മുംബയ്: ചാവേറുകളെ ഉപയോഗിച്ച് മുംബയിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശിയായ അശ്വിനിയാണ് (51) പിടിയിലായത്. നോയിഡയിലെ സെക്ടർ113ൽ വച്ച് പിടികൂടിയ പ്രതിയെ മുംബയ് പൊലീസിന് കൈമാറി. വ്യാഴാഴ്ചയാണ് മുംബയ് പൊലീസിന്റെ ഔദ്യോഗിക വാട്ട്സ് ആപ്പിലൂടെ ഭീഷണി ഇയാൾ മുഴക്കിയത്. നഗരത്തിലെ പലയിടത്തും വാഹനങ്ങളിലും ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും 400 കിലോഗ്രാം ആർ.ഡി.എക്സ് ഉപയോഗിച്ചുള്ള വലിയ ആക്രമണത്തിൽ ഒരു കോടി ആളുകൾ കൊല്ലപ്പെടുമെന്നുമാണ് സന്ദേശത്തിലുള്ളത്.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ജിഹാദി ഗ്രൂപ്പിലെ അംഗമാണ് താനെന്നായിരുന്നു ഫോണിലൂടെ അശ്വിനി അവകാശപ്പെട്ടത്. ഇതിന്റെ ഭാഗമായി 14 പാക് ഭീകരർ നഗരത്തിൽ പ്രവേശിച്ചെന്നും ഇയാൾ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് പിടികൂടിയ അശ്വിനിയിൽ നിന്ന് ഏഴ് മൊബൈൽ ഫോണുകൾ, മൂന്ന് സിം കാർഡുകൾ, ഒരു എക്‌സ്റ്റേണൽ സിം കാർഡ് സ്ലോട്ട് എന്നിവ കണ്ടെടുത്തു. അതേസമയം, മുംബയിലെ ഗണേശ ചുതുർത്ഥി ആഘോഷങ്ങൾക്ക് ഒരു ദിവസം മുമ്പ് ഭീഷണി വന്നതിനാൽ പൊലീസും പൊതുജനങ്ങളും ആശങ്കയിലായിരുന്നു. ഭീഷണിയെ തുടർന്ന് നഗരത്തിൽ അതീവജാഗ്രത പുലർത്തി. വെള്ളിയാഴ്ച സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു.
സുഹൃത്തിനോടുള്ള
പ്രതികാരം
ഭീകരാക്രമണ ഭീഷണി സന്ദേശങ്ങൾ അയച്ചത് സുഹൃത്തിനെ കുടുക്കാനെന്ന് പ്രതി അശ്വിനി കുമാർ. ബീഹാർ സ്വദേശിയായ അശ്വിനി ജ്യോത്സ്യനായിരുന്നുവെന്നും അഞ്ച് വർഷമായി നോയിഡയിലാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.
ഫിറോസ് എന്ന പേരിലാണ് അശ്വിനി കുമാർ മുംബയ് ട്രാഫിക് പൊലീസിന് ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചത്. ഫിറോസ് എന്ന പേരിൽ അശ്വിനിയ്ക്ക് ഒരു സുഹൃത്തുണ്ട്. എന്നാൽ, മാസങ്ങൾക്കു മുമ്പ് പണത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഫിറോസ് പാട്നയിലുള്ള ഫുൽവാരി പൊലീസ് സ്റ്റേഷനിൽ അശ്വിനിക്കെതിരേ പരാതി നൽകി. തുടർന്ന് അശ്വിനി മൂന്നുമാസം ജയിലിൽ കഴിഞ്ഞു. ഇതിൽ പ്രകോപിതനായി, ഫിറോസിനോടുള്ള പകതീർക്കാനാണ് അദ്ദേഹത്തിന്റെ പേരിൽ മുംബയിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ചതെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |