കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ കാര്യത്തിൽ എൻഎസ്എസും എസ്എൻഡിപിയും തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് ഹിന്ദു ഐക്യവേദി പ്രസിഡന്റ് ആർവി ബാബു. ഇരുവരെയും ഇക്കാര്യം അറിയിക്കുമെന്നും ഈ മാസം 22ന് നടക്കുന്ന വിശ്വാസ സംഗമത്തിലേക്ക് സമുദായ സംഘടനകളെ ക്ഷണിക്കുമെന്നും ആർവി ബാബു വ്യക്തമാക്കി.
'ആഗോള അയ്യപ്പ സംഗമത്തിന്റെ നേതൃസ്ഥാനത്ത് രാഷ്ട്രീയക്കാർ വരാൻ പാടില്ലെന്നാണ് എൻഎസ് എസ് പറഞ്ഞത്. തികഞ്ഞ ഭക്തന്മാരായിരിക്കണം നടത്തേണ്ടത് എന്നാണ് അവർ പറഞ്ഞത്. യുവതി പ്രവേശനവുമായിട്ടുള്ള നയം സർക്കാർ തിരുത്തിക്കഴിഞ്ഞു, ഇപ്പോൾ അതിൽ നിന്നൊക്കെ സർക്കാർ മാറി എന്നാണ് എസ്എൻഡിപി പറഞ്ഞത്.
ഈ സംഘടനകളൊക്കെ ധരിച്ചുവെച്ചിരിക്കുന്നത് സർക്കാരിന്റെ പഴയ നിലപാട് തിരുത്തപ്പെട്ടിട്ടുണ്ട് എന്നാണ്. എന്നാൽ അതൊക്കെ തെറ്റിദ്ധാരണയാണ്. ഇക്കാര്യം സംഘടനയുടെ ചുമതലയുള്ളവരെ കണ്ട് ബോദ്ധ്യപ്പെടുത്തും. 22ാം തീയതി ശബരിമല കർമ സമിതി പന്തളത്ത് നടത്തുന്ന ശബരിമല സംരക്ഷണ സംഗമത്തിൽ അവരെ പങ്കെടുപ്പിക്കാനുള്ള ശ്രമം നടത്തും'- ആർവി ബാബു പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ളാറ്റിനം ജൂബിലിയോടനുബന്ധിച്ച് ബോർഡും സംസ്ഥാന സർക്കാരും ചേർന്നാണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. കേന്ദ്രമന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സംഗമത്തിൽ പങ്കെടുക്കും. സർക്കാരും ദേവസ്വം ബോർഡും സംയുക്തമായാണ് സംഗമം ഒരുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |