വണ്ടൂർ: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന സ്‌ത്രീ മരിച്ചു. വണ്ടൂർ തിരുവാലി കോഴിപ്പറമ്പ് എളേടത്തുകുന്ന് വാപ്പാടൻ രാമന്റെ ഭാര്യ എം.ശോഭന (56) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശോഭനയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായിരുന്ന ശോഭനയ്ക്ക് മൈക്രോബയോളജി ലാബിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കിണർ വെള്ളത്തിൽ നിന്നാവാം രോഗമുണ്ടായതെന്ന സംശയത്തിൽ ക്ലോറിനേഷൻ നടത്തിയിരുന്നു. സംസ്ഥാനത്ത് ഒരു മാസത്തിനിടെ അഞ്ചാമത്തെ മരണമാണിത്. അതുല്യയാണ് മകൾ. മൃതദേഹം സംസ്ക്കരിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഏഴ് പേരും മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മൂന്ന് കുട്ടികളും ഉൾപ്പെടെ നിലവിൽ 10 പേരാണ് കോഴിക്കോട് ചികിത്സയിലുള്ളത്. ഇതിൽ വയനാട് സ്വദേശിയുടെ നില ഗുരുതരമാണ്. രോഗം സംശയിക്കുന്ന ഒരു വ്യക്തിയുടെ സാമ്പിൾ കോഴിക്കോട്ടെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരണത്തിനായി തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |