തിരുവനന്തപുരം: 'അന്യഭാഷകളിലേക്ക് മലയാളത്തിന്റെ ഖ്യാതി എത്തിച്ച മഹാനടനാണ് എന്റെ തൊട്ടരികിൽ ഇരിക്കുന്നത്. മലയാളം എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു...' വാക്കുകൾ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന്റേതാണ്. മഹാനടൻ മധുവിന് ഓണക്കോടിയുമായി കണ്ണമ്മൂലയിലെ വസതിയിലെത്തിയതായിരുന്നു ഗവർണർ. ഒപ്പം ഭാര്യ അനഘ ആർലേക്കറും,കൊച്ചുമകൻ ശ്രീഹരിയും.
നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും തൊട്ടരികിൽ ചിരിതൂകി ഇരുന്നു. കസവുമുണ്ട് ഉടുത്താണ് ഗവർണറെത്തിയത്. ഇത്രയും വിശേഷപ്പെട്ട ദിവസം മധുവിനെ കാണാനായതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. 'മധുവിന്റെ അനുഗ്രഹം വാങ്ങാനാണ് താനെത്തിയത്. കഴിഞ്ഞുപോയതും ഇപ്പോഴത്തേതും ഇനി വരാൻ പോകുന്നതുമായ മൂന്നുതലമുറകളെയാണ് മധു അഭിനയത്തിലൂടെ സ്വാധീനിച്ചിട്ടുള്ളതെന്നും' ഗവർണർ പറഞ്ഞു.
സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത മഹാഭാഗ്യമാണിതെന്ന് മധു ഗവർണർക്ക് മറുപടി നൽകി. ഏതോ ജന്മത്തിൽ ചെയ്ത പുണ്യത്തിന്റെ ഫലമാണിത്. എപ്പോഴും വീട്ടിൽ തന്നെ ഇരിക്കുന്നതിനാൽ ഓണവും വിഷുവുമൊന്നും ഓർക്കാറില്ല. എനിക്കെന്നും ഓണമാണ്. വീട്ടിലിരിക്കുന്നതിനാൽ വണ്ടിയിടിക്കില്ല, പട്ടി കടിക്കില്ല- മധു കൂട്ടിച്ചേർത്തു. മധുവിന്റെ ഗൃഹാതുരത്വം ഉണർത്തുന്ന പഴയകാല ചിത്രങ്ങളെക്കുറിച്ച് സുരേഷ് ഗോപി വാചാലനായി. ഗവർണറെയും കുടുംബത്തെയും മധുവിന്റെ മകൾ ഉമയും മരുമകൻ കൃഷ്ണകുമാറും മധുരം നൽകി സ്വീകരിച്ചു. മധുവിനെ രാജ്ഭവനിലേക്ക് ക്ഷണിച്ചാണ് ഗവർണർ മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |