തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം മഴക്കാലത്ത് ജനവാസ മേഖലയിലേക്ക് കയറിയ പാമ്പുകളുടെ കണക്ക് പുറത്ത് വിട്ട് വനം വകുപ്പ്. മെയ് മാസത്തില്‍ മഴക്കാലം തുടങ്ങിയത് മുതല്‍ ഓഗസ്റ്റ് മാസത്തിലെ അവസാനത്തെ ആഴ്ചയ്ക്ക് തൊട്ടുമുമ്പുള്ള ആഴ്ച വരെയുള്ള കണക്ക് അനുസരിച്ച് 2552 മലമ്പാമ്പുകള്‍ ഇഴഞ്ഞു കയറിയെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. വനംവകുപ്പിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി കാട്ടിലേക്ക് തിരികെ അയച്ചവയുടെ എണ്ണം മാത്രമാണിത്.
മറ്റ് ഇനങ്ങളില്‍പ്പെട്ട പാമ്പുകള്‍ ജനവാസ മേഖലയിലേക്ക് കയറിയതിന്റെ കണക്കുകള്‍ കൂടി പരിശോധിച്ചാല്‍ അത് ഇതിലും കൂടുതലായിരിക്കും. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ പിടികൂടിയത് വെറും 1031 മലമ്പാമ്പുകളെ മാത്രമാണ്. വനമേഖലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിലും ജനവാസ മേഖലകളിലുമാണ് കൂടുതലായും പാമ്പുകളെ കണ്ടെത്തിയത്. എന്നാല്‍ ഗ്രാമ മേഖലകളില്‍ മാത്രമല്ല ജനവാസവും ആള്‍ത്തിരക്കുമുള്ള നഗരങ്ങളുടെ പ്രാന്ത പ്രദേശങ്ങളിലും മലമ്പാമ്പുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.
കൊച്ചി നഗരത്തില്‍ നിന്ന് പോലും നിരവധി പാമ്പുകളെ പിടികൂടിയിരുന്നു. ജലാശയങ്ങള്‍, കനാലുകള്‍, ചതുപ്പുകള്‍ തുടങ്ങിയവയുടെ സാന്നിദ്ധ്യമാണ് കൊച്ചിയില്‍ ഇവയെ കൂടുതലായി കാണപ്പെടുന്നതിന് പിന്നില്‍. മഴക്കാലത്ത് വെള്ളം ഒലിച്ച് വരുന്നതിന്റെ കൂടെയാണ് ഇവ ഒഴുകിയെത്തുന്നത്. ജനവാസ മേഖലകളില്‍ കരയോട് ചേര്‍ന്ന് പെട്ടുപോകുന്നതാണ് ഇഴഞ്ഞ് കയറുന്നതില്‍ നല്ലൊരു പങ്കും. പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ 5-6 മീറ്റര്‍ വരെ നീളം വയ്ക്കുന്ന ഇവയ്ക്ക് 90 കിലോഗ്രാം വരെ ഭാരവുമുണ്ടാകും. പെണ്‍ മലമ്പാമ്പുകളാണ് ആണുങ്ങളെക്കാള്‍ വലുപ്പമുണ്ടാകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |