ജറുസലേം: വടക്കൻ ജറുസലേമിൽ രണ്ട് ആയുധധാരികൾ നടത്തിയ വെടിവയ്പിൽ ആറ് പേർ കൊല്ലപ്പെട്ടു. 12ലധികം പേർക്ക് പരിക്കേറ്റു. ആറ് പേരുടെ നില ഗുരുതരമാണ്. വെടിയുതിർത്ത രണ്ട് അക്രമികളെ ഇസ്രയേൽ പൊലീസും സിവിലിയന്മാരും ചേർന്ന് വെടിവച്ചു കൊന്നു.
പ്രാദേശിക സമയം ഇന്നലെ രാവിലെ 10.30ഓടെയാണ് ജറുസലേമിലെ റാമോട്ട് ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ ആക്രമണമുണ്ടായത്. കാറിലെത്തിയ ആക്രമികൾ ബസ് സ്റ്റോപ്പിൽ കാത്തുനിന്നവർക്കെതിരെയും അവിടെയുണ്ടായിരുന്ന ബസിനു നേരെയും വെടിയുതിർക്കുകയായിരുന്നു.
അതേസമയം, അക്രമികളായ രണ്ട് പേരും പാലസ്തീൻ വംശജരാണെന്നും റാമല്ലയുടെ തെക്കുകിഴക്കുള്ള ഖത്തന്ന, അല്‍-ഖുബൈബ സ്വദേശികളാണെന്നും പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് തോക്കുകളും വെടിക്കോപ്പുകളും ഒരു കത്തിയും കണ്ടെടുത്തു. വെടിവയ്പിനിടെ ആളുകൾ പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണത്തിന് ഇരയായവരിൽ നാലുപേർ സംഭവസ്ഥലത്തും രണ്ടു പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചതെന്ന് ആരേഗ്യമന്ത്രാലയം അറിയിച്ചു.
അതിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മിനി, ഇറ്റലി, ബെൽജിയം, പോളണ്ട് വിദേശകാര്യ മന്ത്രിമാർ ആക്രമണത്തെ അപലപിച്ചു.
ഭീകരാക്രമണമെന്ന് നെതന്യാഹു
ആക്രമണ സ്ഥലം സന്ദർശിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെൻജമിൻ നെതന്യാഹു സംഭവം ഭീകരാക്രമണമാണെന്നും ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം തുടരുകയാണെന്നും പറഞ്ഞു. ഭീകരരുടെ ഗ്രാമങ്ങളെ ഇസ്രയേൽ വളഞ്ഞിരിക്കുകയാണ്. നമ്മൾ വാഗ്ദാനം ചെയ്തതു പോലെ ഹമാസിനെ തുടച്ചുനീക്കുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ഗാസയിലെ നിലവിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിലും അധിനിവേശ വെസ്റ്റ് ബാങ്കിലും സമാനമായ ആക്രമണങ്ങൾ വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അതേസമയം, ഇസ്രയേൽ ഗാസയിൽ അടക്കം നടത്തുന്ന ആക്രമണങ്ങളോടുള്ള സ്വാഭാവിക പ്രതികരണം മാത്രമാണിതെന്ന് ഹമാസ് പ്രതികരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹമാസ് ഏറ്റെടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |