മൂന്നാർ ഗവ. കോളേജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന പ്രൊഫ. ആനന്ദ് വിശ്വനാഥിന് നേരിട്ട ദുരനുഭവം, നമ്മുടെ കുറ്റവിചാരണ രീതിയുടേയും പരീക്ഷ സമ്പ്രദായത്തിന്റേയും വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണ്. കോപ്പിയടി പിടിച്ചതിന്റെ പകയിൽ, ഒരുകൂട്ടം വിദ്യാർത്ഥിനികൾ അദ്ദേഹത്തെ വ്യാജ പീഡനക്കേസിൽ കുടുക്കിയെന്നാണ് വിചാരണക്കോടതിയുടെ കണ്ടെത്തൽ. കോളേജ് പ്രിൻസിപ്പലും ഇതിനു കൂട്ടുനിന്നതായി പറയുന്നു. 11 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് അദ്ധ്യാപകൻ കുറ്റവിമുക്തനായത്.
പീഡന പരാതികൾ പക വീട്ടാനായി ചമച്ചതാണെന്ന അദ്ധ്യാപകന്റെ വാദമാണ് കോടതി അംഗീകരിച്ചത്. തെറ്റായ പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നതും അന്തിമ റിപ്പോർട്ട് സമർപ്പിച്ചതും. ചില കേസുകളിൽ കീഴ്ക്കോടതി ശിക്ഷ വിധിച്ചിരുന്നു. പ്രോസിക്യൂഷൻ നടപടികൾ ദുരുദ്ദേശ്യത്തോടെയാണെന്ന് (മലിഷ്യസ് പ്രോസിക്യൂഷൻ) ഹർജിക്കാരന് അവകാശപ്പെടാം. നഷ്ടപരിഹാരത്തിനായി നേരിട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്യാം. മാനഹാനി, സമൂഹത്തിനു മുന്നിൽ കുറ്റവാളിയായി നിൽക്കേണ്ടി വന്നതിന്റെ മനോവേദന, സർവീസ് നഷ്ടം, ഇതിനെല്ലാം നഷ്ടപരിഹാരത്തിന് അർഹതയുണ്ട്.
പരാതികൾ വ്യാജമാണെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയാവശ്യപ്പെട്ട് ക്രിമിനൽ കേസും നൽകാം. തൊടുപുഴ അഡിഷണൽ സെഷൻസ് കോടതിയുടെ വിധിക്കെതിരെ എതിർകക്ഷികൾ അപ്പീൽ നൽകാനുള്ള സാദ്ധ്യതയും കണക്കിലെടുക്കണം.
എസ്.എഫ്.ഐ അനുഭാവികളായ വിദ്യാർത്ഥിനികൾ വ്യാജ പരാതികൾ തയ്യാറാക്കിയത് സി.പി.എം ഓഫീസിൽ വച്ചാണെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. എന്നാൽ പാർട്ടി ഓഫീസിൽ വച്ചാണ് പരാതികൾ തയ്യാറാക്കിയതെന്ന വാദം കോടതി മുമ്പാകെ ഉന്നയിച്ചിരുന്നോ എന്നതിൽ വ്യക്തതയില്ല. അതിനാൽ ഇപ്പോൾ അക്കാര്യം ചർച്ചചെയ്യുന്നതിൽ പ്രസക്തിയില്ല.
(പ്രോസിക്യൂഷൻ മുൻ ഡയറക്ടർ ജനറലാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |