വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതോടെ ഭാവി വികസന സാദ്ധ്യതകൾ മുന്നിൽ കണ്ട് അങ്കമാലി- എരുമേലി ശബരി റെയിൽപാത പുനലൂർ വഴി വിഴിഞ്ഞം വരെ നീട്ടണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിന് പച്ചക്കൊടി കാട്ടാതെ റെയിൽവെ. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച റെയിൽ സാഗർ പദ്ധതിയിൽ ഉൾപ്പെടുത്തി വിഴിഞ്ഞത്തേക്ക് നീട്ടണമെന്ന ആവശ്യവുമായി റെയിൽവെ ബോർഡിനെ സമീപിച്ചെങ്കിലും അനുകൂല മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. ശബരിമലയുടെ പ്രശസ്തിയും പ്രാധാന്യവും ഉയരുന്നതിനൊപ്പം തെക്കൻ കേരളത്തിന്റെ മലയോര, കാർഷിക മേഖലകളുടെ സമഗ്ര വികസനവും ഗതാഗത സൗകര്യവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ശബരി പാത തിരുവനന്തപുരത്തേക്ക് നീട്ടാൻ 2013 ൽ സർവെ നടത്തിയെങ്കിലും ലാഭകരമല്ലെന്ന കാരണത്താൽ തുടർനടപടികളുണ്ടായില്ല. എന്നാൽ കാലം മാറിയതോടെ എം.സി റോഡിലെ അനിയന്ത്രിതമായ വാഹനത്തിരക്കും വിഴിഞ്ഞം തുറമുഖത്ത് നിന്നുള്ള ചരക്ക് നീക്കവും കണക്കിലെടുത്ത് നിർദ്ദിഷ്ട പാത ബാലരാമപുരത്തേക്ക് നീട്ടി വിഴിഞ്ഞവുമായി ബന്ധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കാനായാൽ അത് തെക്കൻ കേരളത്തിന്റെ മലയോരമേഖലയുടെ സമഗ്രവികസനത്തിന് കുതിപ്പേകും. എരുമേലി മുതൽ ബാലരാമപുരം വരെ നീളുന്ന 160 കിലോമീറ്റർ പാതയിൽ 13 സ്റ്റേഷനുകൾക്കും സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിരുന്നു. ബാലരാമപുരം, കാട്ടാക്കട, നെടുമങ്ങാട്, വെഞ്ഞാറമൂട്, കിളിമാനൂർ, അഞ്ചൽ, പുനലൂർ, പത്തനാപുരം, കോന്നി, പത്തനംതിട്ട, പെരുനാട്, ശബരിമല അത്തിക്കയത്തിന് സമീപം ശബരിമല വിമാനത്താവളം സ്റ്റേഷൻ, എരുമേലി എന്നിവയാണ് ശുപാർശ ചെയ്ത സ്റ്റേഷനുകൾ. പാത യാഥാർത്ഥ്യമായാൽ അങ്കമാലി- തിരുവനന്തപുരം റൂട്ടിൽ സംസ്ഥാനത്തിന് പുതിയ റെയിൽ ഇടനാഴി ലഭിക്കുമെന്നും പദ്ധതിക്ക് 4800 കോടി ചെലവ് പ്രതീക്ഷിക്കുന്നതായും റെയിൽവെ ബോർഡിന് നൽകിയ കത്തിൽ സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ റെയിൽവെയുടെ വിദഗ്ദ്ധ സംഘം കേരളത്തിലെത്തി സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല. ഭാരിച്ച നിർമ്മാണ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കേണ്ടി വരുമെന്നതും മറ്റൊരു കടമ്പയാണ്.
അയ്യപ്പസംഗമത്തിൽ
ചർച്ചയാകും
ശബരിപാതയുടെ പൂർത്തീകരണവും എരുമേലിയിൽ നിന്ന് വിഴിഞ്ഞം വരെ പാത ദീർഘപ്പിക്കണമെന്നുമുള്ള കേരളത്തിന്റെ ആവശ്യവും പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ ചർച്ചയാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ നിർമ്മാണ പുരോഗതിയും ആഗോള അയ്യപ്പസംഗമം ചർച്ചചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് അനുമതി ലഭിച്ച് നിർമ്മാണം ആരംഭിച്ച അങ്കമാലി- എരുമേലി ശബരി റെയിൽപാതയുടെ നിർമ്മാണം ഒച്ചിഴയും വേഗത്തിൽ ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയാണ്. 111 കിലോമീറ്രർ ദൈർഘ്യമുള്ള പാതയ്ക്ക് 1997 ൽ അന്നത്തെ കേന്ദ്രസർക്കാരാണ് അനുമതി നൽകിയത്. കാൽനൂറ്റിലേറെ പിന്നിട്ടിട്ടും അങ്കമാലി മുതൽ കാലടി വരെ 7 കിലോമീറ്റർ പാത മാത്രമാണ് ഇതുവരെ പൂർത്തീകരിച്ചത്. ശേഷിക്കുന്ന പാത നിർമ്മാണത്തിനായി സ്ഥലമെടുപ്പ് പോലും പൂർത്തിയായിട്ടില്ല. എരുമേലിയിൽ നിർമ്മിക്കാൻ പദ്ധതിയിട്ട വിമാനത്താവളത്തിന്റെ നിർമ്മാണവും ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും ശബരി റെയിൽപാത കൂടി പൂർത്തീകരിച്ചാൽ ശബരിമലയുടെ പ്രശസ്തിയും മലയോര പ്രദേശങ്ങളുടെ പ്രാധാന്യവും ലോക ഭൂപടത്തിൽ ഇടംപിടിക്കും. പദ്ധതി തെക്കൻ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയൊരു ദിശാബോധം നൽകുമെന്നതിലും സംശയമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അയ്യപ്പഭക്തർക്കും വിനോദസഞ്ചാരികൾക്കും എത്തിച്ചേരാൻ രണ്ട് പദ്ധതികളും പ്രയോജനപ്പെടും. ശബരി റെയിൽവെ കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ പദ്ധതിയാണ്. ടൂറിസം, വാണിജ്യം, തീർത്ഥാടനം തുടങ്ങി എല്ലാ മേഖലകളിലും രാജ്യത്തിന് മുന്നേറാൻ കഴിയുന്നതാണ് നിർദ്ദിഷ്ട ശബരി റെയിൽപാത. ശബരി പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ശബരിമല തീർത്ഥാടകർക്കും മലയോര നിവാസികൾക്കും ലഭിക്കാവുന്ന സ്വപ്നതുല്യമായ ഗുണങ്ങൾ സംബന്ധിച്ചും ആഗോള അയ്യപ്പസംഗമം ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്. നിലവിൽ എരുമേലിയിൽ അവസാനിക്കുന്ന ശബരി റെയിൽപാത ശബരിമല തീർത്ഥാടകർക്ക് ഏറെ ഗുണകരമാകുമെങ്കിലും കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളുടെ വികസന സാദ്ധ്യതകൾ പൂർണതയിലെത്തണമെങ്കിൽ വിഴിഞ്ഞം വരെ ദീർഘിപ്പിക്കേണ്ടതുണ്ട്. നിലവിൽ റെയിൽപാത ഇല്ലാത്ത ഇടുക്കി അടക്കം 6 ജില്ലകളിലൂടെ കടന്നുപോകുന്ന റെയിൽപാത യാഥാർത്ഥ്യമായാൽ ശബരിമലയുടെ വികസനത്തിനൊപ്പം എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ മലയോര വികസന സാദ്ധ്യതയുമേറും. തെക്കൻ കേരളത്തിലെ മലയോര മേഖലയുടെ സമഗ്രവികസനം സാദ്ധ്യമാകുന്ന അങ്കമാലി- എരുമേലി- വിഴിഞ്ഞം റെയിൽപാതയുടെ സാദ്ധ്യതകൾ സംബന്ധിച്ച് ആഗോള അയ്യപ്പസംഗമത്തിൽ ചർച്ചയാക്കുമെന്ന് ശബരി റെയിൽവെ ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനറും ഹിൽ ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് ഫൗണ്ടേഷൻ (ഹിൽഡഫ്) ജനറൽ സെക്രട്ടറിയുമായ അശ്വന്ത് ഭാസ്ക്കർ പറഞ്ഞു.
എം. പി മാരും
ആവശ്യമുന്നയിച്ചു
അങ്കമാലി- ശബരി റെയിൽപാത നെടുമങ്ങാട് വഴി വിഴിഞ്ഞത്തേക്ക് നീട്ടണമെന്ന് അടൂർ പ്രകാശ് എം.പി അടക്കം തെക്കൻ കേരളത്തിലെ എം.പി മാർ ലോക്‌സഭയിൽ ആവശ്യപ്പെട്ടിരുന്നു. മദ്ധ്യ, തെക്കൻ കേരളത്തിന്റെ കാർഷിക, വ്യാവസായിക വളർച്ചയെ സഹായകരമാകുന്ന പാത സർക്കാർ അനുഭാവപൂർവം പരിഗണിക്കണമെന്ന് സബ്‌മിഷനിലൂടെ എം.പിമാരായ എൻ.കെ പ്രേമചന്ദ്രനും എ. എ റഹിമും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച നിവേദനം റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിനും സമർപ്പിച്ചിട്ടുണ്ട്. റെയിൽവെ സൗകര്യമില്ലാത്ത അരലക്ഷത്തിനുമേൽ ജനസംഖ്യയുള്ള നഗരങ്ങളിലേക്ക് പുതിയ റെയിൽപാത നിർമ്മിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയിൽ നെടുമങ്ങാടും ഉൾപ്പെട്ടിട്ടുണ്ട്. ശബരി റെയിൽപാത തിരുവനന്തപുരത്തേക്കു നീട്ടാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നതും നെടുമങ്ങാട് വഴിയാണ്. അറുപതിനായിരത്തിൽ കൂടുതൽ ജനസംഖ്യയുള്ള നെടുമങ്ങാട് തിരുവനന്തപുരം ജില്ലയിലെ പ്രമുഖ വാണിജ്യ കേന്ദ്രവുമാണ്. വിഴിഞ്ഞത്തേക്ക് പാത നീട്ടണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇതിനുള്ള സ്ഥലമെടുപ്പാകും പ്രധാന കടമ്പ. വിഴിഞ്ഞം മുതൽ പുനലൂർ വരെയുള്ള സാമ്പത്തിക ഇടനാഴി പ്രഖ്യാപനവും പാത വിഴിഞ്ഞത്തേക്ക് നീട്ടുന്നതിന് അനുകൂല ഘടകമാണ്. വിഴിഞ്ഞം തുറമുഖത്ത് നിന്നുള്ള ചരക്ക് നീക്കത്തിനു സഹായിക്കുന്നതോടൊപ്പം എം.സി റോഡിലെ തിരക്ക് കുറയ്ക്കാനും പാത ദീർഘിപ്പിക്കുന്നത് വഴി സാധിക്കും. മാത്രവുമല്ല നിലവിൽ റെയിൽവേ സൗകര്യമില്ലാത്ത നിരവധി പ്രദേശങ്ങൾ റെയിൽ ശൃംഖലയുമായി ബന്ധപ്പെടുത്താനും ഇത് സഹായകരമാവും. ശബരി പാത റെയിൽ സാഗർ പദ്ധതിയിൽ ഉൾപ്പെടുത്തി വിഴിഞ്ഞത്തേക്ക് നീട്ടുന്നത് സംബന്ധിച്ച് സംസ്ഥാനവും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
അദാനിയുടെ ശ്രദ്ധയിൽ
എത്തിക്കാനും ശ്രമം
ശബരി റെയിൽ പാത എരുമേലിയിൽ നിന്ന് വിഴിഞ്ഞത്തേക്ക് നീട്ടാൻ രാജ്യത്തെ വൻ വ്യവസായിയായ ഗൗതം അദാനിയുടെ പിന്തുണ തേടാനും പലകോണുകളിൽ നിന്ന് നീക്കം ആരംഭിച്ചതായി സൂചനയുണ്ട്. പാത യാഥാർത്ഥ്യമായാൽ വിഴിഞ്ഞം തുറമുഖത്ത് നിന്നുള്ള കണ്ടെയ്നറുകൾ റെയിൽ മാർഗ്ഗവും കൊണ്ടുപോകാമെന്നത് അദാനിക്ക് കൂടി നേട്ടം കൈവരുന്നതാണ്. കേന്ദ്രസർക്കാരുമായി ഉറ്റബന്ധം പുലർത്തുന്ന അദാനിയുടെ ഇടപെടൽ പദ്ധതി യാഥാർത്ഥ്യമാക്കാൻ സഹായകമാകുമെന്ന് കരുതിയാണ് ആ വഴിക്കുള്ള നീക്കവും പുരോഗമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |