തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ പുത്തൻ ആഡംബര ഹോട്ടൽ നിർമ്മാണത്തിന് അനുമതി നൽകാൻ കേന്ദ്ര പരിസ്ഥിതിവകുപ്പിന്റെ ശുപാർശ. വിമാനത്താവളം ഏറ്റെടുത്ത സമയം മുതൽ ഹോട്ടൽ സമുച്ചയം നിർമ്മിക്കാൻ അദാനി ഗ്രൂപ്പ് പദ്ധതി തയ്യാറാക്കിയിരുന്നു. 240 മുറികളുള്ള 660 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഹോട്ടലാണ് നിർമ്മിക്കുന്നത്.
അദാനി നിർമ്മിക്കുന്ന ഹോട്ടൽ, ഒബ്‌റോയ് പോലുള്ള വമ്പൻ ഗ്രൂപ്പുകൾക്ക് കൈമാറും. കേരളത്തിൽ വിമാനത്താവളത്തിന് തൊട്ടരികിലായി പഞ്ചനക്ഷത്ര ബിസിനസ് ഹോട്ടലില്ല. യാത്രക്കാർക്കും ജീവനക്കാർക്കുമെല്ലാം വിമാനത്താവള പരിസരത്ത് താമസിക്കാൻ ഇതിലൂടെ സൗകര്യമൊരുങ്ങും.
നിലവിൽ പൈലറ്റുമാരെയും എയർഹോസ്റ്റസുമാരെയും വിമാനക്കമ്പനികൾ മറ്റു ഹോട്ടലുകളിലാണ് താമസിപ്പിക്കുന്നത്. സർവീസുകൾ തടസപ്പെടുകയോ വൈകുകയോ ചെയ്താൽ യാത്രക്കാരെയും പുതിയ ഹോട്ടലിൽ താമസിപ്പിക്കാം. അന്താരാഷ്ട്ര ടെർമിനലിൽ നിന്ന് 150മീറ്റർ അടുത്തായാണ് ഹോട്ടൽ നിർമ്മിക്കുന്നത്. 136.31 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
നേരത്തെ നൽകിയ അപേക്ഷയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ എക്സ്‌പേർട്ട് അപ്രൈസൽ കമ്മിറ്റിയുടെ ഇഎസി ശുപാർശയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്റെ സിറ്റി സൈഡ് ഡെവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായാണ് ഹോട്ടൽ നിർമ്മാണം. പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നൽകാൻ കേന്ദ്ര മന്ത്രാലയം സംസ്ഥാന സർക്കാരിനോടാണ് ശുപാർശ ചെയ്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ എസ്ഇഐഎഎയുടെ (സ്റ്റേറ്റ് എൻവയോൺമെന്റ് ഇംപാക്ട് അസസ്മെന്റ് അതോറിറ്റി) പാരിസ്ഥിതിക ശുപാർശ ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുമതി ലഭിച്ചാൽ ഒരു വർഷത്തിനുള്ളിൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കും.
അതേസമയം, 1300കോടി ചെലവിൽ അദാനി പ്രഖ്യാപിച്ച 'പ്രോജക്ട് അനന്ത'യിലെ 600 കോടിയുടെ പദ്ധതികൾക്ക് കരാറായി. അന്താരാഷ്ട്ര ടെർമിനലിലെ ഏപ്രൺ പുനഃനിർമ്മാണം, ഡ്രെയിനേജുകളുടെ പുനഃനിർമ്മാണം,ആഭ്യന്തര ടെർമിനലിൽ കൂടുതൽ ചെക്ക് ഇൻ കൗണ്ടറുകളുടെ നിർമ്മാണം, നോളഡ്ജ് സെന്റർ നിർമ്മാണം എന്നിവയ്ക്കാണ് കരാറായത്. ഇൻഫ്രാസ്ട്രക്ചർ, സിവിൽ കൺസ്ട്രക്ഷൻ കമ്പനിയായ ഐടിഡിക്കാണ് കരാർ ലഭിച്ചത്. ഉപകരാർ ലഭിച്ചത് ഊരാളുങ്കലിനും.
2070 വരെയുള്ള യാത്രാവശ്യങ്ങൾ കണക്കിലെടുത്താണ് ടെർമിനൽ വികസിപ്പിക്കുന്നത്. നിലവിൽ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള അന്താരാഷ്ട്ര ടെർമിനൽ 18ലക്ഷം ചതുരശ്രയടിയാവും.രണ്ട് നിലകളിലായിരിക്കും പുതിയ ടെർമിനൽ. വരുന്നതും പോവുന്നതുമായ യാത്രക്കാർക്കായി ഓരോ നില സജ്ജമാക്കും. മൾട്ടി ലെവൽ ഇന്റഗ്രേറ്റഡ് ടെർമിനലിൽ വിസ്തൃതമായ ചെക്ക് ഇൻ കൗണ്ടറുകൾ,എമിഗ്രേഷൻ കസ്റ്റംസ് ഷോപ്പിംഗ് എന്നിവയുണ്ടാവും. കസ്റ്റംസ്,ഇമിഗ്രേഷൻ ക്ലിയറൻസിനായി കാത്തുനിൽക്കേണ്ടിവരില്ല. ലോകോത്തര നിലവാരത്തിലുള്ള എയർപോർട്ട്പ്ലാസ, പഞ്ചനക്ഷത്രഹോട്ടൽ,കൊമേഴ്സ്യൽ അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക്,ഫുഡ്‌കോർട്ട് എന്നിവയുമൊരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |