തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം നഗരത്തിൽ പ്രദേശിക അവധി. നഗരസഭാ പരിധിയിലുള്ള എല്ലാ സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാത്രമാണ് അവധി ബാധകമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഓണം വാരാഘോഷത്തിന്റെ സമാപനം കുറിച്ചുള്ള ഘോഷയാത്ര ഗംഭീരമാക്കാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം. വെള്ളയമ്പലത്തു നിന്നും ആരംഭിച്ച് കിഴക്കേകോട്ടയിൽ അവസാനിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര 1000ലധികം കലാകാരന്മാർ അവതരിപ്പിക്കുന്ന സാംസ്‌കാരിക കലാരൂപങ്ങൾക്കൊപ്പം 60ഓളം ഫ്ലോട്ടുകളും അണിനിരക്കും.
വൈകിട്ട് 4ന് മാനവീയം വീഥിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഫ്ളാഗ് ഓഫ് ചെയ്യുന്നതോടെ ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്രയുടെ വരവ് അറിയിച്ചുകൊണ്ട് 51 കലാകാരന്മാർ ശംഖനാദം മുഴക്കുകയും വാദ്യോപകരണമായ കൊമ്പ്,മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യ കലാകാരന് കൈമാറുന്നതോടെ ഘോഷയാത്രയുടെ താളമേളങ്ങൾക്ക് തുടക്കമാകും.
സർക്കാരിന്റെ വികസനം ചിത്രീകരിക്കുന്ന വിവിധ വകുപ്പുകളുടെ 60ഓളം ഫ്ലോട്ടുകൾ ഉണ്ടാകും. 91 ദൃശ്യ ശ്രവ്യകലാരൂപങ്ങളും ഇന്ത്യൻ ആർമിയുടെ ബാൻഡ് സംഘവും ഘോഷയാത്രയ്ക്ക് നിറവേകും.'നാനാത്വത്തിൽ ഏകത്വം' എന്ന പ്രമേയം മുൻനിർത്തി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗ്രാമീണ കലാരൂപങ്ങളും ഘോഷയാത്രയിൽ ഒത്തുചേരും.
ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് ഫ്ലോട്ടുകൾ തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പബ്ലിക് ലൈബ്രറിക്ക് മുന്നിൽ ഘോഷയാത്ര വീക്ഷിക്കുന്നതിന് ഒരുക്കിയിട്ടുള്ള വി.വി.ഐ.പി പവലിയന് മുന്നിലും യൂണിവേഴ്സിറ്റി കോളേജിന് മുൻവശത്തെ വി.ഐ.പി പവലിയന് മുന്നിലും മ്യൂസിയം ഗേറ്റിന് സമീപത്തെ പ്രത്യേക സ്റ്റേജിലും കലാരൂപങ്ങൾ അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |