തിരുവനന്തപുരം: അക്ഷരപ്പിശകിന്റെ പിടിയിൽ നിന്നു മുക്തമാകാതെ പി.എസ്.സി ചോദ്യപ്പേപ്പറുകൾ.
കേവലം അക്ഷരത്തെറ്റുകളല്ല, ആശയ വ്യത്യാസം പോലും ഉണ്ടാക്കുന്നതാണ് പലതെറ്റുകളുമെന്നതാണ് ഗൗരവം വർദ്ധിപ്പിക്കുന്നത്.
ആഗസ്റ്റ് എട്ടിന് നടത്തിയ ഹൈസ്കൂൾ ഗണിതംഅദ്ധ്യാപകപരീക്ഷയിലെ പല ചോദ്യങ്ങളും ഗുരുതരമായ അക്ഷരത്തെറ്റുകൾ നിറഞ്ഞതായിരുന്നു. ആശയക്കുഴപ്പമുണ്ടാക്കിയ 11 ചോദ്യങ്ങൾക്ക് പുറമെ ആറ് ചോദ്യങ്ങൾ തെറ്റായിരുന്നെന്ന് പരാതി ഉയർന്നിരുന്നു.ഒന്നിലധികം ശരിയുത്തരങ്ങൾ ഉണ്ടായിരുന്ന മൂന്ന് ചോദ്യങ്ങളുണ്ടായിരുന്നു. മലയാളം മീഡിയത്തിലേക്കുള്ള പരീക്ഷയ്ക്ക് ഇംഗ്ലീഷും മലയാളവും കൂട്ടിക്കലർത്തിയ ചോദ്യങ്ങളായിരുന്നു. പൊതുവിജ്ഞാനം ഇംഗ്ലീഷിലും ഗണിതം മലയാളവും ഇംഗ്ലീഷും കൂട്ടിക്കലർത്തിയുമാണ് ചോദിച്ചത്.
ആഗസ്റ്റ് 11-ന് നടത്തിയ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ലാ പരീക്ഷയിലും അക്ഷരത്തെറ്റുകൾ ഏറെയുണ്ടായിരുന്നു. പേറ്റന്റ് ലാ എന്നതിന് പേഷ്യന്റ് ലാ എന്നും വാർ എന്നതിന് വാർഡ് എന്നുമാണ് ഉണ്ടായിരുന്നത്. നൂറുവീതം മാർക്കുള്ള രണ്ട് പേപ്പറിലും നിരവധി തെറ്റുകൾ ഉണ്ടായിരുന്നു. ഈ പരീക്ഷയിൽ 20-ലധികം ചോദ്യങ്ങൾ തെറ്റാണെന്നാണ് പരാതി. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലും തെറ്റുണ്ടായി.
പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികൾ എഴുതുന്ന പരീക്ഷകളായിട്ടും ഇത്തരം തെറ്റുകൾ കടന്നുകൂടുന്നത് ഗൗരവത്തോടെ കാണുന്നില്ലെന്നാണ് പരാതി. പരാതിപ്പെടുമ്പോൾ ശരിയുത്തരമുള്ള ചോദ്യങ്ങളും ഇക്കൂട്ടത്തിൽ റദ്ദാക്കാറുണ്ട്. നന്നായി പഠിച്ച് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഇത് വിനയാകുന്നു. പി.എസ് .സി അധികൃതരുടെ കൃത്യമായ നിർദ്ദേശം ഇക്കാര്യത്തിൽ ഉണ്ടാകണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |