മലപ്പുറം: സർക്കാർ ആശുപത്രികളിൽ വൈകല്യം നിർണയിക്കുന്നതിനുള്ള മെഡിക്കൽ ബോർഡുകൾ സമയബന്ധിതമായി ചേരാത്തതുമൂലം 38,101 ഭിന്നശേഷിക്കാർക്ക് സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കാതായി. ചികിത്സാസഹായവും പെൻഷനും ഉൾപ്പെടെ ലഭിക്കാൻ ഡിസബിലിറ്റി സർട്ടിഫിക്കറ്റ് വേണം. ഇതിനായി ഒരുവർഷത്തിലധികമായി അപേക്ഷ നൽകി കാത്തിരിക്കുന്നവരാണ് നല്ലൊരു പങ്കും.
തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ആശുപത്രികളിലെ ഓർത്തോ, സൈക്യാട്രി, ഇ.എൻ.ടി, ജനറൽ ഫിസിഷ്യൻസ് തുടങ്ങി ഏഴംഗ ഡോക്ടർമാരുടെ പാനൽ ഓരോ മാസവും ചേർന്ന് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് അനുവദിക്കണം. പരിശോധന കഴിഞ്ഞ് മൂന്നാഴ്ചയ്ക്കകം സർട്ടിഫിക്കറ്റ് നൽകണം. 111 താലൂക്ക്, ജില്ല, ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ഡോക്ടർമാരുടെ പാനൽ രൂപീകരിച്ചിട്ടുണ്ട്. മാസങ്ങളായി മെഡിക്കൽ ബോർഡുകൾ ചേരാത്ത ആശുപത്രികളുമുണ്ട്. ഓരോയിടത്തും 300 മുതൽ 500 വരെ അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ട്. രോഗികളുടെ ബാഹുല്യംമൂലം അപേക്ഷകൾ സമയബന്ധിതമായി പരിഗണിക്കാനാവുന്നില്ലെന്നും കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തണമെന്നുമാണ് ഡോക്ടർമാരുടെ ആവശ്യം.
സ്‌കൂൾ പ്രവേശന സമയയത്ത് ഭിന്നശേഷി കുട്ടികൾക്ക് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 18 വയസ് പൂർത്തിയായാൽ പുതിയ സർട്ടിഫിക്കറ്റ് എടുക്കണം. രോഗ തീവ്രത കൂടിവരുന്ന അവസ്ഥയിലുള്ളവർക്ക് അഞ്ചുവർഷം കൂടുമ്പോഴും സർട്ടിഫിക്കറ്റ് പുതുക്കേണ്ടതുണ്ട്. ചികിത്സാരേഖകൾ, റേഷൻ കാർഡ്, ആധാർ എന്നിവയാണ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ വേണ്ടത്. സർക്കാർ, സന്നദ്ധ സംഘടനകളുടെ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കുമ്പോൾ മെഡിക്കൽ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ആവശ്യപ്പെടാറുണ്ട്. ഭിന്നശേഷി കുട്ടികൾക്ക് പഞ്ചായത്തുകളിൽ നിന്ന് ഒരുവർഷം 28,000 രൂപ സ്‌കോളർഷിപ്പായി ലഭിക്കും. വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, തൊഴിൽ സംവരണം ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങളുണ്ട്. ഭിന്നശേഷിക്കാരെ പരിചരിക്കുന്നവർക്കും സഹായ ധനം ലഭിക്കും.
എന്ന് കിട്ടും സർട്ടിഫിക്കറ്റ്
ഓട്ടിസം ലക്ഷണങ്ങളുള്ള അഞ്ചു വയസുകാരനായ മകന് സ്‌കൂൾ പ്രവേശനത്തിന് ഭിന്നശേഷി സർട്ടിഫിക്കറ്റിനായി മലപ്പുറം പുൽപ്പറ്റ സ്വദേശിയായ പി.കെ. ഷൈമ അപേക്ഷ നൽകിയിട്ട് മാസങ്ങളായി.സ്കൂൾ പ്രവേശനം നേടിയതിനാൽ സർട്ടിഫിക്കറ്റ് ഉടൻ സമർപ്പിക്കേണ്ടതുണ്ട്. എം.ഫിൽ വരെ പഠിച്ചെങ്കിലും മകനെ പരിചരിക്കേണ്ടതിനാൽ ജോലിക്ക് പോവാൻ കഴിയുന്നില്ല. സാമ്പത്തിക പ്രയാസംമൂലം കുട്ടിയുടെ ചികിത്സ മുടങ്ങുന്ന അവസ്ഥയാണ്. ചികിത്സാസഹായം കൂടി ലക്ഷ്യമിട്ടാണ് ഷൈമ സർട്ടിഫിക്കറ്റിനായി ആശുപത്രി കയറിയിറങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |