തൃശൂർ/വലപ്പാട്: വലപ്പാട് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയിരുന്ന എം.കെ.രമേശ് പരാതിക്കാരിയോട് ലൈംഗികച്ചുവയുള്ള ആംഗ്യപ്രയോഗത്തോടെ സംസാരിച്ചെന്ന പരാതിയിൽ സി.സി.ടി.വി ദൃശ്യങ്ങൾ സംരക്ഷിക്കാൻ ജില്ലാ റൂറൽ മേധാവിക്കും ജില്ലാ സ്‌പെഷൽ ബ്രാഞ്ചിനും തൃശൂർ റേഞ്ച് ഡി.ഐ.ജി. എസ്.ഹരിശങ്കർ നിർദ്ദേശം നൽകി. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാൽ ബന്ധപ്പെട്ട കക്ഷിക്ക് കൈമാറാനും എസ്.പി. ബി.കൃഷ്ണകുമാറിന് ഡി.ഐ.ജി നിർദേശം നൽകി. നിലവിൽ വടക്കേക്കാട് സ്റ്റേഷനിലാണ് എം.കെ. രമേശ്.
2024 നവംബർ 20നാണ് സംഭവങ്ങളുടെ തുടക്കം. പരാതിക്കാരിയായ സ്വാതിയും ഭർത്താവ് റിജിത്തും പത്ത് വയസായ മകളും മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്നു. തൊട്ടുമുൻപിൽ സ്‌കൂട്ടറിൽ ബൈജു സിഗ്‌നൽ ഇടാതെ അപകടകരമായി മുന്നോട്ടുപോയി. ഇതു ചോദ്യം ചെയ്തതോടെ ബൈജു രൂക്ഷമായി തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് ദമ്പതികൾ കേസ് കൊടുത്തു. പിന്നാലെ, തന്റെ ഭാര്യാ പിതാവിനെ
റിജിത്തും ബന്ധുവും വീട്ടിൽ കയറി ആക്രമിച്ചെന്ന് ബൈജു പരാതി നൽകി. പിറ്റേന്ന് രാവിലെ റിജിത്തിനെ കസ്റ്റഡിയിലെടുത്തു. ഒപ്പം സ്വാതിയും സ്റ്റേഷനിലെത്തി.
ബർമുഡയും ബനിയനും ധരിച്ച് എത്തിയ എസ്.എച്ച്.ഒ സെല്ലിനകത്തായിരുന്ന റിജിത്തിനെയും മറ്റും മർദ്ദിക്കുകയും ഭാര്യ സ്വാതിയോട് അശ്ലീല ആംഗ്യം കാണിച്ച് മോശം വാക്കുകൾ ഉപയോഗിച്ചെന്നുമാണ് കേസ്. ബൈജുവിനെതിരെ നൽകിയ പരാതി സ്വീകരിക്കാനും രസീതി നൽകാനും വൈകിയെന്നും സ്വാതി പറയുന്നു.
സി.സി.ടി.വി ദൃശ്യങ്ങളിൽ സംഭാഷണം വ്യക്തമല്ല. ഇത് സൂക്ഷിച്ച് വയ്ക്കാനും വേണമെങ്കിൽ കൈമാറാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പരാതിക്കാരിയുടെ ആരോപണം സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. സി.ആർ.ബിജോയ് അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. ഈ അന്വേഷണ റിപ്പോർട്ട് പരാതിക്കാരി ആവശ്യപ്പെട്ട പ്രകാരം കൈമാറി.
എസ്.ഹരിശങ്കർ
ഡി.ഐ.ജി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |