ശ്രീനഗർ: ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഒരാൾക്ക് പരിക്കേറ്റു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കടന്ന ഭീകരൻ റഹ്മാനാണ് ഇതിൽ ഒരാളെന്ന് സേന സ്ഥീരികരിച്ചു. ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജൂനിയർ കമ്മിഷൻഡ് ഓഫീസർ ഉൾപ്പെടെ രണ്ട് പേർ മരിച്ചത്.
അതേസമയം, ഇന്നലെ പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. കുൽഗാമിലെ ഗുദ്ദർ വനമേഖലയിൽ ഭീകരർ ഉണ്ടെന്ന വിവരത്തെ തുടർന്നാണ് സ്‌പെഷ്യൽ ഓപറേഷൻ ഗ്രൂപ്പ്, ജമ്മു കാശ്മീർ പൊലീസ്, സൈന്യം, സി.ആർ.പി.എഫ് എന്നിവർ സംയുക്തമായി ഇവിടെ ഓപറേഷൻ നടത്തിയത്. തെരച്ചിലിനിടെ ഭീകരർ സുരക്ഷാ സംഘത്തിനു നേരെ വെടിയുത്തിർത്തു. തുടർന്ന് ഭീകരർക്ക് നേരെ സേന വെടിയുതിർക്കുകയായിരുന്നു.
അതേസമയം,സ്ഥലത്ത് മൂന്നു ഭീകരർ കൂടി ഒളിച്ചിരിപ്പുണ്ടെന്നും കൂടുതൽ സേനയെ വിന്യസിപ്പിച്ച് തെരച്ചിൽ തുടരുകയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ മാസവും സമാനമായ ഇവിടെ ഏറ്റുമുട്ടൽ നടന്നിരുന്നു. അന്ന് രണ്ട് ഭീകരർ കൊല്ലപ്പെടുകയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിക്കുകയും ചെയ്തു. ദക്ഷിണ കാശ്മീരിലെ അഖലി വനമേഖലയിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടർന്നാണ് ആഗസ്റ്റ് 1ന് സുരക്ഷാ സേന ഇവിടെ തെരച്ചിൽ നടത്തിയത്. ജമ്മു കാശ്മീരിലെ കുൽഗാമയിലെ അഖൽ വനമേഖലയിൽ നടന്ന വെടിവയ്പ്പ് താഴ്‌വരയിലെ ഏറ്റവും ദൈർഘ്യമേറിയ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലൊന്നായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |