കൊച്ചി: ''ഞങ്ങളുടെ സൂര്യൻ തിരിച്ചുവന്നിരിക്കുന്നു. ഊർജവും വെളിച്ചവും ലോകം മുഴുവൻ പ്രസരിപ്പിച്ചിരിക്കുന്നു. സൂര്യാ, പിറന്നാൾ ആശംസകൾ.'' മഹാനടൻ മമ്മൂട്ടിയുടെ 74-ാം പിറന്നാൾ ദിനത്തിൽ ആശംസ നേർന്ന് മകനും നടനുമായ ദുൽഖർ സൽമാൻ സമൂഹ മാദ്ധ്യമത്തിൽ കുറിച്ച വരികൾ. മമ്മൂട്ടിയുടെ പേരുപറയാതെ അദ്ദേഹത്തിന്റെ ഫോട്ടോ സഹിതമാണ് ദുൽഖറിന്റെ വൈകാരിക കുറിപ്പ്. ഏഴുമാസം തുടർന്ന ചികിത്സയിലൂടെ ക്യാൻസർ രോഗത്തിൽ നിന്ന് സമ്പൂർണ മുക്തിനേടിയ ശേഷമുള്ള മമ്മൂട്ടിയുടെ ആദ്യപിറന്നാളായിരുന്നു ഇന്നലെ.
ദുൽഖറിന്റെ കുറിപ്പ്: ''ചില സമയങ്ങളിൽ സൂര്യൻ തിളങ്ങുമ്പോൾ മഴമേഘങ്ങൾ സംരക്ഷിക്കാനെത്തും. സൂര്യനോടുള്ള ഞങ്ങളുടെ സ്നേഹത്തിന്റെ ആഴം അളക്കുകയാണവർ. നിന്റെ ഊർജമില്ലാതെ ഞങ്ങൾക്ക് നിലനിൽക്കാനാവില്ല. അടുത്തും അകലെയുമുള്ള എല്ലാവരും ഒരുമിച്ച് പ്രാർത്ഥിച്ചു. രാത്രിപോലെ തോന്നിച്ച ഇരുണ്ട ദിനങ്ങളിൽ ഞങ്ങൾ പ്രാർത്ഥിച്ചു. പ്രാർത്ഥനകൾ മഴമേഘങ്ങളെ അകറ്റി. ഇടിമുഴക്കത്തോടെയും മിന്നലോടെയും അവയുടെ സ്നേഹം അങ്ങയിൽ പെയ്‌തിറങ്ങി. ഞങ്ങളുടെ കൂട്ടായ പ്രാർത്ഥനകൾക്ക് മറുപടിയായി വരണ്ടുണങ്ങിയ മണ്ണ് വീണ്ടും ഹരിതാഭമായി. മഴവില്ലും മഴത്തുള്ളികളും ഞങ്ങൾക്ക് ചുറ്റും നിറഞ്ഞു. ഞങ്ങൾ സ്നേഹത്തിൽ നനഞ്ഞുകുതിർന്നു.''
താരസംഘടനയായ അമ്മയും അഭിനേതാക്കളും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരും മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നു. ആരാധകരുടെ സംഘടന സംസ്ഥാന വ്യാപകമായി അന്നദാനവും രക്തദാനവും സംഘടിപ്പിച്ചു. ചെന്നൈയിലെ വീട്ടിൽ മമ്മൂട്ടി ലളിതമായി പിറന്നാൾ ആഘോഷിച്ചെന്നാണ് സൂചന.
എല്ലാവർക്കം നന്ദി: മമ്മൂട്ടി
''എല്ലാവർക്കും, സർവശക്തനും സ്നേഹം, നന്ദി.'' പിറന്നാൾ ദിനത്തിൽ മമ്മൂട്ടി സമൂഹ മാദ്ധ്യമത്തിൽ കുറിച്ചതിങ്ങനെ. വെള്ള മുണ്ടും ഷർട്ടും ധരിച്ച് കടൽത്തീരത്ത് കറുത്ത ലാൻഡ്‌ക്രൂസർ കാറിൽ ചാരിനിൽക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |