കൊൽക്കത്ത: ബംഗാളി കുടിയേറ്റക്കാർക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് പശ്ചിമ ബംഗാൾ നിയമസഭയിൽ നടന്ന ചർച്ചയ്ക്കിടെ കൈയ്യാങ്കളി. 5 ബി.ജെ.പി എം.എൽ.എമാരെ സസ്പെൻഡ് ചെയ്തു. ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ബംഗാളി സംസാരിക്കുന്ന കുടിയേറ്റക്കാർക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചായിരുന്നു ഭരണപക്ഷത്തിന്റെ പ്രമേയം.
പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ സസ്‌പെൻഷൻ ചോദ്യം ചെയ്ത് ബി.ജെ.പി പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. മുഖ്യമന്ത്രി മമത ബാനർജി സഭയെ അഭിസംബോധന ചെയ്യുന്നതിനിടെ ബി.ജെ.പി എം.എൽ.എമാർ പ്രതിഷേധിച്ചു. തുടർന്ന് സഭയിൽ ക്രമക്കേടുണ്ടാക്കിയതിന് ബി.ജെ.പി ചീഫ് വിപ്പ് ശങ്കർ ഘോഷിനെ സ്പീക്കർ ബിമൻ ബാനർജി സസ്‌പെൻഡ് ചെയ്തു. ഘോഷിനെ നിയമസഭാ മാർഷലുകൾ ബലംപ്രയോഗിച്ച് പുറത്താക്കി.
മുദ്രാവാക്യം വിളിച്ച ബി.ജെ.പി എം.എൽ.എമാരായ അഗ്നിമിത്ര പോൾ,മിഹിർ ഗോസ്വാമി,അശോക് ദിണ്ഡ,ബാങ്കിം ഘോഷ് എന്നിവരെയും സസ്‌പെൻഡ് ചെയ്തു. പ്രതിഷേധത്തിനിടെ, തങ്ങൾക്കുനേരെ ഭരണപക്ഷ ബെഞ്ചുകളിൽനിന്ന് വെള്ളക്കുപ്പികൾ എറിഞ്ഞെന്ന് ബി.ജെ.പി. ആരോപിച്ചു. ബംഗാളി ഭാഷയ്ക്കും ദരിദ്രർക്കും പട്ടികജാതിക്കാർക്കും ഹിന്ദുക്കൾക്കും എതിരാണ് ബി.ജെ.പി.യെന്ന് മമത പ്രസംഗത്തിലൂടെ ആരോപിച്ചു. 'ബംഗാളിൽ ഒരു ബി.ജെ.പി എം.എൽ.എ പോലും ഇല്ലാത്ത കാലം ഉടനുണ്ടാവും. ജനങ്ങൾത്തന്നെ അക്കാര്യം ഉറപ്പാക്കും- മമത പറഞ്ഞു. അതേസമയം,മമതയ്ക്ക് എല്ലാം നഷ്ടപ്പെട്ടെന്നും അവർക്ക് തോൽവിയെ ഭയമുണ്ടെന്നും ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |