ന്യൂഡൽഹി: ഡൽഹിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം. ഹിമാചൽപ്രദേശിലെ കുളുവിൽ മണ്ണിടിച്ചിലിനെ തുടർന്ന് മൂന്ന് വീടുകൾ തകർന്ന് ഒരു മരണം. അഞ്ച് പേരെ കാണാതായി. പ്രദേശത്ത് എൻ.ഡി.ആർ.എഫ് സംഘത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം,പരിക്കേറ്റ നാലുപേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം,യമുന നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിൽ തുടരുന്നതിനാൽ ഡൽഹി അതീവ ജാഗ്രതയിലാണ്. ഇന്നലെ ഡൽഹിയിലെ പഴയ റെയിൽവേ പാലത്തിൽ യമുനയിലെ ജലനിരപ്പ് 207.48 മീറ്ററായി രേഖപ്പെടുത്തി. ഡൽഹിയിലും ഹരിയാനയിലും കനത്ത മഴ തുടരുന്നതിനാലും ബരാജിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കിവിടുന്നതിനാലും യമുനയിൽ ജലനിരപ്പ് ഇനിയും ഉയരാനാണ് സദ്ധ്യത.
മയൂർ വിഹാർ ഫേസ് -1 ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ വെള്ളം കയറി. സിവിൽ ലൈൻസ്, കാശ്മീരി ഗേറ്റ്, നജഫ്ഗഡ് ഉസ്മാൻപൂർ, യമുന ഖദർ, മജ്‌നു കാ ടില, സലിംഗഡ്, ഗീത കോളനി തുടങ്ങിയയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. യമുന ബാങ്ക് മെട്രോ സ്‌റ്റേഷനിലേക്കുള്ള റോഡ് വെള്ളത്തിനടയിലായി. വെള്ളം കയറിയതിനെ തുടർന്ന് നിഗംബോധ് ഘാട്ടിലെയും ഗീത കോളനിയിലെയും ശവസംസ്‌കാരങ്ങൾ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി.
ഹരിയാനയിൽ ഘാഗ്ഗർ നദി കരകവിഞ്ഞ് രണ്ട് കുരുക്ഷേത്രയിലെ അയോദ്ധ്യ, കുപിയാൻ ഗ്രാമങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. ടാംഗ്രി നദി കരകവിഞ്ഞ് അംബാലയിൽ ആറ് കോളനികളിൽ വെള്ളം കയറി.
പഞ്ചാബിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 37 ആയി ഉയർന്നു. 23 ജില്ലകളിലായി 1,655 ഗ്രാമങ്ങളെ പ്രളയം ബാധിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. 1,75 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു.
ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് 19,474 പേരെ ഒഴിപ്പിച്ചു. ജമ്മു കാശ്മീരിൽ ജമ്മു-ശ്രീനഗർ ദേശീയപാതയടക്കം ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. പലയിടങ്ങളിലും പാളത്തിൽ വെള്ളം കയറിയതിനാൽ ഇന്നലെ 68 ട്രെയിൻ സർവീസുകൾ റദ്ദാക്കി. 8 വരെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |