ന്യൂഡൽഹി: കലാപത്തിന്റെ കനലടങ്ങാത്ത മണിപ്പൂരിൽ കുക്കി സായുധ സംഘടനകൾ ആയുധങ്ങൾ താഴെവച്ച് സമാധാനനീക്കങ്ങളുമായി സഹകരിക്കും. സി.ആർ.പി.എഫ്, ബി.എസ്.എഫ് ക്യാമ്പുകളിലേക്ക് ആയുധങ്ങൾ കൈമാറും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മണിപ്പൂർ ഭരണകൂടവും കുക്കി സംഘടനകളും സസ്‌പെൻഷൻ ഓഫ് ഓപ്പറേഷൻസ് കരാറിൽ ഒപ്പുവച്ചതോടെയാണ് വഴിയൊരുങ്ങിയത്. ഒരു വർഷത്തേക്കാണ് കരാർ.
പ്രത്യേക സ്വയംഭരണ പ്രദേശത്തിനായി പോരാടുകയായിരുന്നു കുക്കികൾ.
പുതിയകരാർ പ്രകാരം നിലവിലെ സ്ഥിതി തുടരാനും മണിപ്പൂരിന്റെ പരമാധികാരം അംഗീകരിക്കാനും സമ്മതിച്ചു.
നിരവധി ഘട്ടങ്ങളായി നടത്തിയ ചർച്ചകളാണ് ഫലം കണ്ടത്. തുടക്കത്തിൽ പ്രത്യേക സംസ്ഥാനം വേണമെന്ന നിലപാടിലായിരുന്നു കുക്കി സംഘടനകൾ. പിന്നീട് പ്രത്യേക പ്രദേശം എന്നതിലേക്ക് നിലപാട് മാറ്റി.അതിൽ നിന്നു പിൻവാങ്ങിയതോടെയാണ് കരാർ സാദ്ധ്യമായത്. ഈ മാസം 13ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കരാറിലെത്താൻ കഴിഞ്ഞത് കേന്ദ്രത്തിന് നേട്ടമായി. 2023ൽ സംഘർഷം ആരംഭിച്ചശേഷം ആദ്യമായാണ് മോദി മണിപ്പൂർ സന്ദർശിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി മുതൽ രാഷ്ട്രപതി ഭരണത്തിലായ മണിപ്പൂരിനെ പ്രതിനിധീകരിച്ച് സംസ്ഥാന പൊലീസ് അഡിഷണൽ ഡയറക്ടർ ജനറൽ അശുതോഷ് കുമാറും സംസ്ഥാന ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ അശോകുമാണ് സസ്‌പെൻഷൻ ഓഫ് ഓപ്പറേഷൻസ് പുതുക്കാനുള്ള ചർച്ചകളിൽ പങ്കെടുത്തത്. കുക്കി നാഷണൽ ഓർഗനൈസേഷൻ, യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ട് എന്നീ സംഘടനകളും ഡൽഹിയിൽ ഇന്നലെ നടന്ന ചർച്ചയിൽ പങ്കെടുത്തു.
ദേശീയപാത-2 തുറക്കും
2023ൽ കുക്കി-മെയ്‌തി കലാപം തുടങ്ങിയതു മുതൽ അടച്ചിട്ട ദേശീയപാത-2 തുറക്കാനും ഡൽഹിയിൽ നടന്ന ചർച്ചയിൽ ധാരണയായി. ദേശീയപാത-2ൽ സമാധാനം നിലനിർത്താൻ സുരക്ഷാസേനയുമായി കുക്കി സംഘടനകൾ സഹകരിക്കും. ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ ഈ പാതയാണ് ഇംഫാലിനെ അസം, മിസോറം സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നത്.
വിദേശ പൗരൻമാരെ
ഒഴിവാക്കാൻ പരിശോധന
മണിപ്പൂരിന്റെ പരമാധികാരം അംഗീകരിക്കുമെന്ന് കരാർ
സമാധാനവും സ്ഥാപിക്കാൻ ചർച്ചകൾ തുടരും
സംഘർഷസാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് കുക്കി ക്യാമ്പുകൾ മാറ്റിസ്ഥാപിക്കും
കുക്കി ക്യാമ്പുകളുടെ എണ്ണം കുറയ്ക്കും
വിദേശ പൗരൻമാരെ ഒഴിവാക്കാൻ സുരക്ഷാസേന കർശന പരിശോധന നടത്തും
കരാർ നടപ്പാക്കാനും വിലയിരുത്താനും സംയുക്തസമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |