തിരുവനന്തപുരം:ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ എൻ.പീതാംബരക്കുറുപ്പിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ കോൺഗ്രസിൽ ഒരു വിഭാഗത്തിന്റെ പടനീക്കം. ഇന്നലെ കെ.പി.സി.സി ആസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മിറ്രി യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ് വട്ടിയൂർക്കാവിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ചത് നേതൃത്വത്തെ ഞെട്ടിച്ചു.'പീതാംബരക്കുറുപ്പ് വേണ്ടേ വേണ്ട' എന്ന് പറഞ്ഞായിരുന്നു പ്രാദേശിക നേതാക്കളുടെ പ്രതിഷേധം.വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി നിർണ്ണയം ഇതോടെ കൂടുതൽ സങ്കീർണ്ണമായി.
വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലെ രണ്ട് ബ്ളോക്ക് കമ്മിറ്രികളിലെയും മണ്ഡലം കമ്മിറ്റികളിലെയും പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ കെ.സുധാകരൻ,കൊടിക്കുന്നിൽ സുരേഷ് എന്നിവരോട് കുറുപ്പിനെ സ്ഥാനാർത്ഥിയാക്കുന്നതിലുള്ള എതിർപ്പ് അവർ പരസ്യമായി പ്രകടിപ്പിച്ചു.കുറുപ്പ് വട്ടിയൂർക്കാവിൽ ജയിക്കാൻ സാദ്ധ്യതയില്ലെന്ന് അവർ തുറന്നടിച്ചു.
പിന്നാലെ, മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ കണ്ടെത്തണമെന്ന് അഭ്യർത്ഥിച്ച് കെ.പി.സി .സി അംഗംങ്ങളായ ശാസ്തമംഗലം മോഹനൻ, വട്ടിയൂർക്കാവ് രവി, ഡി.സുദർശനൻ എന്നിവർ പാർട്ടി നേതൃത്വത്തിന് കത്ത് നൽകി. തങ്ങളടക്കം സ്ഥാനാർത്ഥിത്വത്തിന് അർഹതയുള്ള ധാരാളം പേർ മണ്ഡലത്തിലുണ്ട്. പുറത്ത് നിന്നുള്ള ആർക്കും ജയസാദ്ധ്യതയില്ല. മണ്ഡലത്തിൽ നിന്നുള്ള ഒരാളെ കണ്ടെത്തിയാൽ കൂട്ടായ പ്രവർത്തനത്തിലൂടെ വിജയം ഉറപ്പാക്കാനാവുമെന്നും കത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |