ചിറ്റൂര്‍: 25 കോടി രൂപയുടെ ഒന്നാം സമ്മാനതുകയുള്ള തിരുവോണം ബംബറടിക്കുന്ന മഹാഭാഗ്യശാലിയെ അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ടിക്കറ്റ് വില്‍പന പൊടിപൊടിക്കുന്നു. നാല്‍പത് ലക്ഷത്തോളം ടിക്കറ്റുകളാണ് ഇതുവരെ ജില്ലയില്‍ വിറ്റത്. പതിവ് പോലെ പാലക്കാടുതന്നെയാണ് ടിക്കറ്റ് വില്പനയില്‍ മുന്നില്‍. അയല്‍ സംസ്ഥാനക്കാരാണ് ടിക്കറ്റ് എടുക്കുന്നവരില്‍ വലിയ വിഭാഗവും.
ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളായ വേലന്താവളം, ഗോപാലപുരം, നടുപ്പുണി, മീനാക്ഷിപുരം, വാളയാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നൂറുകണക്കിന് ലോട്ടറി സ്റ്റാളുകളിലായി ലക്ഷകണക്കിന് ടിക്കറ്റുകളാണ് ദൈനം ദിനം വിറ്റഴിയുന്നത്. ഭൂരിഭാഗം ടിക്കറ്റുകളും അയല്‍ സംസ്ഥാനക്കാരാണ് എടുക്കുന്നത്. ലോട്ടറി എടുക്കുന്നതിനുവേണ്ടി മാത്രം ആഴ്ചകളോളം ഇവിടെ വാടകയ്ക്ക് മുറിയെടുത്തു താമസിക്കുന്നവരുമുണ്ട്. ഇത്തവണ റെക്കോര്‍ഡ് വില്പനയാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.
മുന്‍ വര്‍ഷത്തേക്കാള്‍ ബംബര്‍ ടിക്കറ്റുകള്‍ക്ക് ഡിമാന്‍ഡ് കൂടുതലാണെന്ന് കച്ചവടക്കാര്‍ പറയുന്നു. പാലക്കാടിനൊപ്പം കണ്ണൂര്‍ ടിക്കറ്റുകള്‍ക്കും ഇത്തവണ ആവശ്യക്കാര്‍ ഏറയാണ്. അതിനാല്‍ വരും ദിവസങ്ങളില്‍ വില്‍പന കൂടാനാണ് സാധ്യത. കഴിഞ്ഞവര്‍ഷം 71.43 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഈമാസം 27നാണ് നറുക്കെടുപ്പ്. നിലവിലെ സ്ഥിതി പരിഗണിച്ചാല്‍ ആ റെക്കോര്‍ഡ് മറികടന്നാലും അത്ഭുതപ്പെടാനില്ലെന്ന് ലോട്ടറി വ്യാപാരികള്‍ സാക്ഷ്യപെടുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |