ഇക്കുറി ദീപാവലി റിലീസായി എത്തുന്ന തമിഴ് ചിത്രങ്ങളിൽ മലയാള നായികമാർ. മമിത ബൈജുവും അനുപമ പരമേശ്വരനും രജിഷ വിജയനുമാണ് നായികമാർ. പ്രദീപ് രംഗനാഥൻ നായകനായി കീർത്തിശ്വരൻ സംവിധാനം ചെയ്യുന്ന ഡ്യൂഡ് എന്ന ചിത്രത്തിൽ മമിത ബൈജു ആണ് നായിക. ആഘോഷ ഗണത്തിൽപ്പെടുന്ന ഡ്യൂഡ് തമിഴകത്ത് വാനോളം പ്രതീക്ഷ നൽകുന്നു.സൂപ്പർ ഹിറ്റായ ഡ്രാഗണിനുശേഷം പ്രദീപ് രംഗനാഥൻ നായകനാവുന്ന ചിത്രം ആണ് ഡ്യൂഡ്. പ്രദീപ് രംഗനാഥൻ നായകനായ ലവ് ഇൻഷ്വറൻസ് കമ്പനിയും ദീപാവലി റിലീസായി ഒരുങ്ങുന്നുണ്ട്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം കൃതി സനോൺ ആണ് നായിക. മലയാളി താരം ഗൗരി ജി കിഷനും ലവ് ഇൻഷ്വറൻസ് കമ്പനിയിൽ അഭിനയിക്കുന്നുണ്ട്.
തമിഴകത്തെ സാമൂഹ്യ വ്യവസ്ഥയും ജാതീയമായ ഉച്ച നീചത്വങ്ങളും പ്രമേയമാക്കി പരിയേറും പെരുമാൾ, കർണ്ണൻ, മാമന്നൻ എന്നീ ഗംഭീര സിനിമകളൊരുക്കിയ യുവ സംവിധായകൻ മാരി ശെൽവരാജിന്റെ പുതിയ ചിത്രമായ ബൈസൺ കാലമാടനിൽ അനുപമ പരമേശ്വരൻ നായികയാകുന്നു. രജിഷ വിജയനും ലാലുമാണ് സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന മറ്റ് മലയാളി താരങ്ങൾ. മാരി ശെൽവരാജിന്റെ ധനുഷ് ചിത്രമായ കർണ്ണനിൽ രജിഷയായിരുന്നു നായിക. ലാലും ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ധ്രുവ് വിക്രമാണ് ബൈസൺ കാലമാടനിലെ നായകൻ. ഒരു കബഡി താരത്തിന്റെ വേഷമാണ് ചിത്രത്തിൽ ധ്രുവ് അവതരിപ്പിക്കുന്നത്.അട്ടകത്തിയും മദ്രാസും കാലയും കബാലിയുമൊക്കെ ഒരുക്കിയ സംവിധായകൻ പാ. രഞ്ജിത്ത് നീലം സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിക്കുന്ന ബൈസൺ കാലമാടൻ ഒക്ടോബർ 17 ന് തിയേറ്ററുകളിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |