിൽ പ്രതിഷേധം രേഖപ്പെടുത്തി. ഏറെനേരം തർക്കമുണ്ടായി. പ്രതീക്ഷയോടെയാണ് പോയതെങ്കിലും തലയ്‌ക്കടിയേറ്റതുപോലെയായെന്ന് കെ.എൻ. ബാലഗോപാൽ ഡൽഹിയിൽ പറഞ്ഞു. ചെറിയ നഷ്‌ടം മാത്രമേ വരികയുള്ളുവെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. സെസ് ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകണമെന്നും റവന്യൂ വരുമാനം പങ്കിടുന്നത് 60% കേന്ദ്രത്തിനും, 40% സംസ്ഥാനത്തിനും എന്ന അനുപാതത്തിലാക്കണമെന്നും ആവശ്യപ്പെട്ടു. ഈ ബുദ്ധിമുട്ടുകൾക്കിടയിലും നിറവാർന്ന ഓണം ഉറപ്പിച്ചു. വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിഞ്ഞെന്നും ബാലഗോപാൽ അവകാശപ്പെട്ടു.
കേന്ദ്ര ഇടപെടൽ അനിവാര്യം
റവന്യൂ നഷ്‌ടം മറികടക്കുന്നതിൽ കേന്ദ്രസർക്കാർ ഇടപെടൽ അനിവാര്യമാണ്. കേരളത്തിന് ഇൻഷ്വറൻസ് മേഖലയിൽ മാത്രം 900 കോടിയുടെ കുറവുണ്ടാകും. സിമന്റ്, ഓട്ടോമൊബൈൽസ്, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ ജി.എസ്.ടി പരിഷ്ക്കരണത്തിൽ 2500 കോടിയിൽപ്പരം നഷ്‌ടം വരും. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും നഷ്‌ടം എത്രയാണെന്ന് കൃത്യമായ കണക്കില്ല. ബി.ജെ.പി സംസ്ഥാനങ്ങളെയും ബാധിക്കുന്ന കാര്യമാണ്. ജി.എസ്.ടിക്ക് പകരം പഴയ നികുതി സംവിധാനമായിരുന്നെങ്കിൽ 40 മുതൽ 50% വരെ അധികവരുമാനം ലഭിക്കുമായിരുന്നുവെന്നും ബാലഗോപാൽ പറഞ്ഞു.
ലോട്ടറി നിർദ്ദേശം കേട്ടില്ല
ലോട്ടറിയുടെ ജി.എസ്.ടി 28%ൽ നിന്ന് 40% ആയി വർദ്ധിക്കുന്നത് കേരളത്തിനെയും പശ്ചിമബംഗാളിനെയുമാണ് ഏറെ ബാധിക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ മാത്രമാണ് പേപ്പർ ലോട്ടറിയുള്ളത്. കേരളത്തിൽ സർക്കാരാണ് ലോട്ടറി വ്യാപാരം നടത്തുന്നത്. വരുമാനത്തിന്റെ പകുതിയിലേറെ കേന്ദ്രത്തിന് നൽകേണ്ട സാഹചര്യമാണ്. ഒന്നുകിൽ 28% നികുതി തുടരണം. അല്ലെങ്കിൽ ലോട്ടറി നികുതി സംസ്ഥാനങ്ങൾക്ക് നൽകണം.ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും കേൾക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല.
കൊള്ളലാഭത്തിന്
കളമൊരുക്കരുത്
നികുതി കുറയുമ്പോൾ കമ്പനികൾ ഉത്പന്നങ്ങൾക്ക് വില കൂട്ടാൻ സാദ്ധ്യതയുണ്ട്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. സിമന്റ് കമ്പനികൾ 30 രൂപ കൂട്ടാൻ നീക്കം ആരംഭിച്ചു. നികുതിയിളവിൽ ജനത്തിന് 30 രൂപയോളം പ്രയോജനം ലഭിക്കുന്നത് തട്ടിയെടുക്കാനാണ് കമ്പനികൾ തുക വർദ്ധിപ്പിക്കുന്നതെന്നും ബാലഗോപാൽ വ്യക്തമാക്കി.
കോംപൻസേഷൻ സെസും
പുകയില, ആഢംബരകാറുകളും ബൈക്കുകളും ഉൾപ്പെടെയുള്ള സൂപ്പർ ലക്ഷ്വറി ഉത്പന്നങ്ങൾ തുടങ്ങിയവയ്‌ക്ക് 40% പ്രത്യേക നികുതി ഏർപ്പെടുത്തിയെങ്കിലും അതിന്റെ പ്രയോജനം സംസ്ഥാനങ്ങൾക്ക് ലഭിക്കില്ല. 40% ജി.എസ്.ടി പ്ലസ് കോംപൻസേഷൻ സെസ് ആണ് ഈടാക്കുന്നത്. കോംപൻസേഷൻ സെസിലെ വരുമാനം കേന്ദ്രം കൊണ്ടുപോകും. ഒക്ടോബറോടെ കോംപൻസേഷൻ സെസും അവസാനിക്കും. പകരം സംവിധാനം എന്തെന്നതിൽ കേന്ദ്രം വ്യക്തത വരുത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |