നോയിഡ: മുംബയില്‍ സ്‌ഫോടനം നടത്തുമെന്ന് പൊലീസിന് ഭീഷണി സന്ദേശമയച്ച 50 വയസ്സുകാരന്‍ അറസ്റ്റില്‍. ഗണേശോത്സവം നടക്കുന്നതിനിടെ ഒരു കോടിയോളം ആളുകളെ കൊല്ലുമെന്നായിരുന്നു സന്ദേശം. വ്യാഴാഴ്ച മുംബയ് ട്രാഫിക് പൊലീസിന്റെ വാട്ട്‌സ്ആപ്പ് ഹെല്‍പ്പ് ലൈനിലേക്കാണ് സന്ദേശമെത്തിയത്. സന്ദേശമയക്കാനായി പ്രതിക്ക് തന്റെ സിം കാര്‍ഡ് നല്‍കിയതിന് മറ്റൊരാളെയും അറസ്റ്റ് ചെയ്തു. ഇയാളെ സൊറാഖ ഗ്രാമത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
സ്‌ഫോടനം നടത്തുന്നതിനായി 14 പാകിസ്ഥാന്‍ ഭീകരര്‍ 34 വാഹനങ്ങളിലായി നഗരത്തിലേക്ക് കടന്നതായാണ് മുംബയ് പൊലീസിന് ലഭിച്ച സന്ദേശം. 400 കിലോഗ്രാം ആര്‍ഡിഎക്‌സുസുമായാണ് സംഘം എത്തിയിരിക്കുന്നതെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. പത്ത് ദിവസത്തെ ഗണേശ ചതുര്‍ത്ഥിയുടെ അവസാനദിവസത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന്റെ തിരക്കിലായിരുന്നു മെട്രോപൊളിറ്റന്‍ സേന. ഇതിനിടയിലാണ് പൊലീസിനെ ആശങ്കയിലാക്കിയ സന്ദേശമെത്തിയത്.
ശബ്ദസന്ദേശമയച്ച പട്‌ന സ്വദേശിയായ അശ്വിനികുമാര്‍ സുരേഷ്‌കുമാര്‍ സുപ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. സന്ദേശമയച്ച ശേഷം ഇയാള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. എന്നാല്‍ പ്രാദേശികതലത്തില്‍ തന്നെ ഇന്റലിജന്‍സ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു.തുടര്‍ന്ന് പലചരക്ക് കടയില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ സഹായത്താലാണ് നോയിഡ സെക്ടര്‍ 79ല്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ മുംബയ് പൊലീസിന് കൈമാറി. വ്യാപാരിയായ ഇയാള്‍ ഒരു ജ്യോതിഷി കൂടിയാണെന്നാണ് വിവരം.
ഭീഷണി സന്ദേശത്തില്‍ 'ലഷ്‌കര്‍-ഇ-ജിഹാദി' എന്ന സംഘടനയുടെ പേര് സന്ദേശമയച്ചയാള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ഒറ്റനോട്ടത്തില്‍ വ്യാജമാണെന്ന് തോന്നുമെങ്കിലും, സാങ്കേതിക വിശകലനത്തിന്റെ സഹായത്താല്‍ സന്ദേശത്തിന്റെ ഉറവിടം അന്വേഷിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
'മുന്‍കാലങ്ങളിലും ഇത്തരം ബോംബ് ഭീഷണി സന്ദേശങ്ങള്‍ ട്രാഫിക് പൊലീസിന് ലഭിച്ചിട്ടുണ്ട്. പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. പ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്, കൂടാതെ പരിശോധനകള്‍ പുരോഗമിക്കുകയാണ്. കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മുംബയ് നിവാസികളോട് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |