ആലപ്പുഴ : നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് 334.85 കോടി കുടിശികയായിരിക്കെ, സംസ്ഥാനം കഴിഞ്ഞദിവസം അനുവദിച്ച 100കോടിയും കർഷകർക്ക് ഓണത്തിന് മുമ്പ് ലഭിക്കില്ല. സപ്ളൈകോ പാഡി ഓഫീസുകളും ബാങ്കുകളും ഓണ അവധിയിലായതിനാൽ ഓണം കഴിഞ്ഞാലേ പണം അക്കൗണ്ടിലെത്തൂ. ബാക്കി 234.85 കോടി രൂപയ്ക്കുള്ള കാത്തിരിപ്പും നീളും.
ബോണസും ഓണം അഡ്വാൻസുമുൾപ്പെടെ സർക്കാർ കോടികളുടെ ബാദ്ധ്യതയിലായിരിക്കെ കേന്ദ്രത്തിൽ നിന്ന് പണം ലഭിച്ചാലേ ശേഷിക്കുന്ന തുക വിതരണം ചെയ്യാനാവൂ. നെല്ല് സംഭരിച്ചാൽ 48 മണിക്കൂറിനകം കർഷകന്റെ അക്കൗണ്ടിൽ പണം നൽകുമെന്നുള്ളതാണ് സപ്ളൈകോയുടെ സംഭരണനയം. അതേസമയം, കഴിഞ്ഞ മാർച്ചിൽ സംഭരിച്ച നെല്ലിന്റെ വിലയാണ് അഞ്ചുമാസംകഴിഞ്ഞിട്ടും നൽകാത്തത്. കഴിഞ്ഞ പുഞ്ചക്കൃഷിയുടെ പണം കുടിശികയായതോടെ കടം വാങ്ങിയാണ് പലരും രണ്ടാംകൃഷിയിറക്കിയത്. നേരത്തെയെത്തിയ കാലവർഷം കാരണം ഇത്തവണ ജൂണിലായിരുന്നു കുട്ടനാട്ടിലെ വിത. രണ്ടാംവളത്തിനും കീടനാശിനി പ്രയോഗത്തിനും മാർഗമില്ലാതെ കർഷകർ അന്തം വിട്ടിരിക്കെ ഓണവുമെത്തി.
ഓണം അവധി വിനയായി
നെല്ല് സംഭരിച്ച വകയിൽ നൽകാനുള്ള തുകയുടെ കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുമ്പോൾ ദുരിതത്തിലാകുന്നത് കർഷകരാണ്.
നെല്ല് സംഭരിച്ചതിന്റെ പണം കേന്ദ്രമാണ് നൽകേണ്ടതെന്ന് സംസ്ഥാനം പഴിക്കുമ്പോൾ,ഭക്ഷ്യധാന്യം വിതരണം ചെയ്തതിന്റെ കണക്ക് നൽകാത്തതാണ് പണം അനുവദിക്കുന്നതിന് തടസമെന്ന വിശദീകരണമാണ് കേന്ദ്രത്തിന്റേത്.
നെല്ല് സംഭരണം
സംഭരിച്ച നെല്ല് ....................................5.80 ലക്ഷം ടൺ
ആകെ കർഷകർ..................................2,06,878
നെൽ വില............................................1,645 കോടി
കൊടുത്തത്.........................................1310.15 കോടി
കഴിഞ്ഞ ദിവസം അനുവദിച്ചത്..........100 കോടി
ബാക്കി..................................... 234.85കോടി
നൂറുകോടി അനുവദിച്ചെങ്കിലും ഓണം അവധിക്ക് ശേഷമേ അത് കർഷകരുടെ അക്കൗണ്ടിലെത്തൂ. പാഡി ഓഫീസിലും ബാങ്കിലും കയറിയിറങ്ങി കർഷകരുടെ നടുവൊടിയുമ്പോൾ കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരി രക്ഷപ്പെടുകയാണ്.
- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |