ന്യൂഡൽഹി: യു.എസ് ഉയർത്തിയ തീരുവ വ്യാപാര, നിക്ഷേപ മേഖലകളിൽ സൃഷ്‌ടിച്ച പ്രതിസന്ധി മറികടക്കാൻ ആഗോള കൂട്ടായ്‌മ അനിവാര്യമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. വീഡിയോ കോൺഫറൻസ് വഴി നടന്ന ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധ ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള അനിശ്ചിതത്വത്തിന്റെ സാഹചര്യത്തിൽ സാമ്പത്തിക, വാണിജ്യ ഇടപാടുകൾ ന്യായവും സുതാര്യവും എല്ലാവർക്കും പ്രയോജനകരവുമാകണം. തടസങ്ങൾ വ്യാപകമായതിനാൽ സ്ഥിരതയുള്ള വിതരണ ശൃംഖല സൃഷ്ടിക്കേണ്ടതുണ്ട്. ന്യായവും സുതാര്യവും പരസ്‌പരം പ്രയോജനകരവുമായ ഇടപാടുകൾ തടസങ്ങൾ മറികടക്കാൻ അനിവാര്യമാണ്.
ലോകത്തെ നിലവിലെ ആശങ്കപ്പെടുത്തുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥയെ സ്ഥിരപ്പെടുത്താൻ ബ്രിക്‌സിന് കഴിയണം. പല അന്താരാഷ്ട്ര സംവിധാനങ്ങളും പ്രതീക്ഷയ്‌ക്കൊത്ത് പ്രവർത്തിക്കുന്നില്ല. രാജ്യങ്ങൾ സന്തുലിതാവസ്ഥ നിലനിർത്താൻ ബുദ്ധിമുട്ടുന്നു. രാജ്യങ്ങൾ അവരുടെ സാമ്പത്തിക സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ആഗോള വ്യാപാരം, നിക്ഷേപം, വികസനം എന്നിവയിൽ സഹകരണം വർദ്ധിപ്പിക്കുകയും ചെയ്യണം. ഒപ്പം സംഘർഷം, സുരക്ഷാ എന്നീ വെല്ലുവിളികളിലും ശ്രദ്ധ ചെലുത്തണമെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ആതിഥേയത്വം വഹിച്ച വെർച്വൽ മീറ്റിംഗിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തുടങ്ങിയവർ പങ്കെടുത്തു.
യു.എസിനെ
വിമർശിച്ച് ഷീ
ഒരു രാജ്യം നടപ്പാക്കിയ വ്യാപാര, തീരുവ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ ഞെട്ടിക്കുകയും അന്താരാഷ്ട്ര വ്യാപാര നിയമങ്ങൾ അട്ടിമറിക്കുകയും ചെയ്തെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് പറഞ്ഞു. വികസ്വര രാജ്യങ്ങളുടെ പ്രതിനിധിയായ ഗ്ളോബൽ സൗത്ത് നേതാക്കൾ എന്ന നിലയിൽ, ബ്രിക്സ് അംഗങ്ങൾ സംയുക്തമായി നീക്കത്തെ പ്രതിരോധിക്കണം. ബ്രിക്‌സ് എന്ന വലിയ കപ്പൽ തീർച്ചയായും കൊടുങ്കാറ്റുകളെ മറികടക്കും. ആഗോള സഹകരണത്തിലൂടെ ന്യായയുക്തമായ ഒരു സംവിധാനം സ്ഥാപിക്കണം. ബ്രിക്‌സ് കൂട്ടായ്‌മയ്‌ക്ക് ബാഹ്യ വെല്ലുവിളികളെ നേരിടാനാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |